News & Views

ഫണ്ട് സമാഹരിക്കാന്‍ വേണ്ടിയല്ല ഈ പങ്കാളിത്തം, അഞ്ച് വര്‍ഷത്തെ പ്ലാനിംഗ് നടത്തിയിട്ടുണ്ട്; മണപ്പുറം ഫിനാന്‍സ്-ബെയ്ന്‍ ക്യാപിറ്റല്‍ പങ്കാളിത്തത്തില്‍ നന്ദകുമാര്‍ മനസ് തുറക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണപ്പണയ വായ്പാ കമ്പനിയുമായ മണപ്പുറം ഫിനാന്‍സ് എന്തുകൊണ്ട് അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ന്‍ ക്യാപിറ്റലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു?

Dhanam News Desk

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണപ്പണയ വായ്പാ കമ്പനിയുമായ മണപ്പുറം ഫിനാന്‍സ് എന്തുകൊണ്ട് അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ന്‍ ക്യാപിറ്റലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു? സാരഥി വി.പി നന്ദകുമാര്‍ മനസ് തുറക്കുന്നു

സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ഒട്ടനവധി പുതുമകള്‍ അവതരിപ്പിച്ച് മുമ്പേ നടന്നവരാണ് തൃശൂര്‍ ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സ്. 1995ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മണപ്പുറം ഫിനാന്‍സ് ലിസ്റ്റിംഗ് നടത്തിയപ്പോള്‍ പുതുചരിത്രം പിറക്കുകയായിരുന്നു. ആദ്യമായിട്ടായിരുന്നു സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ഒരു എന്‍ബിഎഫ്‌സി ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നത്. പിന്നീട് 2007ല്‍ വിദേശ നിക്ഷേപക സ്ഥാപനത്തില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്ന ആദ്യ കേരള എന്‍ബിഎഫ്സിയായും മണപ്പുറം മാറി.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ICRAയുടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് A1+ നേടിയ ആദ്യ കേരള എന്‍ബിഎഫ്സി, മിഡില്‍-സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ളവര്‍ക്ക് എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ESOP) പ്രഖ്യാപിച്ച ആദ്യ കേരള എന്‍ബിഎഫ്സി എന്നിങ്ങനെ ഒട്ടേറെ ഫസ്റ്റുകള്‍ സ്വന്തം പേരിലുള്ള മണപ്പുറം ഫിനാന്‍സ് അടുത്തിടെ വാര്‍ത്തകളില്‍ ഇടംനേടിയത് അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി കമ്പനി യായ ബെയ്ന്‍ ക്യാപിറ്റലുമായുള്ള പങ്കാളിത്തം കൊണ്ടാണ്. എന്തുകൊണ്ട് ഇത്തരമൊരു പങ്കാളിത്തത്തിലേര്‍പ്പെട്ടു? മണപ്പുറം ഫിനാന്‍സിന്റെ സാരഥ്യത്തില്‍ ഇനി വരുന്ന മാറ്റങ്ങളെന്തൊക്കെ? സാരഥി വി.പി നന്ദകുമാര്‍ വിശദീകരിക്കുന്നു.

? ബെയ്ന്‍ ക്യാപിറ്റലുമായി പങ്കാളിത്തത്തിലേര്‍പ്പെടാന്‍ കാരണമെന്താണ്

മണപ്പുറം ഫിനാന്‍സിന് ഫണ്ട് സമാഹരിക്കാന്‍ വേണ്ടിയല്ല ഈ പങ്കാളിത്തം. മണപ്പുറം ഫിനാന്‍സ് വില്‍പ്പനയുമല്ല ഇതിലൂടെ നടന്നിരിക്കുന്നത്. പ്രിഫറന്‍ഷ്യല്‍ ഓഹരി ഇടപാടിലൂടെ മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികള്‍ ഏതാണ്ട് 4,500 കോടി രൂപയ്ക്ക് ബെയ്ന്‍ സ്വന്തമാക്കും. ഇപ്പോഴും മണപ്പുറം ഫിനാന്‍സിലെ ഏറ്റവും വലിയ ഓഹരി പങ്കാളി ഞാന്‍ തന്നെയാണ്. 29 ശതമാനം ഓഹരി പ്രമോട്ടറായ എന്റെ കൈവശമാണ്.

ഒരു പ്രൊഫഷണല്‍ മാനേജ്മെന്റ് കൂടിയുണ്ടെങ്കില്‍ മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ച കൂടുതല്‍ ഊര്‍ജിതമാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബെയ്ന്‍ ക്യാപിറ്റലുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടത്. BCG, E&Y തുടങ്ങിയ ഏജന്‍സികളുടെ മൂന്ന് മാസത്തെ പഠനത്തിന് ശേഷമാണ് ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തില്‍ നിക്ഷേപം നടത്തിയത്.

? മണപ്പുറം ഫിനാന്‍സിന്റെ മാനേജ്മെന്റ് തലത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകും

കമ്പനി കൂടുതല്‍ പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമായി ബജാജ് ഫിന്‍സെര്‍വിന്റെ പ്രസിഡന്റ് (റൂറല്‍ ലെന്‍ഡിംഗ്, ഗോള്‍ഡ് ലോണ്‍, ഇന്‍ഷുറന്‍സ്) പദവി കൈകാര്യം ചെയ്തിരുന്ന ദീപക് റെഡ്ഡിയെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി നിയമിച്ചു കഴിഞ്ഞു. ബെയ്ന്‍ ക്യാപിറ്റലിന് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ രണ്ടംഗങ്ങളുണ്ടാകും.

മണപ്പുറം ഫിനാന്‍സ് പ്രമോട്ടര്‍ നിയന്ത്രണത്തിലുള്ള കമ്പനിയെന്ന തലത്തില്‍ നിന്ന് ഡയറക്റ്റര്‍ ബോര്‍ഡ് നിയന്ത്രണത്തിലുള്ള കമ്പനിയാകും. ഞാന്‍ എംഡി ആന്‍ഡ് സിഇഒ പദവിയില്‍ നിന്ന് മാറി ചെയര്‍മാനാകും. മകള്‍ സുമിത നന്ദന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍മാനാകും. കമ്പനിയുടെ ഭാവി വളര്‍ച്ചാ ലക്ഷ്യങ്ങളും തന്ത്രങ്ങളുമെല്ലാം അന്തിമമായി തീരുമാനിക്കുന്നത് ഡയറക്റ്റര്‍ ബോര്‍ഡായിരിക്കും. കമ്പനിയെ കൂടുതല്‍ പ്രൊഫഷണലാക്കാനും ഒപ്പം തന്നെ പിന്തുടര്‍ച്ചാ ക്രമത്തിനുമുള്ള അവസരമായാണ് ഞാനിതിനെ കാണുന്നത്.

? പിന്തുടര്‍ച്ചാ ക്രമം എന്ന് പറയുമ്പോള്‍ താങ്കള്‍ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നാണോ

ഭാഗികമായുള്ള മാറ്റം. എന്റെ പ്രായം ഇപ്പോള്‍ 70കളിലാണ്. ചെയര്‍മാന്‍ എന്ന നിലയില്‍ കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായ പങ്കാളിത്തമുണ്ടായിരിക്കുമ്പോള്‍ തന്നെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പുതിയ നിയമനവും പദവി മാറ്റവും എല്ലാം സഹായിക്കും. ഒരു പ്രൊഫഷണല്‍ മാനേജിംഗ് ഡയറക്റ്റര്‍ & ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ വരികയും അദ്ദേഹം ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന പ്രൊഫഷണല്‍ സംവിധാനം വരുന്നതോടെ കമ്പനി കൂടുതല്‍ ഊര്‍ജസ്വലമാകും.

? മണപ്പുറം ഫിനാന്‍സില്‍ വരുന്ന മറ്റ് മാറ്റങ്ങള്‍ എന്തൊക്കെ

മണപ്പുറം ഫിനാന്‍സിന് വളരെ വ്യക്തമായ സ്ട്രാറ്റജിയുണ്ട്. അത് നടപ്പാക്കി തുടങ്ങിക്കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് നടപ്പാക്കേണ്ട കാര്യങ്ങള്‍ ഇതിനകംആസൂത്രണം ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ഒരു പ്രൈവറ്റ് ഇക്വിറ്റി വരുമ്പോള്‍ പെര്‍ഫോമന്‍സ് തലത്തില്‍ മാറ്റംവരും. കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കപ്പെടും. അത് എല്ലാവര്‍ക്കും ഗുണകരമാകും.

? മണപ്പുറം ഫിനാന്‍സില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ ഗ്രൂപ്പിന്റെ മറ്റേതെങ്കിലും വിഭാഗങ്ങളില്‍ കൂടുതല്‍ സമയം ചെലവിടാനിടയുണ്ടോ

ജൂവല്‍റി വിഭാഗത്തിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഈവര്‍ഷം 5-10 ഷോറൂമുകള്‍ പുതുതായി തുറക്കാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ 15 ഷോറൂമുകളും 1,000 കോടി വിറ്റുവരവുമുണ്ട്. നാലഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 കോടിയിലെത്തിച്ച് ലിസ്റ്റിംഗ് നടത്തണമെന്നുണ്ട്. അതിന് മുമ്പ് ജൂവല്‍റി ഡിവിഷനിലേക്ക് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം ആകര്‍ഷിക്കണം.

? ഗ്രൂപ്പില്‍ നിന്ന് മറ്റേതൊക്കെ കമ്പനികളുടെ ലിസ്റ്റിംഗ് നടക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആശിര്‍വാദ് മൈക്രോഫിനാന്‍സും ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോംഫിനും ലിസ്റ്റിംഗ് നടത്തിയേക്കാം.

മണപ്പുറം ഫിനാന്‍സിനെ അടുത്തഘട്ട വളര്‍ച്ചാ പാതയിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ പ്രൊഫഷണലിസം വേണ്ടി വരും. അതിനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മണപ്പുറം ഫിനാന്‍സ് എക്സിക്യുട്ടീവ് ഡയറക്റ്റര്‍ ഡോ. സുമിത നന്ദന്‍ പറഞ്ഞു. ''മണപ്പുറം ഫിനാന്‍സിന്റെ ലീഡര്‍ഷിപ്പ് റോളിലേക്ക് പ്രൊഫഷണലുകളെ നിയമിക്കുന്നത് ബെയ്നും പ്രമോട്ടറും ചേര്‍ന്നാണ്. മണപ്പുറം ഫിനാന്‍സിനെ കൂടുതല്‍ പ്രൊഫഷണലാക്കുക എന്ന് തന്നെയായിരുന്നു ഗ്രൂപ്പിലേക്ക് ഞാന്‍ വരുമ്പോഴുള്ള ലക്ഷ്യം.

പുറത്തുനിന്നുള്ള പ്രൊഫഷണലുകള്‍ കമ്പനി നയിക്കുമ്പോള്‍ മണപ്പുറം ഫിനാന്‍സ് കൂടുതല്‍ സുതാര്യമാകും. അച്ഛന്‍ (വി.പി നന്ദകുമാര്‍) രണ്ടാം തലമുറ സംരംഭകനാണ്. മൂന്നാം തലമുറയുടെ പ്രതിനിധിയായാണ് ഞാന്‍ ഗ്രൂപ്പിലേക്ക് എത്തിയത്.

നാലാം തലമുറ ഗ്രൂപ്പിലേക്ക് കടന്നുവരണമെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രൊഫഷണലിസം കമ്പനിയില്‍ വേണം. അത് ഉറപ്പാക്കുക കൂടിയാണ് ഈ നീക്കം കൊണ്ട് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഒരുപ്രൊഫഷണല്‍ സിഇഒ വരുമ്പോള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാം. അപ്പോള്‍ കൂടുതല്‍ സമയവും ഊര്‍ജവും ഭാവി പദ്ധതികള്‍ക്കും വളര്‍ച്ചാ സ്ട്രാറ്റജികള്‍ക്കുമായി ചെലവിടാം,'' ഡോ. സുമിത നന്ദന്‍ വ്യക്തമാക്കുന്നു.

ധനം മാഗസിന്‍ 2025 ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT