News & Views

ട്രെന്റായി കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് വീക്കിലി ക്രിക്കറ്റിംഗ് ടൂറുകള്‍; തമിഴ്‌നാട്ടിലെ ഗ്രൗണ്ടുകള്‍ക്ക് ലക്ഷങ്ങളുടെ വരുമാനം

കേരളത്തില്‍ ടര്‍ഫുകള്‍ നിരവധിയുണ്ടെങ്കിലും പുല്‍മൈതാനങ്ങള്‍ കുറവാണ്. പ്രത്യേകിച്ച്, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍. ടര്‍ഫുകളില്‍ കളിക്കുമ്പോള്‍ പരിക്കു പറ്റാനുള്ള സാധ്യത കൂടുതലാണ്

Dhanam News Desk

കേരളത്തിന്റെ സ്‌പോര്‍ട്‌സ് രംഗത്ത് നിശബ്ദമായൊരു മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ക്രിക്കറ്റില്‍. വാരാന്ത്യങ്ങളില്‍ ക്രിക്കറ്റ് താല്പരരായ നിരവധി യുവാക്കളാണ് തമിഴ്‌നാട്ടിലെ ഗ്രൗണ്ടുകളിലേക്ക് ഒഴുകുന്നത്. കേരളത്തില്‍ ചെലവഴിക്കപ്പെടേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും അതിര്‍ത്തിക്കപ്പുറത്തേക്ക് പോകുന്നത്.

ഗ്രൗണ്ട് വാടക കുറവ്

കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മാത്രമല്ല കമ്പനികള്‍ക്ക് പോലും സ്വന്തമായി മൈതാനങ്ങളുണ്ട്. ഇവ വാടകയ്ക്ക് നല്കി നല്ലൊരു വരുമാനവും ഈ സ്ഥാപനങ്ങള്‍ നേടുന്നുണ്ട്. കേരളത്തില്‍ മഴക്കാലമായതിനാല്‍ ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ ലഭ്യതക്കുറവുണ്ട്. ഇതാണ് തമിഴ്‌നാട്ടിലേക്ക് കളി മാറ്റാന്‍ കേരളത്തിലെ യുവാക്കളെ പ്രേരിപ്പിച്ചത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ 40-50 ടീമുകള്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കളിക്കാനായി പോകുന്നുണ്ട്. ഓരോ ടീമിലും 12 മുതല്‍ 15 പേര്‍ ഉണ്ടാകും. 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് തമിഴ്‌നാട്ടില്‍ ഗ്രൗണ്ടുകളുടെ പ്രതിദിന വാടക. ചിലയിടങ്ങളില്‍ അംപയര്‍മാര്‍ ഉള്‍പ്പെടെയുള്ള സംവിധാനവും ഗ്രൗണ്ടിനൊപ്പം ലഭിക്കും. രണ്ടോ മൂന്നോ ടീമുകള്‍ ചേര്‍ന്ന് ഗ്രൗണ്ട് വാടക വീതിക്കുകയാണ് പതിവ്.

സേലം, ദിണ്ഡിഗല്‍, കോയമ്പത്തൂര്‍, തിരുനെല്‍വേലി തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രൗണ്ടുകളിലേക്കാണ് കേരളത്തില്‍ നിന്ന് കൂടുതലായും യുവാക്കളെത്തുന്നത്. മലയാളികള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങിയതോടെ കേരളത്തില്‍ തമിഴ്‌നാട്ടിലെ ഗ്രൗണ്ടുകളുടെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ അത്യാവശ്യം നിലവാരത്തിലുള്ള ഗ്രൗണ്ടിന് ഒരുദിവസത്തെ വാടക 25,000ത്തിന് മുകളിലാണ്. ഇതിനൊപ്പം ജി.എസ്.ടിയും കൊടുക്കണം. മാത്രമല്ല കര്‍ശന നിയന്ത്രണങ്ങളുമുണ്ട്. തമിഴ്‌നാട്ടില്‍ ഇതൊന്നും ഇല്ലെന്ന് മാത്രമല്ല ട്രിപ്പും കളിയും ഒരു യാത്രയില്‍ ഉണ്ടെന്നത് പലരെയും ആകര്‍ഷിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ മൈതാനങ്ങള്‍ പാട്ടത്തിനെടുത്ത് കളിസ്ഥലങ്ങള്‍ വാടകയ്ക്ക് നല്കുന്ന മലയാളികള്‍ ഏറെയുണ്ട്. കേരളത്തില്‍ നിന്ന് ക്രിക്കറ്റ് കളിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ വരുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് മെയിന്റനന്‍സ് ചാര്‍ജ് കുറവാണെന്നതും അനുകൂല ഘടകമാണ്.

ടര്‍ഫുകള്‍ക്ക് മോശം കാലം

കേരളത്തില്‍ ടര്‍ഫുകള്‍ നിരവധിയുണ്ടെങ്കിലും പുല്‍മൈതാനങ്ങള്‍ കുറവാണ്. പ്രത്യേകിച്ച്, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍. ടര്‍ഫുകളില്‍ കളിക്കുമ്പോള്‍ പരിക്കു പറ്റാനുള്ള സാധ്യത കൂടുതലാണ്. മുമ്പ് ടര്‍ഫിന് ഡിമാന്‍ഡ് ഏറെയായിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചിയിലും കോഴിക്കോട്ടും അടക്കം നിരവധി ടര്‍ഫുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

പ്രവാസി മലയാളികളാണ് കേരളത്തിലേക്ക് ടര്‍ഫ് തരംഗം എത്തിക്കുന്നത്. തുടക്ക കാലത്ത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലകളിലായിരുന്നു ടര്‍ഫുകള്‍ ഏറെയും വന്നിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികളായിരുന്നു നിക്ഷേപകരിലേറെയും. ടര്‍ഫുകള്‍ കാര്യമായില്ലാതിരുന്ന കാലത്ത് മണിക്കൂറിന് 2,000 മുതല്‍ 3,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോള്‍ കൂണുപോലെ ടര്‍ഫുകള്‍ വ്യാപകമായതോടെ 600 രൂപ മുതല്‍ വാടകയ്ക്ക് കിട്ടുമെന്നതാണ് അവസ്ഥ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT