വയനാട് കള്ളാടിയില്‍ തുരങ്കപാതയ്ക്ക് സമീപമുണ്ടായ വലിയ മണ്ണിടിച്ചില്‍ വയനാടിന് മാത്രമല്ല തിരിച്ചടിയാകുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ കൂടി പിടിച്ചു കുലുക്കുന്നതാണ് ഈ ദുരന്തം. മണ്ണിടിച്ചിലിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരിക്കുകയാണ്. 2018ലെ പ്രളയത്തിനുശേഷം തിരിച്ചുവരവിന്റെ സൂചനകള്‍ കാണിക്കുന്ന കേരള ടൂറിസത്തിന് തിരിച്ചടിയായി മാറുകയാണ് ഇപ്പോഴത്തെ ദുരന്തം.
വയനാട്ടില്‍ ഒരു ചെറിയ പ്രദേശത്ത് നടന്ന മണ്ണിടിച്ചില്‍ ആണെങ്കിലും കേരളം മൊത്തത്തില്‍ സുരക്ഷിതമല്ലെന്ന പ്രതീതിയാണ് വലിയ വാര്‍ത്താപ്രാധാന്യം മൂലം ഉണ്ടായത്. മണ്‍സൂണ്‍ കാലത്ത് മുന്‍വര്‍ഷങ്ങളേക്കാള്‍ ബുക്കിംഗുകള്‍ ഇത്തവണ ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും നടന്നിരുന്നു. എന്നാല്‍, ദുരന്തവാര്‍ത്ത വന്നതിനു പിന്നാലെ വലിയ തോതില്‍ ബുക്കിംഗുകള്‍ റദ്ദാക്കപ്പെടുന്നുണ്ട്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മണ്‍സൂണ്‍ ടൂറിസം ലക്ഷ്യമിട്ട് നിരവധി സഞ്ചാരികള്‍ എത്തിച്ചേരേണ്ട സമയത്താണ് ഈ തിരിച്ചടി. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലെ അമിതമായ പ്രചാരണങ്ങളും കാരണം കേരളം മുഴുവന്‍ അപകടാവസ്ഥയിലാണെന്ന തെറ്റായ സന്ദേശം പുറത്തേക്ക് പോകുന്നുണ്ടെന്ന് ടൂറിസം മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
വയനാട്ടിലെ ഭൂരിഭാഗം റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും നിലവില്‍ ബുക്കിംഗുകള്‍ തീര്‍ത്തും കുറഞ്ഞു. വരാനിരുന്ന പലരും യാത്രകള്‍ ഒഴിവാക്കി. വയനാട്ടില്‍ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ മറ്റ് മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും സഞ്ചാരികള്‍ ഭയം മൂലം ഒഴിവാക്കുകയാണ്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിട്ടുണ്ട്.
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്ന സഞ്ചാരികള്‍ക്കിടയില്‍ വലിയ ഭീതിയാണ് നിലവിലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. കേരളം മുഴുവന്‍ പ്രകൃതിക്ഷോഭത്തിന്റെ പിടിയിലാണെന്ന രീതിയിലാണ് കേരളത്തിന് പുറത്തുള്ള മാധ്യമങ്ങളും വാര്‍ത്ത നല്‍കുന്നത്.
'വയനാട്ടിലെ ഒരു പ്രത്യേക പ്രദേശത്താണ് ദുരന്തമുണ്ടായത്. എന്നാല്‍ കേരളം മുഴുവന്‍ സുരക്ഷിതമല്ലെന്ന രീതിയിലാണ് പുറത്തേക്ക് വാര്‍ത്തകള്‍ പോകുന്നത്. ഇത് മണ്‍സൂണ്‍ ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും സംരംഭകരെയും കടുത്ത പ്രതിസന്ധിയിലാക്കും- വയനാട്ടില്‍ ഹോംസ്റ്റേ ശ്രീനാഥ് അനിരുദ്ധന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും പുരോഗമിക്കുമ്പോഴും, മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന സന്ദേശം അധികൃതര്‍ പുറത്തുവിടണമെന്നാണ് ടൂറിസം പ്രൊമോട്ടര്‍മാരുടെ ആവശ്യം.
കൃത്യമായ ഗൈഡ്ലൈനുകള്‍: മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും മുന്നറിയിപ്പുകളും നല്‍കി ടൂറിസം സജീവമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണം.
ആശങ്കയകറ്റാന്‍ പ്രചാരണം: കേരളം സഞ്ചാരികള്‍ക്ക് ഇപ്പോഴും സുരക്ഷിതമാണെന്ന രീതിയിലുള്ള ഔദ്യോഗിക പ്രചാരണങ്ങള്‍ ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്നും ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നു.
വരും ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറയുന്നതോടെ ടൂറിസം മേഖല തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണെങ്കിലും, നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണ്ടിവരും.
Read DhanamOnline in English
Subscribe to Dhanam Magazine