വയനാട് ദുരന്തം; ഫയല്‍ ചിത്രം   Image credit : x.com/AbGeorge_
News & Views

വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിന്റെ ₹529.50 കോടി പലിശ രഹിത വായ്പ! മാര്‍ച്ച് 31നകം ചെലവഴിക്കണം, എളുപ്പമല്ലെന്ന് ധനമന്ത്രി

535 കോടി രൂപയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍

Dhanam News Desk

വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശരഹിത മൂലധന നിക്ഷേപ വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തിന്റെ പുനരധിവാസത്തിനുള്ള ധന സഹായമാണ് ചോദിച്ചതെങ്കിലും 16 പദ്ധതികള്‍ക്കായി കാപെക്‌സ് വായ്പ അനുവദിക്കുകയായിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി 50 വര്‍ഷത്തേക്ക് പലിശയില്ലാതെ നല്‍കുന്ന വായ്പാ പദ്ധതി പ്രകാരമാണ് പണം.

അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തേക്കാണ് (2024-25) പണം അനുവദിച്ചിരിക്കുന്നതെന്നും മാര്‍ച്ച് 31ന് മുമ്പ് പണം വിനിയോഗിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്. കേന്ദ്രസഹായം വൈകിയെന്നും 2025 മാര്‍ച്ച് 31ന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തിയാക്കി കണക്ക് സമര്‍പ്പിക്കുന്നത് എളുപ്പമാകില്ലെന്നുമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. വയനാടിനായി ഗ്രാന്റ് പോലെയാണ് കേരളം പണം ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അങ്ങനെയല്ല കേന്ദ്രം പണം അനുവദിച്ചത്. എന്തായാലും സംസ്ഥാന സര്‍ക്കാര്‍ വയനാട് പുനരധിവാസവുമായി മുന്നോട്ടുപോകും. ഈ തുക കുറച്ച് നേരത്തെ അനുവദിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പുകള്‍ അടക്കം ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് നിര്‍മിക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാകും. നേരത്തെ വയനാടിനായി 2,000 കോടി രൂപയുടെ സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

വകമാറ്റാനും കഴിയില്ല

16 പദ്ധതികള്‍ക്കായി 535 കോടി രൂപയുടെ സഹായമാണ് കേരളം കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങളും ഇവിടേക്കുള്ള റോഡും സ്ഥാപിക്കുന്നതാണ് പദ്ധതി. ഇതിനുള്ള മറുപടി ഈ മാസം 11ന് ലഭിച്ചു. അനുവദിച്ച പദ്ധതികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും കത്തിലുണ്ട്. അങ്ങനെ വന്നാല്‍ വായ്പ വെട്ടിച്ചുരുക്കും. ആവര്‍ത്തന പദ്ധതികളും പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ധനസഹായത്തിന് പകരം വായ്പ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് ജന്മിയുടെ മനോഭാവമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ടി.സിദ്ധീഖ് എം.എല്‍.എ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT