News & Views

അഗ്‌നിപര്‍വത പുകയുടെ ഇംപാക്ട് ഡല്‍ഹിയിലും ഇങ്ങ് കണ്ണൂരിലും! ഇന്ത്യന്‍ ബിസിനസുകളെ ബാധിക്കുന്നത് ഇങ്ങനെയൊക്കെ...

എത്യോപ്യ, കെനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഐ.ടി, ഫാര്‍മ, വിദ്യാഭ്യാസ, വ്യാപാര കമ്പനികള്‍ നടത്തുന്നവര്‍ക്ക് യാത്ര തടസം ഉണ്ടാകും

Dhanam News Desk

അഗ്‌നിപര്‍വതം പൊട്ടിയത് എത്യോപ്യയില്‍. അതിന്റെ ചാരപ്പുക പറന്ന് ഡല്‍ഹിയില്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായി നില്‍ക്കുന്നതിനിടയിലാണ് ഡല്‍ഹിക്ക് അടുത്ത ഭീഷണി.

12,000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എത്യോപ്യയില്‍ അഫര്‍ മേഖലയില്‍ ഹയ്‌ലി അഗ്‌നിപര്‍വതം വീണ്ടും ഞായറാഴ്ച പുകഞ്ഞ് പൊട്ടിയത്. അതിന്റെ രൂക്ഷത എത്രയോളമെന്നു വെച്ചാല്‍ പുക ആകാശത്തേക്ക് ഉയര്‍ന്നത് 14 കിലോമീറ്ററോളം പൊക്കത്തില്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റില്‍ ചാരപടലം പറന്നു വീണത് ഇന്ത്യ അടക്കം പല രാജ്യങ്ങളില്‍.

വിമാന സര്‍വീസുകളെ ബാധിച്ചു

മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ചില ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. കണ്ണൂരില്‍ നിന്ന് അബൂദബിയിലേക്ക് പറന്ന 6ഇ 1433 ഇന്‍ഡിഗോ വിമാനം വഴിതിരിച്ച് അഹമ്മദാബാദില്‍ ഇറക്കി. ഇന്ത്യയില്‍ അഗ്‌നിപര്‍വത പുക ആദ്യമെത്തിയത് ഗുജറാത്തില്‍. അതു പിന്നെ രാജസ്ഥാനിലേക്കും ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കുമെത്തി. ഡല്‍ഹിയില്‍ കാര്യമായ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ന് രാത്രി ഏഴരയോടെ സ്ഥിതി മാറുമെന്ന് കാലാവസ്ഥ കേന്ദ്രം.

വോള്‍ക്കാനോ പുക ചെങ്കടല്‍ കടന്ന് യെമിനിലേക്കും ഒമാനിലേക്കും പിന്നെ അറേബ്യന്‍ കടലിനു മുകളിലൂടെ വടക്കേന്ത്യ വഴി ചൈനയിലേക്കും എത്തി എന്നോര്‍ക്കണം. അഗ്‌നിപര്‍വത പുകയും ചാരവും ബാധിക്കപ്പെട്ട മേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. എഞ്ചിന്‍ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനടി റിപ്പോര്‍ട്ടു ചെയ്യാനും നിര്‍ദേശം. ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ബിസിനസുകളെ ബാധിക്കുന്ന വിധം

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നീ മേഖലകളില്‍ നിന്നുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടിവരുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുന്നു. ഇത് ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഇടയില്ല. എന്നാല്‍ തല്‍ക്കാലത്തേക്കെങ്കിലും യാത്ര സമയം കൂട്ടും. ഈ റൂട്ടുകള്‍ ഉപയോഗപ്പെടുത്തുന്ന കയറ്റിറക്കുമതിക്കാര്‍ക്ക് ചരക്കുകടത്തു കൂലി കൂടും. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് സര്‍വീസ് റദ്ദാക്കേണ്ടി വരുന്നത് ബിസിനസ് ആവശ്യം അടക്കമുള്ള യാത്രാ പദ്ധതികളെ ബാധിക്കും. എത്യോപ്യ, കെനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഐ.ടി, ഫാര്‍മ, വിദ്യാഭ്യാസ, വ്യാപാര കമ്പനികള്‍ നടത്തുന്നവര്‍ക്ക് യാത്ര തടസം ഉണ്ടാകും.

കാപ്പി, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പൂക്കള്‍ എന്നിവയുടെ കേന്ദ്രമാണ് എത്യോപ്യയെന്നിരിക്കേ, വിതരണ തടസം ഇന്ത്യന്‍ ഭക്ഷ്യസംസ്‌കരണ, ചില്ലറ വ്യാപാര മേഖലയില്‍ ഉണ്ടാകാം. ചെങ്കടലിനു മേലെയുള്ള അഗ്‌നിപര്‍വത പുക വിമാന ഇന്ധന ഡിമാന്റ് കൂട്ടും. ആഫ്രിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്കാരുടെ പ്രധാന ചരക്കു കടത്തു വിമാന കമ്പനികളിലൊന്നാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. എത്യോപ്യയില്‍ നിന്ന് പല ഇന്ത്യന്‍ കമ്പനികളും പരുത്തിയും വസ്ത്രങ്ങളും കൊണ്ടുവരുന്നുണ്ട്. എത്യോപ്യയുടെ ജിബൂട്ടി തുറമുഖം ഇന്ത്യയുടെ പ്രമുഖ വ്യാപാര കണക്ഷനാണ്. ചാരവും പുകയും തുറമുഖ പ്ര്‌വര്‍ത്തനങ്ങളെ ബാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT