Image Courtesy: investinmusk.com, canva 
News & Views

മസ്‌കിന്റെ എക്‌സിന് ഇരുട്ടടിയായി ബ്ലുസ്‌കൈ; ഉപയോക്താക്കള്‍ കൂട്ടത്തോടെ ഒഴുകാന്‍ കാരണമെന്ത്?

എക്‌സ് വിടുന്നവരാണ് പ്രധാനമായും ബ്ലൂസ്‌കൈയിലേക്ക് എത്തുന്നത്. മസ്‌കിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണിത്

Dhanam News Desk

ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്ത് എക്‌സ് എന്നു പേരു മാറ്റിയത് മുതല്‍ വിവാദങ്ങളും കൂടെയുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും മറ്റൊന്നും കൂസാതെ മുന്നോട്ടു പോയ മസ്‌ക് ഇപ്പോള്‍ പക്ഷേ കടുത്ത വെല്ലുവിളിയാണ് മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്ന് നേരിടുന്നത്. ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ അല്ല ആ എതിരാളി.

ബ്ലൂസ്‌കൈ എന്നു പേരിട്ടിരിക്കുന്ന ഈ ന്യൂജന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിന് തുടക്കമിടുന്നത് ട്വിറ്റര്‍ സഹസ്ഥാപകരില്‍ ഒരാളായ ജാക് ഡോര്‍സിയാണ്. ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തതോടെയാണ് ഡോര്‍സി ബ്ലൂസ്‌കൈയുമായി സജീവമാകുന്നത്. യഥാര്‍ത്ഥത്തില്‍ 2019ല്‍ തന്നെ ബ്ലൂസ്‌കൈ എന്ന പദ്ധതിക്ക് ഡോര്‍സി തുടക്കമിട്ടിരുന്നു. എന്നാല്‍ ട്വിറ്ററില്‍ നിന്ന് പടിയിറങ്ങിയ ശേഷമാണ് അദ്ദേഹം ബ്ലൂസ്‌കൈയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതും മറ്റൊരു തലത്തിലേക്ക് വളരാന്‍ വിത്തിടുന്നതും. നിലവില്‍ ബ്ലുസ്‌കൈയുടെ ഭാഗമല്ല ഡോര്‍സി. ഈ വര്‍ഷം മേയില്‍ അദ്ദേഹം കമ്പനിയില്‍ നിന്ന് പടിയിറങ്ങിയിരുന്നു. ജയ് ഗ്രാബര്‍ എന്ന വനിതയാണ് ബ്ലൂസ്‌കൈയുടെ നിലവിലെ സി.ഇ.ഒ.

ട്വിറ്ററിന് വെല്ലുവിളി?

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചതു മുതല്‍ ട്വിറ്ററില്‍ നിന്ന് വലിയ തോതില്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നുണ്ട്. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്ത സമയത്തും സമാനമായ അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഉപയോക്താക്കളെ നിലനിര്‍ത്താന്‍ ട്വിറ്ററിന് സാധിച്ചു. ഇപ്പോഴത്തെ കൊഴിഞ്ഞുപോക്കിന് കാരണമായി പറയുന്ന കാരണങ്ങള്‍ വ്യത്യസ്തമാണ്. അത് മസ്‌കിന്റെ ട്രംപ് അനുകൂല നിലപാടിനേക്കാള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ പേരിലാണ്.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എ.ഐ മോഡലിനെ പരിശീലിപ്പിക്കാന്‍ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്ന് പോസ്റ്റുകളും ചിത്രങ്ങളും വീഡിയോയും എടുക്കുമെന്ന എക്‌സിന്റെ പുതിയ നയമാണ് ഇതിന് കാരണം. ഈ വര്‍ഷം ബ്രസീലില്‍ നിന്ന് മാത്രം 20 ലക്ഷം പേര്‍ ബ്ലൂസ്‌കൈയില്‍ അക്കൗണ്ട് എടുത്തിരുന്നു.

ചുരുങ്ങിയ കാലംകൊണ്ട് ബ്ലൂസ്‌കൈയ്ക്ക് രണ്ടുകോടി ഉപയോക്താക്കളെയാണ് ലഭിച്ചത്. എക്‌സ് വിടുന്നവരാണ് പ്രധാനമായും ബ്ലൂസ്‌കൈയിലേക്ക് എത്തുന്നത്. മസ്‌കിന് വലിയ വെല്ലുവിളിയാണിത്. യു.എസ് തിരഞ്ഞെടുപ്പിന് ശേഷം ബ്ലുസ്‌കൈയുടെ സജീവ ഉപയോക്താക്കളില്‍ 500 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ട്രംപ് ജയിച്ചതിനു പിന്നാലെ 1.15 ലക്ഷം എക്‌സ് അക്കൗണ്ടുകള്‍ ഡീആക്ടിവ് ചെയ്യപ്പെട്ടെന്നാണ് കണക്കുകള്‍. എക്‌സ് ഉപയോക്താക്കള്‍ കൂടുതലായി ബ്ലൂസ്‌കൈയിലേക്ക് ചേക്കേറിയെന്ന് ഈ കണക്കുകള്‍ സാധൂകരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT