വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ജി.എച്ച്.ടി മറീനാസ് എന്ന കപ്പല്‍  
News & Views

വിഴിഞ്ഞത്തെ ചരക്കുനീക്കത്തിന് ഇനി അതിവേഗം, കൂറ്റന്‍ ക്രെയിനുകളുമായി ചൈനീസ് കപ്പലെത്തി

ക്രെയിന്‍ ഇറക്കിയ ശേഷം കപ്പല്‍ നാളെയോടെ കൊളംബോ തീരത്തേക്ക് തിരിക്കും

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകളുമായി വീണ്ടുമൊരു കപ്പലെത്തി. ഹെവി ലിഫ്റ്റ് വെസല്‍ ഇനത്തില്‍ പെട്ട ജി.എച്ച്.ടി മറീനാസ് എന്ന കപ്പലാണ് തുറമുഖത്തിന് ആവശ്യമായ 24ാമത് സി.ആര്‍.എം.ജി (കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി) ക്രെയിനുകളുമായി കേരള തീരമടുത്തത്. ചൈനയിലെ ഷാംഗ്ഹായ് തുറമുഖത്ത് നിന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് കപ്പല്‍ യാത്ര തിരിച്ചത്. ക്രെയിന്‍ ഇറക്കിയ ശേഷം കപ്പല്‍ നാളെയോടെ കൊളംബോ തീരത്തേക്ക് തിരിക്കുമെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു.

ഇനി അതിവേഗം

രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ പോര്‍ട്ടായ വിഴിഞ്ഞം ചരക്കുനീക്കത്തില്‍ ഇതിനോടകം തന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്രെയിനടക്കം എട്ട് ഷിപ്പ് ടു ഷോര്‍ ക്വായ് ക്രെയിനുകളും 23 സി.ആര്‍.എം.ജി അല്ലെങ്കില്‍ യാര്‍ഡ് ക്രെയിനുകളുമാണ് പ്രധാനമായും വിഴിഞ്ഞത്തുള്ളത്. ലോകത്തെ കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്കടക്കം അടുക്കാന്‍ കഴിയുന്ന വിഴിഞ്ഞത്ത് ചരക്കുനീക്കം സുഗമമാക്കുന്നതിനാണ് ആധുനിക ക്രെയിന്‍ സംവിധാനം നടപ്പിലാക്കിയത്. സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ നിരവധി ജോലിക്കാരെ വച്ച് മണിക്കൂറുകളെടുത്താണ് പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ ആധുനിക രീതിയിലുള്ള ക്രെയിന്‍ സംവിധാനം നിലവില്‍ വന്നതോടെ കുറഞ്ഞ സമയത്തില്‍ ചരക്കു നീക്കം സാധ്യമായി. സ്വാഭാവിക ആഴം, അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്നത് തുടങ്ങിയവക്കൊപ്പം ആധുനിക ക്രെയിന്‍ സംവിധാനവും വിഴിഞ്ഞത്തിന്റെ പെരുമ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT