വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്കുനീക്കത്തിലൂടെ നേടിയ വരുമാനം 450 കോടി രൂപ പിന്നിട്ടു. വാണിജ്യ പ്രവര്‍ത്തനം തുടങ്ങി എട്ട് മാസങ്ങള്‍ക്കുള്ളിലാണ് തുറമുഖം ഈ നേട്ടം പിന്നിട്ടത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയത് 448 കപ്പലുകളാണെന്നും 9.77 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തതായും കണക്കുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ എം.എസ്.സി ഐറീന ഉള്‍പ്പെടെയുള്ള നിരവധി കപ്പലുകളും തീരമണഞ്ഞിരുന്നു. ഇതിലൂടെ ജി.എസ്.ടി ഇനത്തില്‍ ഏകദേശം 75 കോടി രൂപയുടെ വരുമാനം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതായാണ് കണക്കാക്കുന്നത്.
അതേസമയം, മുന്‍മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ചരക്കുനീക്കം കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. അടുത്തിടെ കേരള തീരത്തുണ്ടായ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങളാണോ ഇതിന് പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മെയ് മാസത്തില്‍ വിഴിഞ്ഞം കൈകാര്യം ചെയ്തത് 1.2 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളാണ്. ജൂണില്‍ ഇത് 99,976 ടി.ഇ.യു ആയി ചുരുങ്ങി. ജൂലൈയില്‍ കണ്ടെയ്‌നറുകളുടെ എണ്ണം 1.05 ലക്ഷമായി വര്‍ധിച്ചു. എന്നാല്‍ ഓഗസ്റ്റ് 17 വരെയുള്ള കണക്ക് പ്രകാരം തുറമുഖത്ത് എത്തിയത് 24 കപ്പലുകളാണ്. മാര്‍ച്ചില്‍ 51 കപ്പലുകള്‍ അടുത്തതായും കണക്കുകള്‍ പറയുന്നു. പ്രതികൂല കാലാവസ്ഥ അടക്കമുള്ള ഘടകങ്ങളാണ് ചരക്കുനീക്കത്തില്‍ തിരിച്ചടിയായതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ വര്‍ഷത്തില്‍ ലക്ഷ്യമിട്ട 10 ലക്ഷം ടി.ഇ.യു കണ്ടെയ്‌നര്‍ ലക്ഷ്യം ഓഗസ്റ്റില്‍ തന്നെ കൈവരിക്കുമെന്ന് വിഴിഞ്ഞം തുറമുഖ വൃത്തങ്ങളുടെ നിലപാട്.
കേരള തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) ചില കപ്പലുകള്‍ തടഞ്ഞിട്ടത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നാണ് വ്യവസായ ലോകം കരുതുന്നത്. മെയ് 25ന് കേരള തീരത്ത് എം.എസ്.സിയുട എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയിരുന്നു. ഇതില്‍ നഷ്ടപരിഹാരം ലഭിക്കാനായി എം.എസ്.എസിയുടെ അകിറ്റേറ്റ 2 എന്ന കപ്പല്‍ ജൂലൈയില്‍ തടഞ്ഞുവെച്ചു. 9,531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ എം.എസ്.സി കോടതിയെ സമീപിച്ചതോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് കിടക്കുകയാണ്. എം.എസ്.സി പലേര്‍മോ, എം.എസ്.സി മനാസ, എം.എസ്.സി പോളോ 2 എന്നീ കപ്പലുകളെയും തര്‍ക്ക വിഷയങ്ങളില്‍ തടഞ്ഞുവെച്ചു. വിഴിഞ്ഞം തുറമുഖത്ത് വെച്ച് തന്നെ ഈ കപ്പലുകളെ തടയാനുള്ള തീരുമാനം തെറ്റായ സന്ദേശമാണെന്ന് തുറമുഖ വൃത്തങ്ങളും ഉന്നയിക്കുന്നുണ്ട്. കപ്പല്‍ കമ്പനികളെ ക്ഷണിച്ചു വരുത്തിയ ശേഷം ഇത്തരം നടപടികളിലേക്ക് കടക്കുന്നത് ശരിയല്ലെന്ന വാദം വ്യവസായ പ്രമുഖരും ഉയര്‍ത്തുന്നു.
അതിനിടെ തുറമുഖവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി 1.83 കോടി രൂപയുടെ ഭരണാനുമതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി. തുറമുഖത്തിന് ചുറ്റും വ്യവസായ വളര്‍ച്ച ഉറപ്പുവരുത്തുന്ന വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കാനാണിത്. പ്രദേശത്തെ സമഗ്ര വികസനം ഉറപ്പുവരുത്തുന്ന പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരുവര്‍ഷം വേണ്ടി വരുമെന്നാണ് കരുതുന്നത്. വിഴിഞ്ഞത്തെ വ്യവസായ ഹബ്ബാക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍, കണ്ടെയ്‌നര്‍ യാര്‍ഡുകള്‍, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കും. ഇവക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി.
Read DhanamOnline in English
Subscribe to Dhanam Magazine