എം.എസ്.സി ഐറീന തീരമടുക്കുന്നു VISIT Media
News & Views

വിഴിഞ്ഞത്ത് കപ്പല്‍ എത്തി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഇതിനകം തീരമണഞ്ഞത് 392 കപ്പലുകള്‍, 23 അതിഭീമന്മാര്‍; ഉടന്‍ തുടങ്ങുകയാണ് ₹10,000 കോടിയുടെ പദ്ധതി

ഇതുവരെ 8.3 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കൂറ്റന്‍ കപ്പലുകള്‍ അടുക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം. 2024 ജൂലൈ 11നാണ് വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ബെര്‍ത്ത് ചെയ്തത്. ഡിസംബറില്‍ വാണിജ്യ പ്രവര്‍ത്തനം തുടങ്ങിയ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇക്കൊല്ലം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. 8,686 കോടി രൂപ ചെലവിട്ടാണ് തുറമുഖത്തിന്റെ ആദ്യ ഘട്ടം നിര്‍മിച്ചത്. ഇതില്‍ 5,370 കോടി സംസ്ഥാനവും 2,497 കോടി അദാനി ഗ്രൂപ്പും 818 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് വഴി കേന്ദ്രസര്‍ക്കാരുമാണ് വഹിച്ചിരിക്കുന്നത്.

392 കപ്പലുകള്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തുറമുഖത്തെത്തിയത് 392 കപ്പലുകളാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.എസ്.സി ഐറിന ഉള്‍പ്പെടെ 23 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. ഐറിന ഉള്‍പ്പെടെ പല കപ്പലുകളും ഇന്ത്യയില്‍ ആദ്യമായാണ് ബെര്‍ത്ത് ചെയ്തത്. ഇതുവരെ 8.3 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യ മാസങ്ങളില്‍ തന്നെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം നടത്തിയ ലോകത്തെ അപൂര്‍വം പോര്‍ട്ടുകളിലൊന്നായി വിഴിഞ്ഞം മാറിയതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഓട്ടോമേഷന്‍, എ.ഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തുറമുഖം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കാനുമായെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

10,000 കോടിയുടെ പദ്ധതി ഉടന്‍

കഴിഞ്ഞ 4 മാസമായി ഇന്ത്യയിലെ തെക്ക്-കിഴക്കന്‍ തീരത്തെ തുറമുഖങ്ങളില്‍ ചരക്കുനീക്കത്തില്‍ മുന്നിലെത്താനും വിഴിഞ്ഞത്തിനായി.തുറമുഖ പ്രദേശത്തെ വനിതകളെ പരിശീലിപ്പിച്ച് രാജ്യത്തെ ആദ്യ വനിതാ ഓട്ടമേറ്റഡ് ക്രെയിന്‍ ഓപ്പറേറ്റര്‍മാരാക്കിയത് വലിയ വാര്‍ത്തയായിരുന്നു. 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. 2028ല്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്ന ഇതിനുള്ള മുഴുവന്‍ ചെലവും അദാനിയാണ് വഹിക്കുന്നത്. തുറമുഖം പൂര്‍ണ സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരുമാനമെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

Vizhinjam International Port marks one year since the berthing of its first ship, celebrating operational and strategic milestones.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT