News & Views

കല്യാണ്‍ ജുവലേഴ്‌സിന്റെ ഉപബ്രാന്‍ഡില്‍ ₹850 കോടി നിക്ഷേപിക്കാന്‍ യു.എസ് കമ്പനി; വാര്‍ബര്‍ഗ് തിരിച്ചുവരുന്നു

കഴിഞ്ഞ 18 മാസത്തിനിടയ്ക്ക് 70 കാന്‍ഡിയര്‍ ഷോറൂമുകളാണ് തുറന്നത്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 66 കോടി രൂപയാണ് കാര്‍ഡിയറില്‍ നിന്നുള്ള വരുമാനം

Dhanam News Desk

തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറില്‍ നിക്ഷേപത്തിനൊരുങ്ങി യു.എസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനം. വാര്‍ബര്‍ഗ് പിന്‍കസ് (Warburg Pincsu) ആണ് കാന്‍ഡിയറിന്റെ 10 ശതമാനം ഓഹരികള്‍ വാങ്ങാനെത്തുന്നത്. 800-850 കോടി രൂപയ്ക്കാകും ഇടപാടെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2014 മുതല്‍ 2024 വരെ കല്യാണ്‍ ജുവലേഴ്‌സില്‍ നിക്ഷേപം ഉണ്ടായിരുന്ന ഇക്വിറ്റി കമ്പനിയാണ് വാര്‍ബര്‍ഗ്. ലൈഫ് സ്റ്റൈല്‍ രംഗത്ത് അതിവേഗം വിപണി പങ്കാളിത്തം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഫ്രാഞ്ചൈസി മോഡലില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കാന്‍ഡിയര്‍. വരും വര്‍ഷങ്ങളില്‍ 80-90 സ്‌റ്റോറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

വിപുലമായ പദ്ധതികള്‍

കഴിഞ്ഞ 18 മാസത്തിനിടയ്ക്ക് 70 കാന്‍ഡിയര്‍ ഷോറൂമുകളാണ് തുറന്നത്. ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 66 കോടി രൂപയാണ് കാര്‍ഡിയറില്‍ നിന്നുള്ള വരുമാനം. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 67 ശതമാനം വര്‍ധന. അതേസമയം, കൂടുതല്‍ ഷോറൂമുകള്‍ തുറന്നതുമൂലമുള്ള ചെലവ് കൂടിയത് നഷ്ടം 2 കോടി രൂപയില്‍ നിന്ന് 10 കോടിയായി വര്‍ധിക്കാന്‍ ഇടയാക്കി. 2025-26 സാമ്പത്തിക വര്‍ഷത്തോടെ കാന്‍ഡിയര്‍ ലാഭത്തിലെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കാന്‍ഡിയറില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന വാര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കല്യാണ്‍ ജുവലേഴ്‌സിലെ 2.36 ശതമാനം ഓഹരികള്‍ വിറ്റത്. പ്രമോട്ടറായ ടി.എസ് കല്യാണരാമനാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. 2014ല്‍ 1,200 കോടി രൂപയും 2017ല്‍ 500 കോടി രൂപയും വാന്‍ബര്‍ഗ് കല്യാണ്‍ ജുവലേഴ്‌സില്‍ നിക്ഷേപിച്ചിരുന്നു.Investment news

2021ല്‍ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുമ്പ് 30 ശതമാനം ഓഹരി പങ്കാളിത്തം ഈ അമേരിക്കന്‍ നിക്ഷേപകസ്ഥാപനത്തിന് കല്യാണ്‍ ജുവലേഴ്‌സില്‍ ഉണ്ടായിരുന്നു. പിന്നീട് പടിപടിയായി ഓഹരി പങ്കാളിത്തം കുറയ്ക്കുകയായിരുന്നു.

കാന്‍ഡിയറിന്റെ വരവ്

ഇ-കൊമേഴ്‌സ് രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കല്യാണ്‍ ജുവലേഴ്‌സ് കാന്‍ഡിയറിന്റെ ഓഹരികള്‍ വാങ്ങിയത്. 2017ലായിരുന്നു ഇത്. 2023-24 സാമ്പത്തിക വര്‍ഷം കാന്‍ഡിയറിന്റെ വരുമാനം 130.3 കോടി രൂപയാണ്. ഈ സാമ്പത്തികവര്‍ഷം റെക്കോഡ് വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ലൈറ്റ് വെയിറ്റ്, ഫാഷന്‍ ഫോര്‍വേഡ് ആഭരണങ്ങളിലേക്ക് കൂടി ശ്രദ്ധനല്‍കി കൊണ്ട് കാന്‍ഡിയറിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Warburg Pincus to invest ₹850 crore in Kalyan Jewellers' lifestyle brand Candere

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT