VISIL
News & Views

ഖജനാവിലെത്തിയത് ₹97 കോടി, വിഴിഞ്ഞം അടുത്ത ഘട്ടങ്ങള്‍ ജനുവരിയില്‍, ക്രൂസ് കപ്പലുകളെത്തിക്കാനും പ്ലാന്‍

മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുക

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ നിര്‍മാണം ജനുവരിയില്‍ തുടങ്ങും. തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയകരമായിരുന്നു. ലക്ഷ്യമിട്ടതിലും നാല് ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൂടുതലായി തുറമുഖത്തെത്തിയതായും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. യാത്രക്കാരുമായി ക്രൂസ് കപ്പലുകള്‍ വിഴിഞ്ഞത്തെത്തിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആലോചനയിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3നാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യ വര്‍ഷം 10 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകളും 14 ലക്ഷത്തോളം കണ്ടെയ്‌നറുകളുമാണ് തീരത്തെത്തിയത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തീരങ്ങളില്‍ മുന്‍പ് വന്നിട്ടില്ലാത്ത എം.എസ്.സി. ടര്‍ക്കി, എം.എസ്.സി. ഐറീന, എം.എസ്.സി. വെറോന ഉള്‍പ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു.

രണ്ടാം ഘട്ടം ഇങ്ങനെ

രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ച് 3,900ല്‍ പരം മീറ്ററാക്കി മാറ്റും. ജനുവരി രണ്ടാം വാരത്തില്‍ അടുത്ത ഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുക. പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028ല്‍ പൂര്‍ത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു.

താല്‍ക്കാലികമായി നിര്‍മ്മിച്ച അപ്രോച്ച് റോഡിന്റെ കണക്റ്റിവിറ്റി പണി പൂര്‍ത്തിയാക്കുകയും അതിന്റെ ഉദ്ഘാടനം ഉടന്‍ നടത്തുകയും ചെയ്യും. അതോടെ റോഡ് മാര്‍ഗമുള്ള ചരക്ക് ഗതാഗതത്തിന് തുടക്കമാകും. റെയില്‍വേ കണക്റ്റിവിറ്റിക്കായി 10.7 കിലോമീറ്റര്‍ റെയില്‍വേ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തുറമുഖത്തിന് അടുത്തിടെ ഐ.സി.പി. (ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ്) സ്റ്റാറ്റസ് ലഭിച്ചതോടെ ടൂറിസം രംഗത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുമായി ആലോചിച്ച് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. കൂടാതെ, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിവരുന്ന യാര്‍ഡ് സൗകര്യങ്ങള്‍ക്കും ഇന്‍സ്പെക്ഷനുമുള്ള സംവിധാനങ്ങള്‍ക്കുമായി 50 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

6,000 പേര്‍ക്ക് തൊഴില്‍

നികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് ഇതുവരെ 97 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ആയിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചിട്ടുണ്ട്. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ 6000-ത്തിലധികം പേര്‍ക്ക് നേരിട്ടും, ലോജിസ്റ്റിക്സ് സംവിധാനങ്ങളോടും അനുബന്ധ വ്യവസായങ്ങളോടും ബന്ധപ്പെട്ട് ആയിരക്കണക്കിന് പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

20 മീറ്റര്‍ ആഴം, അടിയില്‍ പാറയാണ്, അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരം എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ സൗകര്യങ്ങളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത. ദുബായിലോ സിംഗപ്പൂരിലോ കൊളംബോയിലോ ഒന്നും പോകാത്ത കപ്പലുകള്‍ ഇവിടെ വന്നിരിക്കുന്നു എന്നതും അഭിമാനകരമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Vizhinjam International Seaport has generated ₹97 crore in revenue so far. Construction of phases two, three and four will begin in January, with plans to attract cruise vessels

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT