Image by Canva 
News & Views

യു.കെയില്‍ ഇനി ടൂറിസ്റ്റായി വന്നും ജോലി ചെയ്യാം; നിബന്ധനകള്‍ ഇങ്ങനെ

ആശ്രിതരെ കൊണ്ടുവരാന്‍ വിലക്ക്

Dhanam News Desk

വിസിറ്റിംഗ് വീസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് തൊഴിലെടുക്കാനും അവസരം നല്‍കാനൊരുങ്ങി യു.കെ. ഇതിനായി വീസ നിയമങ്ങളില്‍ ഉടന്‍ മാറ്റം വരുത്തിയേക്കും. യു.കെയിലേക്ക് ടൂറിസ് വീസയിലെത്തുന്ന വ്യക്തികള്‍ക്ക് ബിസിനസ് ക്ലയന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും വിദൂര ജോലി (റിമോട്ട് വര്‍ക്ക്) ചെയ്യാനും അനുവദിക്കുന്ന വിധത്തിലാണ് മാറ്റം വരുത്തുക. ഇത് രാജ്യത്തെ ടൂറിസവും ബിസിനസും മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

വിസിറ്റര്‍ വീസകളില്‍ വലിയ മാറ്റം വരുത്തികൊണ്ടുള്ള ഇമിഗ്രേഷന്‍ നിയമങ്ങള്‍ യു.കെ സര്‍ക്കാര്‍ പുറത്തുവിട്ടുണ്ട്. ജനുവരി 31 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ബിസിനസ് സന്ദര്‍ശക നിയമങ്ങള്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം ചാന്‍സലര്‍ ഓഫ് ദി എക്‌സ്‌ചെക്കര്‍ ജെറമി ഹണ്ട് വ്യക്തമാക്കിയിരുന്നു.

നിയമങ്ങള്‍ ഇങ്ങനെ

*സന്ദര്‍ശകര്‍ക്ക് യു.കെയില്‍ ജോലി ചെയ്യാം, എന്നാല്‍ അങ്ങോട്ട് എത്താനുള്ള പ്രധാന കാരണം അതാകരുത്.

*ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് യു.കെയില്‍ ഗവേഷണങ്ങള്‍ നടത്താം. എന്നാല്‍ 12 മാസത്തെ വിസിറ്റ് വിസയിലെത്തുന്നവര്‍ക്കും രാജ്യത്ത് വച്ച് വീസ ദീര്‍ഘിപ്പിക്കുന്നവര്‍ക്കും ഇത് സാധിക്കില്ല.

* രാജ്യത്ത് എത്തുന്ന അഭിഭാഷകര്‍ക്ക് ഉപദേശങ്ങള്‍ നല്‍കല്‍, നിയമ നടപടികളില്‍ പങ്കെടുക്കല്‍, പഠിപ്പിക്കല്‍ പോലുള്ള അധിക പ്രവൃത്തികളിലേര്‍പ്പെടാം. അതേ പോലെ സന്ദര്‍ശക വീസയിലെത്തുന്ന പ്രാസംഗികര്‍ക്ക് അവര്‍ നടത്തുന്ന പരിപാടികള്‍ക്ക് പണം ഈടാക്കാനാകും.

ആശ്രിത വിലക്ക് പ്രാബല്യത്തില്‍

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കായി യു.കെയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ ഒപ്പം കൂട്ടുന്നതിനുള്ള നിയന്ത്രണം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലായി. രാജ്യത്തേക്കുള്ള കുടിയേറ്റം കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഇനി മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് പ്രോഗ്രാമുകള്‍ ചെയ്യാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആശ്രിത വീസയില്‍ കുടുംബാംഗങ്ങളെബ്രിട്ടനിലെത്തിക്കാനാകൂ. മാത്രമല്ല പഠനം പൂര്‍ത്തിയാകാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സ്റ്റുഡന്റ് വീസയില്‍ നിന്ന് വര്‍ക്ക് വീസയിലേക്ക് മാറാനുമാകില്ല. പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നേടാന്‍ നിലവിലുള്ള നിബന്ധനകള്‍ക്ക് മാറ്റമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT