വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നു Facebook/Vizhinjam International Seaport Limited
News & Views

വികസന കവാടം തുറന്ന് വിഴിഞ്ഞം! പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ സര്‍ക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിച്ചത് വലിയ മാറ്റമെന്ന്‌ മോദി

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം തുറമുഖം കേരളത്തിന് പുതിയ സാമ്പത്തിക അവസരങ്ങള്‍ തുറക്കുമെന്ന് മോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സമുദ്ര ഗതാഗത - തുറമുഖ രംഗത്തും വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ചിലരുടെ ഉറക്കം കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ നിക്ഷേപം

രാജ്യത്തിന്റെ വികസനത്തില്‍ സ്വകാര്യ വ്യക്തികളുടെ നിക്ഷേപം വലിയ മാറ്റങ്ങള്‍ വരുത്തിയതായും മോദി പറഞ്ഞു. ആമുഖ പ്രസംഗത്തില്‍ തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ സര്‍ക്കാരിന്റെ പങ്കാളി എന്നാണ് വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് മന്ത്രി സ്വകാര്യ മേഖലയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത് പുതിയ ഇന്ത്യയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജി-20 യോഗത്തില്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി സ്ഥാപിക്കാനുള്ള ധാരണയായിട്ടുണ്ട്. കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാവി കവാടം തുറക്കുമെന്ന് മുഖ്യമന്ത്രി

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ പ്രകാരം 2045ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാടിന് സമര്‍പ്പിക്കുന്നത്. 2028ല്‍ തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതി സാധ്യമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ലെന്നും ഭാവി വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നല്‍കുന്നത്. നിരവധി പ്രതിസന്ധികളുണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പദ്ധതി സാധ്യമാക്കി.

1996ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് ഇവിയെ യാഥാര്‍ത്ഥ്യമാകുന്നത്. 2015 ല്‍ ഒരു കരാറുണ്ടായി. വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. തുടര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. സ്ഥാപിത താല്‍പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചാണ് പദ്ധതി സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തുകൊണ്ട് വിഴിഞ്ഞം?

വമ്പന്‍ മദര്‍ഷിപ്പുകള്‍ക്ക് അടുക്കാവുന്ന തരത്തില്‍ 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ള ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം പറഞ്ഞു. നിലവില്‍ കൊളംബോ, ദുബൈയിലെ ജെബല്‍ അലി, സിംഗപ്പൂര്‍ എന്നീ തുറമുഖങ്ങളിലെത്തുന്ന മദര്‍ഷിപ്പുകളില്‍ നിന്ന് ഫീഡര്‍ കപ്പലുകളിലാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം നടക്കുന്നത്. അതായത് ഇന്ത്യയില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ ഈ മൂന്ന് തുറമുഖങ്ങളില്‍ ഒന്നില്‍ എത്തിച്ച ശേഷമേ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കൂ. ഇനി മുതല്‍ ഈ കാലതാമസം ഒഴിവാക്കി നേരിട്ട് കണ്ടെയ്നറുകള്‍ കയറ്റി അയക്കാനും ഇറക്കുമതി ചെയ്യാനും സാധിക്കും.

285 കപ്പലുകള്‍, അഞ്ചരക്ഷത്തിലധികം കണ്ടെയ്നറുകള്‍

ട്രയല്‍ റണ്‍ ആരംഭിച്ചതിന് ശേഷം വിഴിഞ്ഞത്ത് 285 കപ്പലുകള്‍ വന്ന് മടങ്ങി. 2024 ഡിസംബറില്‍ വാണിജ്യ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ഇത്രയും കപ്പലുകളെത്തിയത് പുതിയ തുറമുഖത്തെ സംബന്ധിച്ച അഭിമാനിക്കാവുന്ന നേട്ടം. 5.93 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ആദ്യഘട്ടത്തില്‍ 10 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയിലാണ് തുറമുഖത്തിന്റെ നിര്‍മാണം. ഭാവിയില്‍ പ്രതിവര്‍ഷം 33 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാന്‍ തുറമുഖത്തിനാകുമെന്നാണ് പ്രതീക്ഷ.

വിഴിഞ്ഞം

  • മദര്‍ഷിപ്പുകള്‍ക്കും അള്‍ട്രാ ലാര്‍ജ് വെസലുകള്‍ക്കും അടുക്കാവുന്ന തരത്തില്‍ 18-20 മീറ്റര്‍ വരെ സ്വാഭാവിക ആഴം

  • ദക്ഷിണേന്ത്യയിലെ ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖം

  • അന്താരാഷ്ട്ര കപ്പല്‍പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരം

  • ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി തുര്‍ക്കിയെ അടുത്തിടെ തീരത്തെത്തി

  • മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജേഡ് സര്‍വീസിന്റെ ഭാഗം

ചെലവ് ഇങ്ങനെ

  • ഒന്നാം ഘട്ടത്തിന്റെ ആകെ ചെലവ് - 8,867 കോടി രൂപ

  • സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നത് - 5,595 കോടി രൂപ

  • അദാനി ഗ്രൂപ്പ് - 2,454

  • കേന്ദ്രസര്‍ക്കാര്‍ - 818 കോടി ( വയബിലിറ്റി ഗ്യാപ് ഫണ്ട്)

അടുത്ത ഘട്ടം 2028ല്‍

  • രണ്ടും മൂന്നും ഘട്ട നിര്‍മാണം ഉടന്‍ തുടങ്ങും

  • നിലവിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്ററാക്കും

  • അദാനി പോര്‍ട്സ് 10,000 കോടി രൂപയാണ് ഇതിന് നിക്ഷേപിക്കുന്നത്

  • ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും

  • 1,220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍

  • 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍, ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യം

  • കണ്ടെയ്നര്‍ സംഭരണ യാര്‍ഡ്

വിഴിഞ്ഞം അവസരങ്ങളുടെ കടല്‍ തുറക്കും

തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വമ്പന്‍ കമ്പനികളുടെ ലോജിസ്റ്റിക് ഹബ്ബുകള്‍, മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍, ഫുഡ് പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖല എന്നിവ വിഴിഞ്ഞത്ത് തമ്പടിക്കും. ലോകത്തെ വന്‍കിട ഷിപ്പിംഗ് കമ്പനികള്‍ ഇതിനോടകം വിഴിഞ്ഞത്തെത്തിയത് ഉദാഹരണം. ഇതോടെ നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മറ്റ് രാജ്യങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളെ സംഭാവന ചെയ്യുന്ന സംസ്ഥാനമെന്നതില്‍ നിന്നും രാജ്യത്തിന്റെ വ്യാപാരകേന്ദ്രമായി കേരളം മാറുമെന്നാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. ഇതോടൊപ്പം വലിയ രീതിയിലുള്ള നിക്ഷേപമെത്തുമെന്നും കരുതുന്നു.

Prime Minister Narendra Modi inaugurates the first phase of Vizhinjam International Seaport, marking India's entry into global transshipment.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT