image credit : canva , VI 
News & Views

താഴ്ച്ചയില്‍ നിന്ന് ഒറ്റക്കുതിപ്പ്! ഉയര്‍ന്നത് 8 ശതമാനത്തോളം, വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ മുന്നേറാന്‍ കാരണമെന്ത്?

ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 57 ശതമാനത്തോളം ഇടിവ് നേരിട്ടതിന് പിന്നാലെയാണ് തിരിച്ചുവരവ്

Dhanam News Desk

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയുടെ ഓഹരികള്‍ തിങ്കളാഴ്ച മുന്നേറ്റത്തില്‍. 8 ശതമാനത്തോളം മുന്നേറിയ ഓഹരികള്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വൈകുന്നേരം മൂന്ന് മണിക്ക് 6.29 ശതമാനം നേട്ടത്തില്‍ ഓഹരിയൊന്നിന് 8.19 രൂപ എന്ന നിലയിലാണ് വ്യാപാരം. ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 57 ശതമാനത്തോളം ഇടിവ് നേരിട്ടതിന് പിന്നാലെയാണ് തിരിച്ചുവരവ്.

മുന്നേറ്റം എന്തുകൊണ്ട്?

അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) ഇനത്തില്‍ വന്‍ കുടിശിക വോഡഫോണ്‍ ഐഡിയ കേന്ദ്രസര്‍ക്കാരിന് നല്‍കാനുണ്ട്. കൂടാതെ 9,450 കോടി രൂപ അധികമായി അടക്കണമെന്നും ടെലകോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കമ്പനി സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കുമെന്ന വാര്‍ത്തകളാണ് ഓഹരികള്‍ക്ക് കുതിപ്പേകിയത്. എ.ജി.ആര്‍ കുടിശിക കണക്കാക്കിയതില്‍ പിശകുണ്ടെന്നും ഇത് സംബന്ധിച്ച സുപ്രീം കോടതിയുടെ 2019ലെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ് കേന്ദ്രനീക്കമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എ.ജി.ആര്‍ കുടിശിക നിശ്ചയിക്കാന്‍ 2017-18 സാമ്പത്തിക വര്‍ഷം മുതലുള്ള കണക്കുകളില്‍ പുനപരിശോധന നടത്തണമെന്നും റിട്ട് ഹര്‍ജിയില്‍ വി.ഐ ആവശ്യപ്പെടുന്നു.

എന്നാല്‍ നേരത്തെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധിക തുക അടക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ വിശദീകരണം. കണക്കുകളില്‍ പുനപരിശോധന നടത്തുകയോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. നേരത്തെ സമര്‍പ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചില പിഴവുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സുപ്രീം കോടതിയില്‍ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വോഡഫോണ്‍ ഐഡിയ ലയനത്തിന് മുമ്പുള്ള 2,774 കോടിയും ശേഷമുള്ള 5,675 കോടിയും അടക്കമാണിത്. സാമ്പത്തിക പ്രതിസന്ധിയും വരിക്കാരെ നഷ്ടമാകുന്നതും മൂലം പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ക്ക് കോടതി വിധി നിര്‍ണായകമാകും.

Vodafone Idea shares jumped sharply after reports that its AGR dues case will be heard on September 19. Heavy volume, government relief hopes, and investor speculation pushed the stock up over 25% this month.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT