vw.com.br
News & Views

വില ₹10 ലക്ഷത്തില്‍ താഴെ! പോക്കറ്റിനിണങ്ങുന്ന കിടിലന്‍ എസ്.യു.വിയുമായി ഫോക്‌സ്‌വാഗണ്‍, ആദ്യം കിട്ടുക ഈ രാജ്യക്കാര്‍ക്ക്

ഇന്ത്യയിലെത്തിയാല്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യൂണ്ടായ് വെന്യൂ, കിയ സോണറ്റ്, കിയ സിറോസ്, മഹീന്ദ്ര എക്‌സ്.യു.വി 3എക്‌സ്ഒ എന്നിവരോടാകും ടെറയുടെ മത്സരം

Dhanam News Desk

എന്‍ട്രി ലെവല്‍ എസ്.യു.വി സെഗ്‌മെന്റില്‍ പുത്തന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍. ആഗോള വിപണിയിലെത്തിക്കുന്നതിന് മുമ്പ് ബ്രസീലിലാണ് വാഹനം അവതരിപ്പിച്ചത്. ടെറ എന്ന പേരില്‍ പോക്കറ്റിനിണങ്ങുന്ന വിലയിലാണ് വാഹനത്തിന്റെ വരവ്. പൂര്‍ണമായും ബ്രസീലില്‍ ഡിസൈന്‍ ചെയ്ത വാഹനത്തിന് 15-20 ലക്ഷം രൂപ വരെയാണ് ബ്രസീലില്‍ വിലയുണ്ടാവുക. ജനപ്രിയ മോഡലുകളായ പോളോയിലടക്കം ഉപയോഗിച്ചിരിക്കുന്ന എം.ക്യൂ.ബി എ0 പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം.

എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി സബ് 4 മീറ്റര്‍ ശ്രേണിയിലാകും ടെറ ലഭ്യമാകുന്നത്. ഇതോടെ വാഹനത്തിന്റെ വില 10 ലക്ഷത്തില്‍ താഴെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്ത സ്‌കോഡ കൈലാഖിനെ അടിസ്ഥാനമാക്കിയാകും ടെറ നിര്‍മിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ കൈലാഖിന്റെ വില തുടങ്ങുന്നത്. അങ്ങനെയെങ്കില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ടെറ ഇന്ത്യയില്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വാഹന ലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ വില സംബന്ധിച്ച് ഫോക്‌സ്‌വാഗണ്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ വിവരങ്ങള്‍ മാത്രമാണ് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എഞ്ചിന്‍ സ്‌പെസിഫിക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഡിസൈന്‍

ടിഗ്വാന്‍ അടക്കമുള്ള പുതിയ മോഡലുകളില്‍ ഫോക്‌സ്‌വാഗണ്‍ പരീക്ഷിച്ച പുത്തന്‍ ഡിസൈന്‍ ലാംഗ്വേജാണ് ടെറയിലുമുള്ളത്. എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളും ഡി.ആര്‍.എല്ലുകളുമുള്ള അഗ്രസീവ് ലുക്കിലുള്ള മുന്‍വശം വാഹനത്തിന് കിടിലന്‍ എസ്.യു.വി ലുക്ക് നല്‍കുന്നുണ്ട്. ഹണികോമ്പ് പാറ്റേണിലുള്ള മുന്‍വശത്തെ ഗ്രില്ല് ടെറയുടെ സ്‌പോര്‍ട്ടി ലുക്കും വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഫോഗ് ലാംപുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ഡിസൈനിലുള്ള റിയര്‍ വ്യൂ മിററുകളാണ് നല്‍കിയിരിക്കുന്നത്. എസ്.യു.വികള്‍ക്ക് ചേരുന്ന വിധത്തിലുള്ള ടെയില്‍ ലാംപുകളാണ് വാഹനത്തിന്റെ പിന്‍ഭാഗത്തുള്ളത്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ മികച്ച ഹാന്‍ഡ്‌ലിംഗും ഉറപ്പുവരുത്തുന്നു.

ഉള്ളിലെന്താ?

ഫോക്‌സ്‌വാഗന്റെ ഇലക്ട്രിക് മോഡലായ ഐഡി ഫോറുമായി സാമ്യത തോന്നുന്ന കിടിലന്‍ ഡിസൈനിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 10 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫോക്‌സ്‌വാഗണ്‍ പ്ലേ കണക്ട് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, അഡാസ് എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏത് എഞ്ചിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനായിരിക്കും ഉപയോഗിക്കുക. ഇന്ത്യയിലെത്തുമ്പോള്‍ കൈലാഖിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും നല്‍കുക. ഇന്ത്യയില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യൂണ്ടായ് വെന്യൂ, കിയ സോണറ്റ്, കിയ സിറോസ്, മഹീന്ദ്ര എക്‌സ്.യു.വി 3എക്‌സ്ഒ എന്നിവരോടാകും ടെറയുടെ ഏറ്റമുട്ടല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT