വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യാഴാഴ്ച ഏഴ് കപ്പലുകളെത്തും. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം കപ്പലുകളെത്തുന്നത്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ എം.എസ്.സി വിന്‍ഡ് 2, എം.എസ്.സി സൃഷ്ടി, എം.എസ്.സി മാനസ, എം.എസ്.സി ദിയ, എം.എസ്.സി യൂണിറ്റി, എം.എസ്.സി എം.വൈ.ഡി ഹാങ് ഷോയു, എം.എസ്.സി റോബര്‍ട്ട 5 എന്നീ കപ്പലുകളാണ് വ്യാഴായ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഒരേ സമയം രണ്ട് കപ്പലുകള്‍ക്കാണ് നിലവില്‍ തുറമുഖത്ത് ബെര്‍ത്ത് ചെയ്യാന്‍ കഴിയുക. പുറങ്കടലില്‍ നങ്കൂരമിട്ട് കാത്തിരിക്കുന്ന കപ്പലുകള്‍ ഊഴമനുസരിച്ച് തുറമുഖത്തെത്തി ചരക്കിറക്കി മടങ്ങും. ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വേഗത്തില്‍ ചരക്കിറക്കി മടങ്ങാമെന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത. മാര്‍ച്ച് അഞ്ചിന് അഞ്ച് കപ്പലുകളാണ് തുറമുഖത്ത് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് തുറമുഖ വൃത്തങ്ങള്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ ഏപ്രിലിന് മുമ്പ് തന്നെ ഉദ്ഘാടനം നടത്താനാണ് ആലോചിക്കുന്നത്.
അതേസമയം, വിഴിഞ്ഞം തുറമുഖത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കപ്പലുകള്‍ എത്തിയെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കുന്നു. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 150 ഓളം കപ്പലുകളാണ് തുറമുഖത്തെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. ജൂലൈയില്‍ ട്രയല്‍ റണ്‍ ആരംഭിക്കുമ്പോള്‍ ഒരുലക്ഷം ടി.ഇ.യു(ട്വന്റി - ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനായിരുന്നു പദ്ധതി. എന്നാലിത് 3 ലക്ഷം ടി.ഇ.യു കടന്നു. യൂറോപ്യന്‍-ഏഷ്യന്‍ തുറമുഖങ്ങളിലേക്കുള്ള സുപ്രധാന കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് വിഴിഞ്ഞം. മാര്‍ച്ച് മുതല്‍ ആഫ്രിക്കയില്‍ നിന്നുള്ള കപ്പലുകളും ഇവിടെയെത്തും.
Read DhanamOnline in English
Subscribe to Dhanam Magazine