രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടെലികോം രംഗത്ത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്ക് ശക്തനായ എതിരാളിയായി വോഡഫോണ്‍-ഐഡിയ (വിഐ) മാറുമെന്ന് പ്രവചനം. അടുത്തിടെ ലഭിച്ച നിക്ഷേപത്തിന്റെ സഹായത്താല്‍ വിഐ വലിയ വളര്‍ച്ച നേടുമെന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ജെഫ്രീസാണ് പ്രവചിച്ചത്. ജിയോയും എയര്‍ടെല്ലും വിപണി വിഹിതം വര്‍ധിപ്പിക്കുമെങ്കിലും പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയുടെ വളര്‍ച്ച കുറയാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് നിരക്ക് വര്‍ധനയ്ക്ക് ജിയോ മുന്നിട്ടിറങ്ങിയതെന്നും ജെഫ്രീസ് പറയുന്നു. ജൂണിലെ ടെലികോം വരിക്കാരുടെ കണക്കുകള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടതിന് പിന്നാലെയാണ് ജെഫ്രീസിന്റെ പ്രവചനമെന്നും ശ്രദ്ധേയമാണ്.
ജൂണിലെ ടെലികോം വരിക്കാരുടെ എണ്ണം 0.16 ശതമാനം വര്‍ധിച്ച് 120.6 കോടിയിലെത്തിയിരുന്നു. കൂട്ടത്തില്‍ ജിയോയാണ് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തത് 19.1 ലക്ഷം വരിക്കാരെയാണ് ജിയോയ്ക്ക് പുതുതായി കിട്ടിയത്. എയര്‍ടെല്‍ 12.5 ലക്ഷം പേരെയും ലഭിച്ചു. എന്നാല്‍ വി.ഐയ്ക്ക് 8.6 ലക്ഷം പേരെയും ബി.എസ്.എന്‍.എല്ലിന് 7.45 ലക്ഷം പേരെയും നഷ്ടമായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആക്ടീവ് ഉപയോക്താക്കള്‍
ചില സമയങ്ങളില്‍ ഉപയോക്താക്കള്‍ പുതിയ സിം കാര്‍ഡ് വാങ്ങുമെങ്കിലും അധികം ഉപയോഗിക്കാറില്ല. ഇനാക്ടീവ് എന്ന ശ്രേണിയില്‍ ഉള്‍പ്പെടുത്തുന്ന ഇത്തരം ഉപയോക്താക്കളില്‍ നിന്നും കമ്പനികള്‍ക്ക് വലിയ വരുമാനം ലഭിക്കാറുമില്ല. വയര്‍ലെസ് കണക്ഷന്‍ എടുത്ത ആക്ടീവ് വരിക്കാരുടെ എണ്ണം ജൂണില്‍ 106.1 കോടിയാണ്. ആകെ വരിക്കാരുടെ 90.65 ശതമാനമാണിത്. ഇതിലും ജിയോ തന്നെയാണ് മുന്നില്‍, തൊട്ടുപിറകെ എയര്‍ടെല്ലുമുണ്ട്. വിഐയ്ക്ക് 27 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.
ജൂണിലെ കണക്കുകള്‍ പരിശോധിച്ചാല്‍ റിലയന്‍സ് ജിയോ തന്നെയാണ് വിപണിയിലെ താരമായി നിലനില്‍ക്കുന്നത്. ബ്രോഡ്ബാന്‍ഡ് സര്‍വീസുകളുടെ കാര്യത്തില്‍ എയര്‍ടെല്ലും നേട്ടമുണ്ടാക്കി. പല വിഭാഗങ്ങളിലും വിഐയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ വളര്‍ച്ച നിലനിര്‍ത്താനായത് മാത്രമാണ് വിഐക്ക് ആശ്വസിക്കാനുള്ളത്. അടുത്തിടെ നിക്ഷേപകരില്‍ നിന്നും 18,000 കോടി രൂപ സമാഹരിക്കാനായത് നേട്ടമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
Read DhanamOnline in English
Subscribe to Dhanam Magazine