News & Views

കോഹ്‌ലി പൈസയിറക്കിയിട്ടും രക്ഷയില്ല; ഫാഷൻ ബ്രാൻഡ് റോണിന് നഷ്ടം കുമിഞ്ഞു കൂടുന്നു!

രൂപീകൃതമായ ശേഷം 90 മില്യണ്‍ ഡോളര്‍ കമ്പനിക്ക് നിക്ഷേപമായി ലഭിച്ചു. ആദിത്യ ബിര്‍ല ഗ്രൂപ്പ്, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്

Dhanam News Desk

ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിക്ക് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ് ഫാഷന്‍ ബ്രാന്‍ഡാണ് റോൺ (wrogn). 2014ല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായി അഞ്ജനയും വിക്രം റെഡ്ഡിയും കൂടി ആരംഭിച്ചതാണ് ഈ ബ്രാന്‍ഡ്. കാഷ്വൽ വെയർ, ഫുട്‌വെയര്‍ ആക്‌സസറീസ് തുടങ്ങിയവ ഓണ്‍ലൈനായും ഓഫ്‌ലൈനായും കമ്പനി വില്ക്കുന്നുണ്ട്. എന്നാല്‍ സമീപകാലത്ത് വിൽപന കുറയുകയും നഷ്ടം പെരുകുകയുമാണ്.

2025 സാമ്പത്തികവര്‍ഷം നഷ്ടത്തില്‍ 32 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം 56.8 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെങ്കില്‍ ഇത്തവണയത് 75.5 കോടി രൂപയായി ഉയര്‍ന്നു. വരുമാനത്തിലും കാര്യമായ കുറവ് ഈ സാമ്പത്തിക വര്‍ഷം നേരിടേണ്ടി വന്നു. 2024 സാമ്പത്തികവര്‍ഷം 245.3 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ അത് 223.2 കോടി രൂപയായി കുറഞ്ഞു.

വരുമാനം കുറയുന്നു, നഷ്ടം കൂടുന്നു

2024ല്‍ തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 29 ശതമാനം വില്പന ഇടിഞ്ഞിരുന്നു. ആകെ വരുമാനം 265.7 കോടി രൂപയില്‍ നിന്ന് 232.3 കോടി രൂപയായിട്ടാണ് താഴ്ന്നത്.

വരുമാനം കുറഞ്ഞെങ്കിലും ആകെ ചെലവ് ഉയരുകയാണുണ്ടായത്. 306.4 കോടി രൂപയില്‍ നിന്ന് രണ്ട് ശതമാനം വര്‍ധിച്ച് 312.6 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വര്‍ധനയും ജീവനക്കാരുടെ ശമ്പളം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും വര്‍ധിച്ചതാണ് ചെലവില്‍ പ്രതിഫലിച്ചത്.

2025 മാര്‍ച്ച് വരെയുള്ള കമ്പനിയുടെ സഞ്ചിത നഷ്ടം 709 കോടി രൂപയായി. രൂപീകൃതമായ ശേഷം 90 മില്യണ്‍ ഡോളര്‍ കമ്പനിക്ക് നിക്ഷേപമായി ലഭിച്ചു. ആദിത്യ ബിര്‍ല ഗ്രൂപ്പ്, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Virat Kohli-backed fashion brand Wrogn suffers increased losses as revenue drops and expenses rise

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT