India-Pakistan border J&K tourism dept.
News & Views

ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടം; യുദ്ധം ഇന്ത്യയെ കാര്യമായി ബാധിക്കും

രാജ്യത്തെ ടൂറിസം അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 ശതമാനത്തോളം റെസ്‌റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ജിഡിപിയുടെ എട്ടുശതമാനത്തോളം ഈ മേഖലയുടെ സംഭാവനയാണ്. ഏകദേശം 40 മില്യണ്‍ പേരാണ് ഇന്ത്യയില്‍ ടൂറിസം, ഏവിയേഷന്‍ അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നത്.

കോവിഡിനുശേഷം 2025ല്‍ ടൂറിസം രംഗം വലിയ രീതിയില്‍ വളര്‍ന്നിരുന്നു. ഈ വര്‍ഷവും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് കരുതിയിരുന്ന സമയത്താണ് അപ്രതീക്ഷിതമായി പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. വലിയ പ്രഹരമാകും യുദ്ധംമൂലം ഇന്ത്യയ്ക്ക് സംഭവിക്കുകയെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലകളിലായി യുദ്ധം മൂലം 18,000 കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഇന്ത്യയിലേക്ക് എത്തുന്ന യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളം ഗള്‍ഫ് ആയിരുന്നു. യുദ്ധംമൂലം വിമാന സര്‍വീസുകള്‍ താളംതെറ്റിയതോടെ വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞു. യുദ്ധം മാറിയാലും വിദേശ സഞ്ചാരികളുടെ വരവ് ശക്തമാകാന്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ ടിക്കറ്റ് നിരക്കുകളും കുതിച്ചുയര്‍ന്നിരുന്നു. മാത്രമല്ല, നിയന്ത്രണം വന്നതോടെ വിമാനങ്ങളുടെ യാത്രസമയം വര്‍ധിക്കുകയും ചെയ്തു. വിമാനക്കമ്പനികളുടെ ചെലവില്‍ 5-40 ശതമാനം വര്‍ധനയാണ് യുദ്ധത്തിനുശേഷം ഉണ്ടായിരിക്കുന്നത്.

ഹോസ്പിറ്റാലിറ്റി രംഗത്തിന് കനത്ത പ്രഹരം

രാജ്യത്തെ ടൂറിസം അനുബന്ധ മേഖലകള്‍ക്ക് വലിയ പ്രഹരമാണ് യുദ്ധം സമ്മാനിച്ചത്. ആഭ്യന്തര സഞ്ചാരികളുടെ വരവ് വര്‍ധിച്ചതിനാല്‍ പ്രത്യക്ഷത്തില്‍ പ്രതിസന്ധി തോന്നിക്കില്ല. എന്നാല്‍ വിദേശികളുടെ വരവ് കുറഞ്ഞത് ഈ മേഖലയിലേക്ക് എത്തിയിരുന്ന വരുമാനത്തെ ഇടിച്ചു. ആഭ്യന്തര സഞ്ചാരികള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പണംചെലവഴിക്കുന്നതില്‍ നിയന്ത്രണം പാലിക്കുന്നവരാണ്. എന്നാല്‍ വിദേശികള്‍ നല്ലരീതിയില്‍ പണം ചെലവഴിക്കാന്‍ മടികാണിക്കാത്തവരാണ്.

വിദേശ സഞ്ചാരികളുടെ വരവിലാണ് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത്. ഇത് തീര്‍ത്തും ചുരുങ്ങി. പ്രീമിയം, ബിസിനസ് ഹോട്ടലുകളെ വിദേശ വരവ് കുറഞ്ഞത് വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. റെസ്‌റ്റോറന്റ് ഫുഡ് സര്‍വീസ് രംഗത്തും മുരടിപ്പ് ദൃശ്യമാണ്. രാജ്യത്തെ ടൂറിസം അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 ശതമാനത്തോളം റെസ്‌റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT