എഥനോള്‍ അധിഷ്ഠിത കുക്ക സ്റ്റൗവുകള്‍ രാജ്യത്തെ അടുക്കളകളെ ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര. ബയോഫ്യൂവല്‍ രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തിന് വേഗം പകരാന്‍ പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി വഴിയൊരുക്കുമെന്നും ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
എല്‍പിജി കേന്ദ്രീകൃത ഘടനയില്‍ നിന്ന് പുറത്തു കടക്കാനുള്ള രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ക്ക് എഥനോള്‍ പോലുള്ള ക്ലീന്‍ എനര്‍ജികള്‍ ബദലായി മാറും. ഭാവിയില്‍ പശ്ചിമേഷ്യ മറ്റൊരു സംഘര്‍ഷ വേദിയായി മാറിയാല്‍ പാചകവാതക ലഭ്യതക്കുറവ് ബാധിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്നും സഞ്ജീവ് ചോപ്ര വ്യക്തമാക്കി.
പെട്രോളുമായി കലര്‍ത്തുന്നതിനപ്പുറം എഥനോള്‍ ഉപയോഗം വിപുലീകരിക്കുക, കാര്‍ഷികമേഖലയിലെ ലഭ്യത പ്രയോജനപ്പെടുത്തുക, ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ക്കായി എഥനോള്‍ പാചക അടുപ്പുകളിലേക്ക് മാറണമെന്ന് വാണിജ്യ മേഖലയും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്‍പിജി, മണ്ണെണ്ണ എന്നിവയ്ക്ക് പകരം എത്തനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റൗവാണ് എഥനോള്‍ കുക്ക്‌ടോപ്പ്. എഥനോള്‍ എന്ന ദ്രാവക ഇന്ധനം നേരിട്ട് കത്തിച്ച് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന അടുപ്പുകളാണ് എത്തനോള്‍ കുക്ക് സ്റ്റൗകള്‍. എല്‍പിജി സിലിണ്ടറോ വൈദ്യുതിയിലോ ആശ്രയിക്കാതെ, ചെറിയ ടാങ്കില്‍ ഇന്ധനം നിറച്ച് കത്തിക്കുന്നതാണ് പ്രവര്‍ത്തനരീതി.
പരമ്പരാഗത ഗ്യാസ് സ്റ്റൗകളില്‍ നിന്ന് വ്യത്യസ്തമായി, എഥനോള്‍ കുക്ക്ടോപ്പുകള്‍ ദ്രാവക ഇന്ധനം നേരിട്ട് കത്തിക്കുന്നു. വായു മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എഥനോള്‍ കുക്ക്സ്റ്റൗകള്‍ 'മണം അല്ലെങ്കില്‍ പുകയില്ലാതെ ഉയര്‍ന്ന ചൂട്' നല്‍കുന്നു.
എഥനോള്‍ കുക്ക്ടോപ്പുകള്‍ എല്‍പിജിക്ക് പൂര്‍ണ പകരക്കാരനായേക്കില്ല. എന്നാല്‍ ഭാവിയില്‍ എത്തനോള്‍ കുക്ക്‌ടോപ്പുകളുടെ എല്‍പിജിയെ കൂടുതലായി ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സാധിച്ചേക്കും. എന്നാല്‍ എല്‍പിജി പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കുന്നത് അടുത്ത കാലത്തായി എളുപ്പമായിരിക്കില്ല.
എണ്ണ ഇറക്കുമതിയിലെ ആശ്രിതത്വം കുറയ്ക്കാന്‍ രണ്ടുവഴിയാണ് ഇന്ത്യ തേടുന്നത്. ആദ്യത്തേത് രാജ്യത്തെ എണ്ണ പര്യവേഷണങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കല്‍. പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുന്നതിന്റെ അളവ് വര്‍ധിപ്പിക്കുകയെന്നതാണ് രണ്ടാമത്തെ മാര്‍ഗം. എണ്ണ പര്യവേഷണത്തിനായി കൂടുതല്‍ തുക ചെലവിടുന്നുണ്ടെങ്കിലും കാര്യമായ ഫലം കണ്ടു തുടങ്ങിയിട്ടില്ല. അതേസമയം, പെട്രോളില്‍ എഥനോളിന്റെ അളവ് 20 ശതമാനം വരെയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
എഥനോള്‍ കലര്‍ത്തുന്നതു വഴി 2015 മുതല്‍ 1.65 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെട്രോള്‍, ഡീസലിനൊപ്പം പാചകവാതക മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine