വിഴിഞ്ഞം കോൺക്ലേവ് 2025 മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മന്ത്രി പി.രാജീവ്, ശശി തരൂർ എം.പി തുടങ്ങിയവർ വേദിയിൽ 
News & Views

ദുബായ്, കൊളംബോ തുറമുഖങ്ങളോട് മത്സരിക്കാന്‍ വിഴിഞ്ഞം! കേരളം ആഗോള വ്യവസായ ഹബ്ബാകും: മന്ത്രി കെ.എന്‍ ബാലഗോപാല്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് ശശി തരൂര്‍ എം.പി c

Dhanam News Desk

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യത്ത് മറ്റൊരിടത്തും അത്യാധുനിക സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് തുറമുഖമില്ല. ലോകത്ത് തന്നെ ആകെ 53 തുറമുഖങ്ങളാണ് ഓട്ടോമേറ്റഡായിട്ടുള്ളത്. ഏറ്റവും വലിയ മദര്‍വെസ്സലുകള്‍ക്കും അള്‍ട്രാ ലാര്‍ജ് കണ്ടെയ്നറുകള്‍ക്കും അനായാസം ഇവിടെ അടുക്കാം. പ്രകൃതിദത്തമായ 18-20  മീറ്റര്‍ ആഴം അതിന് സഹായകമാണ്. നിലവില്‍ ഒരു മില്യണ്‍ ടി.ഇ.യു ശേഷിയുള്ള വിഴിഞ്ഞം ഭാവിയില്‍ അതിന്റെ ശേഷി 6.2 ടിഇയു വരെ ഉയര്‍ത്തും. അതോടെ ദുബായ്, കൊളംബോ തുറമുഖങ്ങളോട് കിടപിടിക്കുമെന്നും ലോകത്തിലെ 15 ശതമാനം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന തരത്തില്‍ വിഴിഞ്ഞം വികസിക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥ

കേരളത്തിന് ആഗോള വ്യാപാരമേഖലയില്‍ വലിയ കണക്ടിവിറ്റി ഉണ്ടാക്കാന്‍ വിഴിഞ്ഞം സഹായിക്കും. ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രവേശനത്തിന് വിഴിഞ്ഞം ഉത്പ്രേരകമാകും. നാല് വിമാനത്താവളങ്ങളിലേക്കും രണ്ട് പ്രധാന തുറമുഖങ്ങളിലേക്കും 17 ചെറിയ തുറമുഖങ്ങളിലേക്കുമുള്ള കണക്ടിവിറ്റി വിഴിഞ്ഞത്തിന്റെ മാത്രം പ്രത്യേകതയാണ്. വിഴിഞ്ഞം ലോജിസ്റ്റിക്ക് പാര്‍ക്ക് കേരളത്തിന്റെ ഉത്പാദനക്ഷമത പരമാവധി ശേഷിയിലെത്തിച്ച് ആഗോള മാര്‍ക്കറ്റിലേക്കുള്ള വഴി തുറക്കും. ഇലക്ട്രോണിക്, എജിനീയറിംഗ്, ഭക്ഷ്യോത്പാദനം, ഹരിത ഹൈഡ്രജന്‍, ഹരിത അമോണിയ തുടങ്ങിയ മേഖലകളില്‍ നിക്ഷേപകര്‍ക്ക് ലോജിസ്റ്റിക്ക് പാര്‍ക്കില്‍ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിശാസ്ത്രപരമായി കേരളം കൊച്ചു സംസ്ഥാനമാണെങ്കിലും ആഗോള സുസ്ഥിര വികസന സൂചികയില്‍ മുന്നിലാണെന്ന് അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ, മേക്ക് ഇന്‍ കേരള എന്ന തരത്തിലാണ് കേരളം വളരുന്നത്. വിഴിഞ്ഞം ഇന്ത്യയുടെ പുതിയ കവാടമായി മാറുകയാണ്. കേരളത്തിന്റെ ഉയര്‍ന്ന വ്യാവസായികശേഷി നിക്ഷേപകരെ വലിയതോതില്‍ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം

നാലാം നൂറ്റാണ്ടില്‍ സംഘകാലഘട്ടത്തില്‍ വിഴിഞ്ഞത്ത് തുറമുഖം നിലനിന്നിരുന്നതായി ചരിത്രരേഖകളുണ്ടെന്നും 21-ാം നൂറ്റാണ്ടിലും വിഴിഞ്ഞം വികസനത്തിന്റെ തേരാളിയായി മാറുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ശശിതരൂര്‍ എം.പി പറഞ്ഞു. തുറമുഖമെന്നതിലുപരി വിഴിഞ്ഞത്തിന്റെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് മാത്രമല്ല, തമിഴ്നാടിനും വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ തനത് തദ്ദേശീയ ഉത്പന്നങ്ങള്‍ വിഴിഞ്ഞം വഴി ലോകവിപണിയില്‍ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, അദാനി പോര്‍ട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രണവ് ചൗധരി, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍ മീര്‍ മുഹമ്മദ്, വിസില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, എസ്ബിഐ സിജിഎം എ. ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡ്ട്രീസിന്റെ സഹകരണത്തോടെ കെ.എസ്.ഐ.ഡി.സിയാണ് രണ്ടുദിവസത്തെ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT