News & Views

ബ്രാന്‍ഡ് മൂല്യത്തില്‍ കോഹ്‌ലി തന്നെ മുമ്പന്‍! കുതിച്ചുകയറി രശ്മിക; സഞ്ജുവിന് പട്ടികയില്‍ ഇടമുണ്ടോ?

കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന അക്ഷയ് കുമാര്‍ പുതിയ ലിസ്റ്റില്‍ ആറാംസ്ഥാനത്തേക്ക് പോയി. മൊത്തം ബ്രാന്‍ഡ് മൂല്യത്തില്‍ മൂന്നു ശതമാനത്തോളം കുറവാണ് സംഭവിച്ചത്

Dhanam News Desk

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്‌പോര്‍ട്‌സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്‌പോര്‍ട്‌സില്‍ തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന്‍ വിരാട് കോഹ്‌ലിയാണ്.

അന്താരാഷ്ട്ര ട്വന്റി-20യില്‍ നിന്ന് വിരമിച്ചെങ്കിലും വിരാടിന്റെ മൂല്യം കൂടുകയാണ് ചെയ്തത്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധനയാണ് താരത്തിന്റെ മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോള്‍ ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. അദ്ദേഹത്തിന്റെ മൂല്യം 170.7 മില്യണ്‍ ഡോളറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. അടുത്തിറങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റാകാത്തതാണ് താരത്തിന് വിനയായത്. പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന്‍ ആണ്. 145.7 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു പേരായിരുന്നു ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന അക്ഷയ് കുമാര്‍ പുതിയ ലിസ്റ്റില്‍ ആറാംസ്ഥാനത്തേക്ക് പോയി. മൊത്തം ബ്രാന്‍ഡ് മൂല്യത്തില്‍ മൂന്നു ശതമാനത്തോളം കുറവാണ് സംഭവിച്ചത്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതും വലിയ ഹിറ്റുകള്‍ സംഭവിക്കാത്തതുമാണ് രണ്‍ബീറിനും അക്ഷയ് കുമാറിനും തിരിച്ചടിയാകുന്നത്.

25ല്‍ 9 വനിതകള്‍

ബ്രാന്‍ഡ് മൂല്യത്തില്‍ വനിതകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 25 പേരുടെ ലിസ്റ്റില്‍ ഒന്‍പത് പേര്‍ വനിതകളാണ്. മുന്‍വര്‍ഷം വനിതകളുടെ എണ്ണം എട്ടായിരുന്നു. ആദ്യ പത്തു പേരുടെ പട്ടികയെടുത്താല്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് (നാലാംസ്ഥാനം), ദീപിക പാദുക്കോണ്‍ (ഏഴാംസ്ഥാനം) എന്നിവര്‍ ഇടംപിടിച്ചു.

കഴിഞ്ഞ വര്‍ഷം ഇരുപതാം സ്ഥാനത്തായിരുന്ന നടി രശ്മിക മന്ദാന 58.9 മില്യണ്‍ ഡോളര്‍ മൂല്യവുമായി പതിനഞ്ചാം സ്ഥാനത്താണ്. തമന്ന ഭാട്ടിയ 40.4 മില്യണ്‍ ഡോളറോടെ 28ല്‍ നിന്ന് 21ലേക്ക് കുതിച്ചു. കഴിഞ്ഞ വട്ടം 41ലായിരുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ഇത്തവണ വലിയ കുതിപ്പാണ് നടത്തിയത്. 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22ലേക്ക് ബുംറ എത്തി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മലയാളി താരം സഞ്ജു സാംസണിന് ആദ്യ 50ല്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. ആഗോള ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ മുഖംകാണിക്കാത്തതാണ് ബ്രാന്‍ഡ് മൂല്യം ഉയരാത്തതിന് കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT