വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കൊച്ചി തുറമുഖത്തിന്റെ സാധ്യതകളെ ബാധിക്കുമെന്ന വാദം ശരിയല്ലെന്ന് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എന്‍.രാമചന്ദ്രന്‍. വലിയ മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ പറ്റുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞം. അതുകൊണ്ട് കൊച്ചി പോലുള്ള തുറമുഖങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്ന് കരുതുന്നില്ല. ഇടത്തരം കപ്പലുകളെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള തുറമുഖങ്ങള്‍ ഇനിയും ആവശ്യമാണെന്നും അദ്ദേഹം ധനം ഓണ്‍ലൈനോട് പറഞ്ഞു.
കൊച്ചി പോര്‍ട്ട് അതോറ്റിയിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന 'ദി നോട്‌സ് ഫ്രം വെല്ലിംഗ്ടണ്‍ ഐലന്റ്' എന്ന പുസ്തകത്തിന്റെ പ്രകാശത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍.രാമചന്ദ്രന്‍. പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കൊണാര്‍ക്ക് പബ്‌ളിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ.പി.ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
കൊച്ചി തുറമുഖത്തെ തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചതായും അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയവരില്‍ ഒരാള്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്. തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെയും മന്ത്രി പി.കെ ഗുരുദാസനെയും അദ്ദേഹം ചുമതലപ്പെടുത്തി. ഇരുവരും ആറ് മാസത്തോളം കൊച്ചി തുറമുഖത്തില്‍ സ്ഥിരമായി എത്തി തൊഴിലാളികളുമായി ചര്‍ച്ചകള്‍ നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, വിവിധ ഉദ്യോഗസ്ഥർ എന്നിവരും മികച്ച പിന്തുണ നല്‍കിയതായും അദ്ദേഹം ഓര്‍ക്കുന്നു. ഇതെല്ലാം പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ കടല്‍ത്തീരമുള്ള കേരളം സമുദ്ര ഗതാഗതത്തില്‍ മറ്റ് രാജ്യങ്ങളെ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ സമുദ്ര ഗതാഗതത്തിന് വലിയ ജനപിന്തുണയുണ്ട്. യാത്ര, ചരക്ക് ഗതാഗതത്തിനും റോ-റോ മാതൃകയിലും സമുദ്ര ഗതാഗതത്തെ പ്രയോജനപ്പെടുത്താവുന്നതാണ്. ഉള്‍നാടന്‍ ജലപാതയും സമുദ്രപാതയും ചേര്‍ത്തുള്ള മാതൃകയാണ് വേണ്ടത്. ഇതിലൂടെ ഗതാഗത ചെലവും റോഡിലെ തിരക്കും കുറക്കാന്‍ കഴിയും. കപ്പല്‍ നിര്‍മാണം പോലുള്ള മേഖലകളില്‍ ചൈനീസ് മാതൃക മികച്ചതാണ്. ഈ രംഗത്തേക്ക് ഇറങ്ങുന്ന കമ്പനികള്‍ക്ക് തുടക്കകാലത്തില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Former Cochin Port Trust chairman N. Ramachandran says Vizhinjam’s transshipment hub will not reduce Kochi Port’s relevance. Political backing helped resolve union issues, he recalls in his new book.
Read DhanamOnline in English
Subscribe to Dhanam Magazine