image credit : canva and facebook 
News & Views

ട്രംപിന്റെ ഗോള്‍ഡ് കാര്‍ഡ് വീസ: സമ്പന്നരെ മാത്രം ലക്ഷ്യമിട്ട നീക്കം, വ്യാപക വിമര്‍ശനം

10 ലക്ഷം ഗോൾഡ് കാർഡുകൾ വരെ വിറ്റഴിച്ച് 5 ട്രില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതി

Dhanam News Desk

കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച പുതിയ വീസ പ്രോഗ്രാമാണ് ഗോള്‍ഡ് കാര്‍ഡ്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. 50 ലക്ഷം ഡോളറാണ് (ഏകദേശം 43.50 കോടി രൂപ) ഈ കാര്‍ഡിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതി സമ്പന്നരായ ആളുകള്‍ക്ക് മാത്രമാണ് ഈ കാര്‍ഡ് പ്രയോജനപ്പെടൂവെന്നും സാധാരണക്കാരെ പൂര്‍ണമായും തഴയുന്നതാണ് ഈ വീസ പ്രോഗ്രാമെന്നും ശക്തമായ വിമര്‍ശനമാണുളളത്.

സര്‍ക്കാരിന് നേരിട്ട് പണം

മറ്റു വീസ പ്രോഗ്രാമുകളില്‍ നിന്ന് വ്യത്യസ്തമായി യു.എസ് സര്‍ക്കാരിന് നേരിട്ട് പണം നല്‍കി ഗോള്‍ഡ് കാര്‍ഡും അതുവഴി യു.എസ് പൗരത്വവും സ്വന്തമാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ കാര്‍ഡില്‍ എത്തുന്നവര്‍ യു.എസില്‍ ധാരാളം പണം ചെലവഴിക്കുകയും സര്‍ക്കാരിന് ധാരാളം നികുതികൾ നൽകുകയും ധാരാളം ആളുകൾക്ക് ജോലി നല്‍കുകയും ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടം കണക്കുക്കൂട്ടുന്നത്. അതേസമയം പരിപാടി എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

50 ലക്ഷം ഡോളര്‍ വിലയില്‍ 10 ലക്ഷം ഗോൾഡ് കാർഡുകൾ വരെ വിറ്റഴിച്ച് 5 ട്രില്യണ്‍ ഡോളര്‍ സമാഹരിക്കാനുളള പദ്ധതിയാണ് ട്രംപിനുളളത്. രാജ്യത്ത് ധന കമ്മി കുറയ്ക്കാനും ഈ പരിപാടി സഹായിക്കുമെന്ന് ട്രംപ് കരുതുന്നു. യു.എസ് ഗ്രീൻ കാർഡിന്റെ പ്രീമിയം പതിപ്പായാണ് ഈ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.

ഇ.ബി-5 വീസ

നിലവിലുള്ള ഇ.ബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ വീസ പ്രോഗ്രാമിന് പകരമായിട്ടാണ് ഗോൾഡ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. യുഎസ് ബിസിനസുകളിൽ 8,00,000 മുതൽ 1.05 മില്യൺ ഡോളർ വരെ നിക്ഷേപിക്കുന്ന വിദേശികള്‍ക്കാണ് ഇ.ബി-5 വീസ നല്‍കിയിരുന്നത്. കൂടാതെ കുറഞ്ഞത് 10 പേര്‍ക്ക് ഇവര്‍ ജോലി നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. ഇ.ബി-5 വീസയേക്കാള്‍ കൂടുതല്‍ ലളിതമായ പ്രക്രിയയാണ് ഗോള്‍ഡ് കാര്‍ഡ് ലഭിക്കാന്‍ ഉളളതെങ്കിലും ഇതിന്റെ ഭീമമായ വിലയില്‍ വലിയ എതിര്‍പ്പാണ് രൂപപ്പെടുന്നത്.

യു.എസ് സർവകലാശാലകളിൽ നിന്നുള്ള ഇന്ത്യൻ ബിരുദധാരികളെ അമേരിക്കൻ കമ്പനികൾക്ക് ഗോള്‍ഡ് കാര്‍ഡ് വീസ പ്രോഗ്രാമിന് കീഴില്‍ നിയമിക്കാന്‍ സാധിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍‌ വലിയ മൂലധനമുളള കമ്പനികള്‍ക്ക് മാത്രമാണ് ഈ തീരുമാനം കൊണ്ട് പ്രയോജനം ഉണ്ടാകൂവെന്നും താരതമ്യേന ചെറിയ കമ്പനികള്‍ക്ക് ഇവ സ്വന്തമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നുമുളള അഭിപ്രായം ശക്തമാണ്.

മറ്റു രാജ്യങ്ങളുടെ വീസകള്‍

യു.എസിന്റെ ഗോള്‍ഡ് കാര്‍ഡിന് സമാനമായ വീസ പ്രോഗ്രാമുകള്‍ മറ്റു രാജ്യങ്ങളും നല്‍കുന്നുണ്ട്. കുറഞ്ഞത് 20 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 5 കോടി രൂപ) സ്വത്ത് രാജ്യത്തുളളവര്‍ക്ക് യുഎഇ ഗോൾഡൻ വീസകൾ നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയ നാഷണൽ ഇന്നൊവേഷൻ വിസ, കാനഡ സ്റ്റാർട്ട്-അപ്പ് വിസ, സിംഗപ്പൂർ ഗ്ലോബൽ ഇൻവെസ്റ്റർ പ്രോഗ്രാം, മാള്‍ട്ട പെര്‍മെനന്റ് റസിഡന്‍സ് പ്രോഗ്രാം തുടങ്ങിയവയും യു.എസ് അവതരിപ്പിച്ച വീസ പ്രോഗ്രാമിന് സമാനമായി അവരുടെ രാജ്യത്ത് നിക്ഷേപം നടത്താനും താമസിക്കാനും കുടിയേറ്റക്കാരെ അനുവദിക്കുന്നവയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT