VISIL
News & Views

വിഴിഞ്ഞത്തിലൂടെ ഖജനാവിലെത്തിയത് ₹397 കോടി! ദുബൈയിലേക്ക് പോകുന്ന ₹1,800 കോടിയും ലാഭിക്കും, വലിയ മാറ്റം ഒരുവര്‍ഷത്തില്‍

പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരുമാനം, ഇതില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിലേക്ക് പോകുമെങ്കിലും ഒരു വിഹിതം സംസ്ഥാന സര്‍ക്കാരിനും ലഭിക്കും

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ചരക്കുനീക്കത്തില്‍ ജി.എസ്.ടി വരുമാനമായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 397 കോടി രൂപയെന്ന് കണക്കുകള്‍. കപ്പലിലെത്തിയ ചരക്കുകളുടെ ജി.എസ്.ടിയായി ഇതുവരെ ലഭിച്ചത് 49 കോടി രൂപയാണ്. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ 348 കോടി രൂപയും ലഭിച്ചു. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിലേക്ക് പോകുമെങ്കിലും ഒരു വിഹിതം സംസ്ഥാന സര്‍ക്കാരിനും ലഭിക്കും.

ചെലവുകള്‍ ഇങ്ങനെ

എല്ലാ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ 18,000 കോടി രൂപയോളമാണ് തുറമുഖത്തിന് ചെലവാകുന്നത്. ആദ്യഘട്ടത്തില്‍ 8,867.14 കോടി രൂപ. ഇതില്‍ 5,595.34 കോടി രൂപയും വയബിലിറ്റി ഗ്യാപ് ഫണ്ട് വിഹിതമായി 817.2 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ മുടക്കും. അദാനി ഗ്രൂപ്പിന്റെ നിക്ഷേപം 2,454 കോടി രൂപയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ കേന്ദ്രവിഹിതമായി 817.2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇത് തിരിച്ചടക്കേണ്ട വായ്പയായാണ് നല്‍കിയിരിക്കുന്നത്. മൂലധന നിക്ഷേപ വായ്പയായി 795 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ചെലവാകുന്ന 9,000 കോടി രൂപയും അദാനി ഗ്രൂപ്പാണ് നിക്ഷേപിക്കുന്നത്.

പ്രതിവര്‍ഷം ലാഭിക്കാനാവുക 1,800 കോടി

രാജ്യത്തെ കപ്പല്‍ ഗതാഗതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ശേഷിയുള്ള തുറമുഖമാണ് വിഴിഞ്ഞത്തേത്. പ്രതിവര്‍ഷം 220 മില്യന്‍ ഡോളര്‍ (ഏകദേശം 1,800 കോടി രൂപ) ഷിപ്പിംഗ് ഇനത്തില്‍ രാജ്യത്തിന് ലാഭമുണ്ടാക്കാനാകും. ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ആവശ്യങ്ങള്‍ മുഴുവനായി നിറവേറ്റാന്‍ വിഴിഞ്ഞത്തിനാകും. നിലവില്‍ കൊളംബോ, ജെബല്‍ അലി തുടങ്ങിയ തുറമുഖങ്ങളിലൂടെയാണ് ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റിന്റെ 75 ശതമാനവും നടക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലുള്ള കാലതാമസത്തിന് പുറമെ ഓരോ കണ്ടെയ്‌നറിലും 80 മുതല്‍ 100 ഡോളര്‍ വരെ അധികം ചെലവാകുകയും ചെയ്യും. വിഴിഞ്ഞത്ത് നിന്നും നേരിട്ട് ഇവ കയറ്റി അയക്കുമ്പോള്‍ ഈ തുക ഇന്ത്യക്ക് ലാഭിക്കാനാകും.

അടുത്ത വര്‍ഷം ആ വലിയ മാറ്റം

ഇന്ത്യയിലെ മുഴുവന്‍ ട്രാന്‍സ്ഷിപ്പ്‌മെന്റുകളും ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞത്ത് നിന്നും കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (എ.പി.എസ്.ഇ.ഇസഡ്) എം.ഡി കരണ്‍ അദാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് മികച്ച രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷം കാത്തിരിക്കൂ. ഇന്ത്യയിലെ മുഴുവന്‍ ട്രാന്‍സ്ഷിപ്പ്‌മെന്റും വിഴിഞ്ഞത്ത് നിന്നായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Vizhinjam Port in Kerala is set to save India $220 million annually by reducing reliance on foreign transshipment hubs and enhancing maritime trade efficiency.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT