News & Views

കിട്ടിയത് 4,500% റിട്ടേണ്‍! 17 വര്‍ഷത്തിന് ശേഷം ബി.വൈ.ഡി ഓഹരികള്‍ വിറ്റ് വാറന്‍ ബഫറ്റിന്റെ കമ്പനി, കാരണം തിരക്കി നിക്ഷേപകര്‍

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ പ്രശസ്തിയൊന്നുമില്ലാതിരുന്ന ബാറ്ററി നിര്‍മാണ കമ്പനി മാത്രമായിരുന്നു ബി.വൈ.ഡി

Dhanam News Desk

ചൈനീസ് വാഹന നിര്‍മാതാവായ ബി.വൈ.ഡിയിലെ മുഴുവന്‍ ഓഹരിയും വിറ്റൊഴിഞ്ഞ് വാറന്‍ ബഫറ്റിന്റെ നിക്ഷേപക കമ്പനി ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ. 17 വര്‍ഷത്തിനിടെ 4,500 മടങ്ങോളം റിട്ടേണ്‍ നേടിയ ശേഷമാണ് പിന്മാറ്റം. ബഫറ്റിന്റെ നീക്കത്തിന് പിന്നാലെ ബി.വൈ.ഡി ഓഹരികള്‍ കുത്തനെയിടിഞ്ഞു. മൂന്നാഴ്ച്ചക്കിടെ കമ്പനിയുടെ ഓഹരികള്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.

2008ല്‍ 230 മില്യന്‍ ഡോളറിനാണ് (ഏകദേശം 2,000 കോടി രൂപ) ബി.വൈ.ഡിയിലെ 22.5 കോടി ഓഹരികള്‍ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ സ്വന്തമാക്കുന്നത്. 2022 ഓഗസ്റ്റില്‍ ആദ്യമായി ബി.വൈ.ഡി ഓഹരികള്‍ കമ്പനി വില്‍ക്കാന്‍ ആരംഭിച്ചു. നിക്ഷേപത്തിന്റെ മൂല്യം 9 ബില്യന്‍ ഡോളര്‍ (ഏകദേശം 79,000 കോടി രൂപ) എത്തിയതിന് പിന്നാലെയായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ജൂണിലെത്തുമ്പോള്‍ ബാക്കിയുണ്ടായിരുന്ന 76 ശതമാനം ഓഹരികളും കൂടി കമ്പനി വിറ്റു. ഇതോടെ ബി.വൈ.ഡിയിലെ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേയുടെ ഓഹരി വിഹിതം അഞ്ച് ശതമാനത്തില്‍ താഴെയായി.

ഹോംഗ്‌കോംഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചട്ടം അനുസരിച്ച് 5 ശതമാനത്തില്‍ താഴെയുള്ള ഓഹരി നിക്ഷേപങ്ങളുടെ വില്‍പ്പന വെളിപ്പെടുത്തണമെന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബെര്‍ക്ക്‌ഷെയറിന്റെ സബ്‌സിഡിയറി സ്ഥാപനമായ ബെര്‍ക്ക്‌ഷെയര്‍ എനര്‍ജി സമര്‍പ്പിച്ച ഓഹരി ഫയലിംഗിലാണ് നിര്‍ണായക വിവരം പുറത്തായത്. 2024ന്റെ അവസാനം 415 മില്യന്‍ ഡോളറുണ്ടായിരുന്ന ബി.വൈ.ഡിയിലെ ഓഹരി വിഹിതം ഇക്കുറി പൂജ്യത്തിലെത്തി. ഇക്കാര്യം ബി.വൈ.ഡി വക്താവ് സ്ഥിരീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

ലഭിച്ചത് റെക്കോഡ് നേട്ടം

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ പ്രശസ്തിയൊന്നുമില്ലാതിരുന്ന ബാറ്ററി നിര്‍മാണ കമ്പനി മാത്രമായിരുന്നു ബി.വൈ.ഡി. അക്കാലത്ത് ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേയുടെ വൈസ് ചെയര്‍മാനായിരുന്ന ചാര്‍ളി മുംഗറാണ് ഈ നിക്ഷേപത്തിന് ചുക്കാന്‍ പിടിച്ചത്. ബി.വൈ.ഡിക്കും അതിന്റെ സി.ഇ.ഒ വാംഗ് ചുവാന്‍ഫുവിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അത് സത്യമായി. 2008ല്‍ വാങ്ങിയത് മുതല്‍ ഇക്കൊല്ലം മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തിനിടയില്‍ ബി.വൈ.ഡിയുടെ ഓഹരി വില ഉയര്‍ന്നത് 4,500 ശതമാനമാണ്. ഈ കാലയളവില്‍ വലിയ റിട്ടേണ്‍ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേക്ക് ലഭിക്കുകയും ചെയ്തു. ഓഹരികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണമെന്ന വാറന്‍ ബഫറ്റിന്റെ ഉപദേശം എത്ര ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇതെന്നും വിദഗ്ധര്‍ പറയുന്നു.

എന്തിന് വിറ്റു?

എന്തുകൊണ്ടാണ് ബി.വൈ.ഡിയിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റതെന്ന കാര്യത്തില്‍ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ കൃത്യമായ ഉത്തരമൊന്നും നല്‍കിയിട്ടില്ല. അസാധാരണ കഴിവുകളുള്ള വ്യക്തി നയിക്കുന്ന അസാധാരണ കമ്പനിയാണ് ബി.വൈ.ഡിയെങ്കിലും ഈ പണം ഉപയോഗിച്ച് മറ്റെന്തെങ്കിലും ചെയ്യാമെന്നാണ് 2023ലെ ഒരു അഭിമുഖത്തില്‍ വാറന്‍ ബഫറ്റ് പറഞ്ഞത്. പിന്നാലെ തായ്‌വാനീസ് സെമിക്കണ്ടക്ടര്‍ കമ്പനിയിലുണ്ടായിരുന്ന 4 ബില്യന്‍ ഡോളറിന്റെ ഓഹരിയും ബഫറ്റ് വിറ്റു. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ നീക്കം.

Berkshire Hathaway sells its entire stake in Chinese automaker BYD after 17 years, reaping a 4,500% return. Buffett’s move sparks investor questions as BYD shares plunge.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT