facebook/Vizhinjam International Seaport Limited
News & Views

ഏത് കാലാവസ്ഥയിലും കപ്പലുകള്‍ സേഫ്, വിഴിഞ്ഞത്ത് ഷോര്‍ ടെന്‍ഷന്‍ സംവിധാനമെത്തുന്നു, ₹10,000 കോടിയുടെ പദ്ധതി ഓഗസ്റ്റില്‍, തുരങ്ക റെയില്‍ ജനുവരിയില്‍

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ വിഴിഞ്ഞം തുറമുഖം സാധ്യമാക്കിയത് വലിയ നേട്ടമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്

Dhanam News Desk

പ്രതികൂല കാലാവസ്ഥയിലും കപ്പലുകള്‍ സുഗമമായി കപ്പലുകള്‍ ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഷോര്‍ ടെന്‍ഷന്‍ സംവിധാനമൊരുക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നെതര്‍ലാന്റ്‌സില്‍ നിന്നും ഇത്തരമൊരു ഉപകരണം വാങ്ങാന്‍ വിഴിഞ്ഞം തുറമുഖ കമ്പനി തയ്യാറെടുക്കുകയാണ്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇവ തുറമുഖത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഷോര്‍ ടെന്‍ഷന്‍

പ്രതികൂല കാലാവസ്ഥയിലും കപ്പലുകളില്‍ നിന്നുള്ള ചരക്കുനീക്കം സുഗമമായി നടത്താനാണ് ഷോര്‍ ടെന്‍ഷന്‍ സംവിധാനം ഉപയോഗിക്കുന്നത്. സാധാരണയായി ബൊള്ളാര്‍ഡുകളില്‍ വടം കൊണ്ട് ബന്ധിച്ചാണ് കപ്പലുകളെ ബെര്‍ത്തുകളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ തിരയടിക്കുന്ന സമയത്തും മറ്റ് കപ്പലുകള്‍ അടുത്തുകൂടി പോകുമ്പോഴും അപ്രതീക്ഷിതമായി കപ്പല്‍ ഇളകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കപ്പലുകളെ ഹൈഡ്രോളിക് സംവിധാനമുപയോഗിച്ച് ബെര്‍ത്തുകളില്‍ തന്നെ നിലനിറുത്താന്‍ ഷോര്‍ ടെന്‍ഷന്‍ സംവിധാനം സഹായിക്കും. സുരക്ഷിതമായും വേഗത്തിലും ചരക്കുകള്‍ ഇറക്കി മടങ്ങാനും കപ്പലുകള്‍ക്കാകും. ഇതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

ചരക്കുനീക്കം ഇങ്ങനെ

ഡിസംബറില്‍ വാണിജ്യ പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള മാസങ്ങളില്‍ ഒരുലക്ഷത്തോളം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ തുറമുഖത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ജൂണില്‍ മണ്‍സൂണ്‍ തുടങ്ങിയതോടെ മുന്‍മാസത്തേക്കാള്‍ ചരക്കുനീക്കത്തില്‍ കുറവുണ്ടായി. ജൂണില്‍ 99,976 ടി.ഇ.യുവും മെയില്‍ 1.04 ലക്ഷം ടി.ഇ.യുവും കണ്ടെയ്‌നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. എന്നാല്‍ പ്രതിമാസം 85,000 ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാമെന്നാണ് കരാറിലെ വ്യവസ്ഥ. ജൂലൈ മാസത്തിലെ ചരക്കുനീക്കം ഒരുലക്ഷം ടി.ഇ.യു കടക്കുമെന്നാണ് തുറമുഖ അധികൃതരുടെ പ്രതീക്ഷ. ഒരു വര്‍ഷം 10 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിട്ടത്. തുടങ്ങി എട്ടുമാസത്തിനുള്ളില്‍ തന്നെ 8.3 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിനായി. എക്‌സിം കാര്‍ഗോ (കയറ്റുമതിയും ഇറക്കുമതിയും) കൂടി ആരംഭിക്കുന്നതോടെ ഈ കണക്കുകള്‍ പിന്നെയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

അടുത്തത് ഓഗസ്റ്റില്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റില്‍ വിപുലമായ പരിപാടികളോടെ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ വിഴിഞ്ഞം തുറമുഖം സാധ്യമാക്കിയത് വലിയ നേട്ടമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. യു.എസിലെ വിദഗ്ധ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചുവന്നതോടെ ഉദ്ഘാടന തീയതിലും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനൊപ്പം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ ഉദ്ഘാടനവും ഇതിനൊപ്പമുണ്ടാകുമെന്നാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എം.ഡി ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്ന രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് വേണ്ടി ചെലവാകുന്ന 10,000 കോടി രൂപ പൂര്‍ണമായും അദാനി ഗ്രൂപ്പാണ് മുടക്കുന്നത്.

തുരങ്ക റെയില്‍ നിര്‍മാണം ജനുവരിയില്‍

വിഴിഞ്ഞം തുറമുഖത്തേക്ക് ബാലരാമപുരത്ത് നിന്നുള്ള തുരങ്ക റെയില്‍പാതക്കുള്ള ടെണ്ടര്‍ നടപടികളും ഉടന്‍ തുടങ്ങുമെന്നാണ് വിവരം. വിദഗ്ധ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ കൊങ്കണ്‍ റെയില്‍വേ ഉടന്‍ ടെണ്ടര്‍ വിളിക്കും. നാലുമാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രാഥമിക ജോലികള്‍ക്ക് ശേഷം അടുത്ത ജനുവരിയില്‍ നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിര്‍മാണം പൂര്‍ത്തിയാകാന്‍ നാല് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. 10.7 കിലോമീറ്റര്‍ ദൂരത്തില്‍ ഒറ്റപ്പാത റെയില്‍വേ ലൈന്‍ സ്ഥാപിക്കാന്‍ 1,483.92 കോടി രൂപയാണ് ചെലവ്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ നീളം കൂടിയ മൂന്നാമത്തെ ഭൂഗര്‍ഭ റെയില്‍പാതയായിരിക്കും വിഴിഞ്ഞത്തേത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT