VISIL
News & Views

വിഴിഞ്ഞം തുറമുഖത്തിന് പിന്നെയും റെക്കോഡ്, റോഡും റെയിലും വന്നാല്‍ ഇരട്ടി വേഗം, ഉദ്ഘാടനത്തിന് വീണ്ടും മോദിയെ ക്ഷണിക്കും

ലോകത്തെ പ്രധാന തുറമുഖങ്ങളെല്ലാം മാസങ്ങള്‍ കഴിഞ്ഞാലാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്

Dhanam News Desk

ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലധികം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് റെക്കോഡിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കഴിഞ്ഞ മാസം എത്തിയത് 1.08 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളാണ്. മാര്‍ച്ചില്‍ 51 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. ഡിസംബറില്‍ വാണിജ്യ പ്രവര്‍ത്തനം തുടങ്ങി നാല് മാസത്തിനുള്ളിലാണ് വിഴിഞ്ഞം തുറമുഖം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

നാല് മാസത്തിനിടെ 240ലധികം കപ്പലുകള്‍ തുറമുഖത്തെത്തിയിരുന്നു. ഇതിനിടയില്‍ 4.88 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ തുറമുഖത്ത് വന്നുപോയി. ലോകത്തെ പ്രധാന തുറമുഖങ്ങളെല്ലാം മാസങ്ങള്‍ കഴിഞ്ഞാലാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗവും കൃത്യമായ ആസൂത്രണവുമാണ് റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ വഴിയൊരുക്കിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

ഇരട്ടി വേഗത്തില്‍ കുതിക്കും

20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ വമ്പന്‍ മദര്‍ഷിപ്പുകള്‍ക്ക് വരെ അടുക്കാമെന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത. എന്നാല്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനാലും റെയില്‍-റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാകാത്തതിനാലും ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. കൂറ്റന്‍ കപ്പലുകളിലെത്തിക്കുന്ന കണ്ടെയ്‌നറുകള്‍ ചെറിയ ഫീഡര്‍ കപ്പലുകളിലേക്ക് മാറ്റുന്ന പ്രക്രിയയാണിത്. ആഭ്യന്തര ചരക്കുനീക്കം ഇതുവരെ തുറമുഖത്ത് ആരംഭിച്ചിട്ടില്ല. തുറമുഖത്ത് നിന്നും ദേശീയപാത 66ലേക്കുള്ള കണക്ടിവിറ്റി റോഡിന്റെ നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ടുപോവുകയാണ്.

ബാലരാമപുരം വരെ നീളുന്ന ഭൂഗര്‍ഭ റെയില്‍ പദ്ധതിയും കൃത്യസമയത്ത് തന്നെ തീരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പദ്ധതിയുടെ നിര്‍മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേക്ക് ആദ്യ ഗഡുവായ 96.2 കോടി രൂപ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ബാലരാമപുരം റെയില്‍വേ സ്റ്റേഷനില്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന് 243.08 കോടി രൂപയും ഭൂമിയേറ്റെടുക്കാന്‍ 170 കോടി രൂപ ജില്ലാ കളക്ടര്‍ക്കും കൈമാറിയിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി നബാര്‍ഡില്‍ നിന്നും വായ്പയെടുത്ത 2,100 കോടി രൂപയില്‍ നിന്നാണ് പണം കൈമാറിയത്. 1,482.92 കോടി രൂപ ചെലവാകുന്ന തുരങ്കപാത 45 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കും

അതേസമയം, തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഔദ്യോഗികമായി ക്ഷണിക്കും. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ കഴിയുന്ന മുറയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നാണ് വിവരം. തുറമുഖം കമ്മിഷന്‍ ചെയ്താല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന 817.8 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കൂ. ഈ മാസം തന്നെ ഉദ്ഘാടനം പ്രതീക്ഷിക്കാമെന്നാണ് അദാനി പോര്‍ട്‌സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT