https://ernakulam.nic.in/
News & Views

വിഴിഞ്ഞം വളരുമ്പോള്‍ വല്ലാര്‍പാടത്തിന് വിളര്‍ച്ചയോ? കണ്ടെയ്‌നര്‍ നീക്കം പകുതിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ അതിവേഗ വളർച്ചയെ തുടർന്ന് വല്ലാർപാടത്ത് കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് 50% വരെ കുറഞ്ഞു. മൊത്തം ചരക്ക് നീക്കത്തിലും ഇടിവ് രേഖപ്പെടുത്തി.

Dhanam News Desk

ദു​ബായ് ഡി.പി വേൾഡിന്റെ ചുമതലയിലുള്ള കൊച്ചിയിലെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ വഴിയുള്ള കണ്ടെയ്നർ ചരക്ക് നീക്കത്തിൽ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. വലിയ കപ്പലിൽ നിന്നും ചെറിയ കപ്പലിലേക്ക് കണ്ടെയ്നർ നീക്കം നടത്തുന്ന ട്രാൻസ്ഷിപ്പ്മെന്റ് വിഭാ​ഗത്തിൽ 50 ശതമാനം ഇടിവുണ്ടായെന്നാണ് 2025-26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പൂർണതോതിൽ പ്രവർത്തന സജ്ജമായ തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര ആഴക്കടൽ തുറമുഖത്തിന്റെ അതിവേ​ഗ വളർച്ചയാണ്, വല്ലാർപാടം തുറമുഖത്തിന് വെല്ലുവിളിയാകുന്നത്.

ചരക്ക് നീക്കത്തിന്റെ കണക്കുകൾ

2025-26 സാമ്പത്തിക വർഷത്തിൽ വല്ലാർപാടം തുറമുഖം വഴി കടത്തിയ ആകെ 20 ടി.ഇ.യു ശേഷിയിലുള്ള കണ്ടെയ്നറുകളുടെ എണ്ണം 7,67,948 ആണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 8,34,665 ആയിരുന്നു. അതായത് മൊത്തം കണ്ടെയ്നർ നീക്കത്തിൽ വാർഷികമായി 8% ഇടിവ് രേഖപ്പെടുത്തിയെന്ന് സാരം. അതേസമയം കപ്പലിൽ നിന്നും കപ്പിലേക്ക് നേരിട്ട് കണ്ടെയ്നർ നീക്കം നടത്തുന്ന ട്രാൻസ്ഷിപ്മെന്റ് വിഭാ​ഗത്തിൽ 85,912 കണ്ടെയ്നറുകളാണ് 2025-26 സാമ്പത്തിക വ‌ർഷത്തിൽ വല്ലാർപാടം തുറമുഖം കൈകാര്യം ചെയ്തത്. ഇത് 2024-25 സാമ്പത്തിക വർഷത്തിൽ 1,69,562 എണ്ണമായിരുന്നു കുറിച്ചത്. അതായത് 2025-26 സാമ്പത്തിക വർഷത്തിൽ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ നീക്കം 50 ശതമാനത്തോളം കുറ‍ഞ്ഞുവെന്ന് സാരം. വല്ലാർപാടം തുറമുഖത്ത് കൂടെ നടക്കുന്ന ആകെ കണ്ടെയ്നർ നീക്കത്തിൽ 11% മാത്രമാണ് ട്രാൻസ്ഷിപ്പ് വിഭാ​ഗത്തിലുള്ളത്.

വെല്ലുവിളിയായി വിഴിഞ്ഞം തുറമുഖം

വല്ലാർപാടം തുറമുഖം വഴിയുള്ള ട്രാൻസ്ഷിപ്പ് കണ്ടെയ്നർ നീക്കത്തിൽ ഇടിവുണ്ടാകുന്നതിനുള്ള മുഖ്യ ഘടകം അദാനി ​ഗ്രൂപ്പിന്റെ ചുമതലയിലുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിഴിഞ്ഞം തുറമുഖം 13 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ആദ്യഘട്ടം മാത്രം സജ്ജമാക്കിയ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനശേഷിയുടെ 130 ശതമാനം വിനിയോ​ഗമാണിത്. പ്രകൃതിദത്തമായി 20 മീറ്ററിലേറെ ആഴം ഉള്ളതിനാൽ വമ്പൻ മദർഷിപ്പുകൾക്കുപോലും (ULCV) സു​ഗമമായി വിഴിഞ്ഞത്തേക്ക് കടന്നുവരാൻ കഴിയുന്നതാണ് നേട്ടമാകുന്നത്. കൂടാതെ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എം.എസ്.സി.യുമായി കരാറിലെത്തിയതിനാലും വിഴിഞ്ഞത്ത് കണ്ടെയ്നർ ഇടമുറിയാതെ എത്തിച്ചേരുന്നുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT