image credit : VISIL 
News & Views

ഇനി വാണിജ്യ തുറമുഖം, ഖജനാവിലെത്തിയത് 16.5 കോടി, വിഴിഞ്ഞം കരുത്തില്‍ അദാനി പോര്‍ടിന്റെ ഓഹരികള്‍ക്ക് മുന്നേറ്റമെന്ന് പ്രവചനം

ജനുവരി ആദ്യം തന്നെ തുറമുഖത്തിന്റെ കമ്മിഷനിംഗ് നടക്കുമെന്നാണ് സൂചന

Dhanam News Desk

അഞ്ച് മാസം നീണ്ട ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി പൂര്‍ത്തിയായി. ട്രയല്‍ റണ്ണിന്റെ ഭാഗമായി അള്‍ട്രാ ലാര്‍ജ് മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 70 ചരക്ക് കപ്പലുകള്‍ എത്തുകയും 1.47 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സിപോര്‍ട്ട് ലിമിറ്റഡ്, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു. ഒന്നാം ഘട്ട നിര്‍മാണവും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതിന്റെ പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഖജനാവിലെത്തിയത് 16.5 കോടി

ഡിസംബര്‍ മൂന്ന് മുതല്‍ കൊമേഷ്യല്‍ ഓപ്പറേഷന് സജ്ജമായ വിഴിഞ്ഞം തുറമുഖം വഴി ജി.എസ്.ടി ഇനത്തില്‍ 16.5 കോടി രൂപ ലഭിച്ചു. ഇതില്‍ പകുതി തുക കേരളത്തിന് ലഭിക്കും. ഡിസംബറില്‍ കമ്മിഷനിംഗ് നടത്താന്‍ സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കാത്തിരിക്കുന്നതിനാലാണ് വൈകുന്നത് എന്നാണ് വിവരം. ജനുവരി ആദ്യവാരം തന്നെ കമ്മിഷനിംഗ് നടക്കുമെന്നാണ് സൂചനകള്‍. വിഴിഞ്ഞം തുറമുഖത്തെ ജേഡ് സര്‍വീസില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എം.എസ്.സി ആരംഭിച്ചിട്ടുണ്ട്. ജേഡ് സര്‍വീസ് വിഭാഗത്തില്‍ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം. ഇതോടെ കൂടുതല്‍ കപ്പലുകളെത്തുമെന്നും നികുതി വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

അദാനി ഓഹരികള്‍ക്ക് 'ബൈ' റേറ്റിംഗ്

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ച ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നുവാമ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരികള്‍ക്ക് 'ബൈ' റേറ്റിംഗ് നിലനിറുത്തി. കമ്പനിക്ക് 64 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ച നുവാമ ഓഹരിയുടെ ലക്ഷ്യവില 1,960 രൂപയായി ഉയര്‍ത്തി. 2030ല്‍ ഒരു ബില്യന്‍ ടണ്‍ കാര്‍ഗോ വിഴിഞ്ഞം തുറുമുഖം വഴി കൈകാര്യം ചെയ്യുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT