Image courtesy: Canva
News & Views

ഹെല്‍ത്ത് കെയര്‍ രംഗത്ത് സര്‍വത്ര വിപുലീകരണം, വന്‍കിട സൗകര്യങ്ങള്‍, ഗുണമേന്മയുള്ള ചികിത്‌സ തേടുന്നവര്‍ക്കു മുന്നില്‍ ഭാവിയില്‍ വരാനിരിക്കുന്നതെന്ത്?

ഏറ്റെടുക്കലുകള്‍, വിപുലീകരണ നീക്കങ്ങള്‍, എല്ലാ രംഗത്തും എഐ, ഓരോ വ്യക്തിക്കും അനുസൃതമായ ഔഷധങ്ങള്‍, മെഡിക്കല്‍ ടെക്ക്- ഉപകരണ രംഗത്ത് അതിവേഗ വളര്‍ച്ച. ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗം അടിമുടി മാറുകയാണ്

Dhanam News Desk

രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ മേഖലയിലേക്ക് വലിയ തോതില്‍ നിക്ഷേപം ഒഴുകിയെത്തുകയാണ്. ഒപ്പം ടെക്നോളജി രംഗത്ത് വന്‍ കുതിച്ചുചാട്ടവും. രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും ഏറ്റവും മികച്ച ചികിത്സ, താങ്ങാവുന്ന നിരക്കില്‍ എത്തിക്കാനുള്ള ശ്രമങ്ങളും ശക്തം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ എക്വിപ്മെന്റ് മാനുഫാക്ചറിംഗ് രംഗത്തും മുമ്പെങ്ങുമില്ലാത്ത ഉണര്‍വ് പ്രകടമാണ്.

രാജ്യത്തിന്റെ ഹെല്‍ത്ത്‌കെയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രേരകമാകുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഏറ്റവും പ്രധാനം നമ്മുടെ ജനസംഖ്യാപരമായ മുന്‍തൂക്കം തന്നെ. അതില്‍ത്തന്നെ മികച്ച ചികിത്സ തേടാന്‍ പ്രാപ്തിയുള്ള മധ്യവര്‍ഗത്തിന്റെ എണ്ണവും കൂടിവരുന്നു. അതുപോലെ തന്നെ പ്രധാനമായ കാര്യമാണ് ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായിരിക്കുന്ന വര്‍ധന. ഇതോടെ ഹെല്‍ത്ത്‌കെയര്‍ സേവനത്തിന്റെ ആവശ്യകത അധികരിച്ചിട്ടുണ്ട്. പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗങ്ങളുടെ വര്‍ധന. ക്യാന്‍സര്‍, ഹൃദയരോഗങ്ങളും വര്‍ധിക്കുന്നത് തുടങ്ങിയവയെല്ലാം രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതികളും നയങ്ങളും ഹെല്‍ത്ത്‌കെയര്‍ രംഗത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍, മെഡിക്കല്‍ ഡിവൈസസ്, ഫാര്‍മ നിര്‍മാണ രംഗത്തിന് കുതിപ്പ് പകരുന്ന പിഎല്‍ഐ സ്‌കീം എന്നിവ ഇതില്‍പെടുന്നു. ഇന്ത്യപോലെ അതിവിശാലമായ രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും ചികിത്സാ സൗകര്യം എത്തിക്കുന്നതിനായി ടെലി മെഡിസിന്‍, ഇ-ഫാര്‍മസികള്‍ എന്നിവയെല്ലാം വ്യാപകമായിരിക്കുന്നു. ചികിത്സയുടെ കാര്യക്ഷമത കൂട്ടുന്നതിനും ആദ്യഘട്ടത്തില്‍ തന്നെ രോഗങ്ങള്‍ തിരിച്ചറിയുന്നതിനും ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമായി ഉപയോഗിക്കുന്നു.

അതുപോലെ തന്നെ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് സ്വകാര്യ നിക്ഷേപം വന്‍തോതില്‍ കൂടുകയാണ്. അപ്പോളോ, മണിപ്പാല്‍, കിംസ് എന്നിവരെല്ലാം തന്നെ ശൃംഖല വ്യാപിപ്പിക്കുന്നു. ഹെല്‍ത്ത് ടെക്ക് സ്റ്റാര്‍ട്ടപ്പുകളും നൂതന ആശയങ്ങളോടെ കടന്നുവരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. മെഡ് ടെക്ക് മേഖലയിലും വളര്‍ച്ച ഗണ്യമായ തോതിലുണ്ട്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യാപനം കൂടിവരുന്നു. ഇതെല്ലാം ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് പ്രേരകമാവുന്നുമുണ്ട്.

ഹെല്‍ത്ത്‌കെയറില്‍ എഐ തരംഗം

ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഭാവിയില്‍ എഐ മാറ്റിമറിക്കും. ഇപ്പോള്‍ തന്നെ ഹെല്‍ത്ത്‌കെയര്‍ മേഖലയുടെ കാര്യക്ഷമത കൂട്ടാനും, ചെലവ് ഗണ്യമായി കുറയ്ക്കാനും പറ്റുന്ന കാര്യങ്ങള്‍ എഐ അധിഷ്ഠിത സേവനങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ട്. എഐ പ്രധാനമായും ഇടപെടുന്ന മേഖലകള്‍ ഇതൊക്കെയാകും.

$ മെഡിക്കല്‍ ഡയഗ്‌ണോസ്റ്റിക്സ്, ഇമേജിംഗ്: ഇപ്പോള്‍ തന്നെ രോഗങ്ങള്‍ അതിന്റെ ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ടൂളുകള്‍ വന്നുകഴിഞ്ഞു. എക്സ്റേ, എംആര്‍ഐ, സിടി സ്‌കാനുകള്‍ എന്നിവ അങ്ങേയറ്റം കൃത്യതയോടെ വിശകലനം ചെയ്യുന്ന എഐ അല്‍ഗോരിതങ്ങളുമുണ്ട്. രോഗനിര്‍ണയ സമയം ഗണ്യമായി കുറയ്ക്കാന്‍ പറ്റുന്ന എഐ ടൂളുകള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

$ രോഗവ്യാപനത്തെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കല്‍: ആശുപത്രികളില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ച് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തെ പറ്റി ജാഗ്രതാ നിര്‍ദേശം നല്‍കാനും എഐ കൊണ്ട് സാധിക്കും.

$ ഔഷധ നിര്‍മാണം, പേഴ്സണല്‍ മെഡിസിന്‍ രംഗം എന്നിവിടങ്ങളില്‍ എഐ ഗണ്യമായ ഇടപെടല്‍ വരുംനാളുകളില്‍ നടത്തും.

$ ഹോസ്പിറ്റലുകളുടെ മാനേജ്മെന്റ് രംഗത്തും അവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും രോഗികളുടെ രജിസ്ട്രേഷന്‍ രംഗത്ത് മുതല്‍ ശസ്ത്രക്രിയ ടേബിളില്‍ വരെ എഐ അധിഷ്ഠിത സേവനങ്ങള്‍ വ്യാപകമാകും.

$ എഐ അധിഷ്ഠിത ടെലി കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ തന്നെ വിദൂരഗ്രാമങ്ങളിലെ രോഗികള്‍ക്ക് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നുണ്ട്. വരും കാലത്ത് ഇത് കൂടുതല്‍ പ്രചാരത്തിലാകും. അതുപോലെ തന്നെ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളെ കുറിച്ച് അറിവ് നല്‍കാന്‍ എഐ ചാറ്റ്ബോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടും.

$ മെഡിക്കല്‍ ഉപകരണ, വെയറബ്ള്‍സ് രംഗത്തും വിപ്ലകരമായ ചുവടുവെയ്പ്പുകള്‍ എഐ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് സാധിക്കുന്ന കാലമാണ് വരാനിരിക്കുന്നത്. രോഗപ്രതിരോധ രംഗത്തും എഐ വിപ്ലവം കൊണ്ടുവരും.

ഡാറ്റ സ്വകാര്യത, റെഗുലേറ്ററി അനുമതികള്‍ ലഭിക്കുന്നത്, ഗ്രാമീണ മേഖലയിലേക്ക് എഐ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നത് എന്നിവയെല്ലാമാണ് ഇപ്പോള്‍ ഈ രംഗത്തെ വെല്ലുവിളികള്‍.

രാജ്യത്തെ എഐ ഹെല്‍ത്ത്‌കെയര്‍ രംഗം അതിദ്രുത വളര്‍ച്ച പ്രാപിക്കുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 40 ശതമാനത്തിലേറെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഈ രംഗത്തുണ്ടാകുമെന്നും ഈവര്‍ഷം ഈ മേഖല 1.6 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നുമാണ് സൂചന. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്തെ 75 ശതമാനത്തിലേറെ പ്രൊഫഷണലുകളും അവരുടെ പ്രാക്ടീസുകളില്‍ എഐ ഉള്‍ച്ചേര്‍ത്തു തുടങ്ങും.

വന്‍കിട ഹോസ്പിറ്റല്‍ ബ്രാന്‍ഡുകള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും

രാജ്യത്തെ സ്വകാര്യ ആശുപത്രി ശൃംഖലകള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്. അതുകൊണ്ട് അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആശുപത്രി കിടക്കകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കും. ഇക്കാലയളവില്‍ സ്വകാര്യ മേഖലയില്‍ 32,500 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് സൂചന. അപ്പോളോ ഹോസ്പിറ്റല്‍സ് 2027 ഓടെ 2,000 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. മാക്സ് ഹെല്‍ത്ത് കെയര്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ കിടക്കളുടെ എണ്ണം 1,464 കൂടി കൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഡിഎം എന്നീ ഗ്രൂപ്പുകളുടെ കിടക്കക്കളുടെ എണ്ണം കൂട്ടാനുള്ള നീക്കങ്ങളിലാണ്. 2028 സാമ്പത്തിക വര്‍ഷത്തോടെ നാരായണ ഹൃദയാലയ 1,085 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലും.

രാജ്യത്തെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലകള്‍ പ്രൈവറ്റി ഇക്വിറ്റി/വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപവും കുതിച്ചുയര്‍ന്നിട്ടുണ്ട്. 2023ല്‍ 19 ഡീലുകളിലൂടെ 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് നടത്തപ്പെട്ടത്. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് പിഇ നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 220 ശതമാനം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ക്രിട്ടിക്കല്‍ കെയറിനായി നൂതന പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. മെഡിക്കല്‍ ഉപകരണ രംഗത്തും വലിയ മാറ്റങ്ങള്‍ വരും നാളുകളിലുണ്ടാകുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വളര്‍ച്ചയിലേക്ക് തുറക്കുന്ന ഒരു വാതിലാണ് ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗം.

(Originally published in Dhanam Magazine 1 March 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT