ലോകവ്യാപാരത്തെ തന്നെ പിടിച്ചു കുലുക്കിയ ട്രംപിന്റെ നികുതി നയത്തിന് കോടതിയില്‍ തിരിച്ചടിയേല്‍ക്കാന്‍ കാരണമെന്തായിരുന്നു? നികുതി നയത്തിനെതിരെ കോടതിയില്‍ പോരാടിയവര്‍ ആരെല്ലാം? അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ് സര്‍ക്കാരുകള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ ട്രംപിന് തിരിച്ചടിക്ക് കാരണക്കാരായി. ഇറക്കുമതിക്ക് ഉയര്‍ന്ന ചുങ്കം ചുമത്തിയതിലൂടെ ബിസിനസിന് തിരിച്ചടി നേരിടുമെന്ന് ആശങ്കയുള്ള അമേരിക്കയിലെ ചെറിയ ബിസിനസുകാരുടെ കൂട്ടായ്മ വരെ കോടതിയില്‍ പോരാടി. അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്‌റ്റേറ്റ് സര്‍ക്കാരുകളും നിലകൊണ്ടു. ഫലമോ, ട്രംപ് ഏറെ കൊട്ടിഘോഷിച്ച തതുല്യ ചുങ്ക നയത്തെ കോടതി വെട്ടി.
അധികാരത്തില്‍ വന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ട്രംപ് പ്രഖ്യാപിച്ച ലിബറേഷന്‍ ഡേ വാണിജ്യ ഉത്തരവുകളാണ് അമേരിക്കന്‍ വാണിജ്യ കാര്യങ്ങള്‍ക്കുള്ള ഫെഡറല്‍ കോടതി റദ്ദാക്കിയത്. ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും 10 മുതല്‍ 50 ശതമാനം വരെ നികുതി ചുമത്താനുള്ള ട്രംപിന്റെ നീക്കമാണ് പാളിയത്. ചൈനക്കെതിരെ ചുമത്തിയ കൂറ്റന്‍ നികുതിയും ഇതോടെ അസാധുവാകും. രാജ്യത്തെ അടിയന്തര സാഹചര്യ നിയമമനുസരിച്ച് നികുതി ചുമത്താന്‍ പ്രസിഡന്റിനുള്ള സവിശേഷ അധികാരം ഡൊണള്‍ഡ് ട്രംപ് ദുരുപയോഗിക്കുകയാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ട്രംപ് അതിരു വിട്ടു. ആഗോള തലത്തില്‍ ഏറെ സ്വാധീനിക്കപ്പെടുന്ന വിധത്തിലുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് പുറത്താണ്-കോടതി ചൂണ്ടിക്കാട്ടി.
കോടതി വിധിക്കെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. ജുഡീഷ്യല്‍ ആക്ടിവിസമെന്നാണ് സര്‍ക്കാരിന്റെ ആദ്യ വിമര്‍ശനം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് ദേശീയമായ അടിയന്തര സാഹചര്യങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്നും വൈറ്റ് ഹൗസിന്റെ പ്രതികരണത്തില്‍ കുറ്റപ്പെടുത്തി. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള നീക്കങ്ങളും വൈറ്റ് ഹൗസ് നടത്തുന്നുണ്ട്.
രാജ്യത്ത് വിലക്കയറ്റമുണ്ടാക്കാന്‍ മാത്രമാണ് പുതിയ നികുതി ഘടന സഹായിക്കുകയെന്നാണ് അമേരിക്കയിലെ 12 സംസ്ഥാനങ്ങള്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പൊതുവായി ചൂണ്ടിക്കാട്ടിയത്. അതോടൊപ്പം അഞ്ച് വ്യാപാര സംഘടനകളും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. അമേരിക്കയിലെ പ്രധാന വൈന്‍ ബിസിനസ് കമ്പനികളൊന്നായ വിഒഎസ് ചൂണ്ടിക്കാട്ടിയത് ആ മേഖലയില്‍ രൂപപ്പെടാനിരിക്കുന്ന പ്രതിസന്ധിയെ കുറിച്ചാണ്. ബിസിനസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിവിധ വ്യവസായ സംഘടനകളുടെ ആശങ്ക കൂടി പരിഗണിച്ചായിരുന്നു അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ നിര്‍ണായക വിധി.
Read DhanamOnline in English
Subscribe to Dhanam Magazine