പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ തീവ്രവാദിയാക്രമണത്തിനു പിന്നാലെ ഇന്ത്യ നടപടി കടുപ്പിച്ചിരിക്കുകയാണ്. ഉറി ആക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമാനമായൊരു നീക്കമാണ് പലരും പ്രതീക്ഷിച്ചത്. എന്നാല്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ അതിതീവ്ര പ്രത്യാഘാതം സൃഷ്ടിക്കുന്ന നീക്കമാണ് ഇന്ത്യയില്‍ നിന്നുണ്ടായത്. അതിലേറ്റവും പ്രധാനം പാക്കിസ്ഥാനുമായി 65 വര്‍ഷം മുമ്പ് ഒപ്പുവച്ച സിന്ധു നദീജല കരാര്‍ റദ്ദാക്കലാണ്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ 65 വര്‍ഷത്തിനിടെ നടന്ന പല യുദ്ധങ്ങളിലും ഇത്തരമൊരു നീക്കം ഇന്ത്യയില്‍ നിന്നുണ്ടായിരുന്നില്ല. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിച്ച സ്ഥാനത്താണ് ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് തൊട്ടടുത്ത നിമിഷം മുതല്‍ പാക്കിസ്ഥാനെ ബാധിക്കില്ല. എന്നാല്‍ ഭാവിയില്‍ പാക് സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കളയാനുള്ള ശേഷി സിന്ധു നദിയില്‍ നിന്നൊഴുകുന്ന വെള്ളത്തിനുണ്ട്.
ഇന്ത്യയില്‍ നിന്ന് വിഭജിച്ചു പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ നദീജലം പങ്കിടുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. 1948ല്‍ പാക്കിസ്ഥാനിലേക്കുള്ള ജലം താല്‍ക്കാലികമായി തടയുകയും ചെയ്തു ഇന്ത്യ. ഇതിനിടയില്‍ ലോകബാങ്ക് (World bank) ഇടനിലക്കാരായി ഇരുരാജ്യങ്ങളും തമ്മില്‍ ജലം പങ്കിടുന്നതില്‍ ഒരു കരാര്‍ ഒപ്പിട്ടു.
1960ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റും പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ വച്ചാണ് നദീജല കരാറില്‍ ഒപ്പിടുന്നത്. ഒന്‍പതു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ഇത്.
അതിര്‍ത്തി കടന്ന് പലതവണ തീവ്രവാദത്തെ ഇന്ത്യയിലേക്ക് കടത്തി വിട്ടപ്പോഴും യുദ്ധത്തിന്റെ സമയത്തും ഇന്ത്യ ഒരിക്കല്‍പ്പോലും ഈ ജലം തടയാന്‍ ശ്രമിക്കുകയോ കരാറില്‍ നിന്ന് പിന്മാറുകയോ ചെയ്തില്ല. ഇപ്പോഴത്തെ നീക്കം പാക് സര്‍ക്കാര്‍ ഒട്ടും പ്രതീക്ഷിച്ചതുമില്ല.
ഇപ്പോള്‍ തന്നെ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ് പാക് സമ്പദ്‌വ്യവസ്ഥ. വിലക്കയറ്റം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. കാര്‍ഷികമേഖലയും വ്യവസായരംഗവും തകര്‍ന്നു. കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി മാത്രമാണ് അവരെ നിലനിര്‍ത്തുന്നത്. വരും വര്‍ഷങ്ങളില്‍ ജലലഭ്യത കുറയുന്നതോടെ പാക് സര്‍ക്കാരിനെതിരേ സാധാരണക്കാരുടെ രോഷം ഉയരും. ഇപ്പോള്‍ തന്നെ ബലൂചിസ്ഥാനിലും അഫ്ഗാന്‍ അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ വലിയ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്.
കരാര്‍ പ്രകാരം ലഭിക്കുന്ന സിന്ധു നദിയിലെ ജലമാണ് പാക് കാര്‍ഷികമേഖലയുടെ അടിത്തറ. സിന്ധു, ജെലം, ചെനാബ്, രവി, ബിയാസ്, സുത്‌ലജ് എന്നീ നദികളടങ്ങുന്ന ഈ നദി ശൃംഖല പാകിസ്ഥാന്റെ ജീവശ്വാസമാണെന്ന് പറയാം. പാകിസ്ഥാന് ലഭിക്കുന്ന ജലത്തിന്റെ 80 ശതമാനവും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്. പഞ്ചാബ്, സിന്ധ് സംസ്ഥാനങ്ങളിലെ കൃഷിക്കാണ് ഇതിന്റെ വലിയ പങ്ക് ഉപയോഗിക്കപ്പെടുന്നത്.
പാകിസ്ഥാന്‍ ഗ്രാമങ്ങളിലെ ജനസംഖ്യയുടെ 68 ശതമാനം പേരും കൃഷിയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ജലലഭ്യത തടസപ്പെടുന്നത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതുമൂലം വിളവെടുപ്പ് കുറയുകയും, ഭക്ഷ്യദൗര്‍ഭികം ഉണ്ടാകുകയും, ഗ്രാമീണ മേഖലയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉയരുകയും ചെയ്യും.
ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ജലലഭ്യതയില്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വരള്‍ച്ചയ്ക്കും പാക്കിസ്ഥാന്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യ കരാര്‍ എക്കാലത്തേക്കുമായി റദ്ദാക്കിയാല്‍ അത് പാക്കിസ്ഥാന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും.
കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയെങ്കിലും പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തില്‍ പെട്ടെന്നൊരു നിയന്ത്രണം ഇന്ത്യയ്ക്ക് സാധ്യമല്ല. ജലമൊഴുക്ക് തടയാനുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്നത് തന്നെ കാരണം. ആയുധം കൊണ്ട് ഏറ്റുമുട്ടുന്നതിന് പകരം ഇത്തരത്തിലൊരു നീക്കം പാക്കിസ്ഥാന് കടുത്ത പ്രഹരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine