canva
News & Views

യു.എസിലെത്താന്‍ ഇന്ത്യക്കാരുടെ പുതുവഴി, ട്രെന്‍ഡായ ഒ വണ്‍ വിസ എന്താണ്? ബിസിനസുകാര്‍ക്കും വന്‍ അവസരം, പിന്നിലൊരു ചാറ്റ് ജി.പി.ടി കണക്ഷനും

ബിസിനസ്, കല, കായികം, സിനിമ, സോഷ്യല്‍ മീഡിയ തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് അവസരം

Dhanam News Desk

വിവിധ മേഖലകളില്‍ അതിസാമര്‍ത്ഥ്യം തെളിയിച്ച പ്രൊഫഷണലുകള്‍ക്ക് അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് യു.എസ് ഒ വണ്‍ ( O-1) വിസ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരം നേടുന്നതായി റിപ്പോര്‍ട്ട്. പ്രൊഫഷണലുകള്‍ക്ക് അനുവദിച്ചിരുന്ന എച്ച് വണ്‍ബി (H-1B) വിസയില്‍ വിവിധ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ഒ വണ്‍ വിസകള്‍ക്ക് പ്രാമുഖ്യം വര്‍ധിച്ചതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് ഒ വണ്‍ വിസ?

മുന്‍നിശ്ചയിച്ച എട്ട് മാനദണ്ഡങ്ങളില്‍ മൂന്നെണ്ണമെങ്കിലും പൂര്‍ത്തീകരിക്കുന്ന പ്രൊഫഷണലുകള്‍ക്ക് 1990 ലെ ഇമിഗ്രേഷന്‍ ആക്ട് പ്രകാരം അനുവദിക്കുന്നതാണ് ഒ വണ്‍ വിസ. സ്റ്റെം (STEM - Science, Technology, Engineering and Mathematics), ബിസിനസ്, കല, കായികം, സിനിമ, സോഷ്യല്‍ മീഡിയ തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് അവസരം. പ്രധാന അവാര്‍ഡ് നേട്ടം, ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കല്‍, ബന്ധപ്പെട്ട മേഖലക്ക് നല്‍കിയ സംഭാവന തുടങ്ങിയ 8 മാനദണ്ഡങ്ങളാണ് പരിശോധിക്കുന്നത്. അപേക്ഷിക്കുന്ന യോഗ്യരായവരില്‍ 93 ശതമാനം പേര്‍ക്കും വിസ ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. മൂന്ന് വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ പിന്നീട് എത്ര തവണ വേണമെങ്കിലും നീട്ടാവുന്നതുമാണ്. ഓരോ വര്‍ഷവും അനുവദിക്കുന്ന വിസക്ക് പരിധി നിശ്ചയിച്ചിട്ടില്ലാത്തതും പ്രധാന മേന്മയാണ്.

എന്താണ് നേട്ടം

അപേക്ഷിക്കുന്നവരില്‍ 37 ശതമാനത്തിന് മാത്രം എച്ച് വണ്‍ബി വിസയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടങ്ങളാണ് ഒ വണ്‍ വിസ നല്‍കുന്നത്. വിസ ലഭിക്കാന്‍ മിനിമം ശമ്പളം വേണമെന്നില്ല. അതിസാമര്‍ത്ഥ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതിവേഗത്തില്‍ വിസ ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. 2020 സാമ്പത്തിക വര്‍ഷത്തില്‍ വെറും 8,838 പേര്‍ക്ക് മാത്രമാണ് ഒ വണ്‍ വിസ അനുവദിച്ചതെങ്കില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 18,994 എണ്ണമായി വര്‍ധിച്ചു. അപേക്ഷകരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. യു.കെ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഒ വണ്‍ വിസ അനുവദിക്കപ്പെട്ടത് ഇന്ത്യക്കാര്‍ക്കാണെന്നും കണക്കുകള്‍ പറയുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,418 ഇന്ത്യക്കാര്‍ക്ക് ഒ വണ്‍ വിസ ലഭിച്ചെന്നാണ് കണക്ക്.

ബിസിനസുകാര്‍ക്കും കടല് കടക്കാം

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കൊപ്പം സംരംഭക രംഗത്തുള്ളവര്‍ക്കും ഈ വിസ നേടാന്‍ മികച്ച അവസരമാണുള്ളത്. യു.എസില്‍ സംരംഭം വളര്‍ത്താന്‍ പറ്റിയ അവസരമാണിതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 25ാം വയസില്‍ മികച്ച ശമ്പളമുണ്ടായിരുന്ന ജോലി വിട്ട് സംരംഭം ആരംഭിക്കുകയും അതിന്റെ പേരില്‍ ഒ വണ്‍ വിസ ലഭിക്കുകയും ചെയ്ത സൗന്ദര്യ ബാലസുബ്രമണിയെന്ന യുവതിയുടെ അനുഭവമാണ് ഇതിനുള്ള ഉദാഹരണമായി മിക്ക റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാട്ടുന്നത്.

ചെലവ് കൂടുതല്‍

ഗൂഗ്ള്‍, ടെസ്‌ല, മക്കിന്‍സി (McKinsey) തുടങ്ങിയ പ്രമുഖ യു.എസ് കമ്പനികളും ഹാര്‍വാര്‍ഡ്, യേല്‍ തുടങ്ങിയ സര്‍വകലാശാലകളും നിലവില്‍ ഒ വണ്‍ വിസ ഉപയോഗിച്ച് വിദഗ്ധരെ നിയമിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഗവേഷണങ്ങള്‍ സജീവമായതോടെ കൂടുതല്‍ പേര്‍ ഒ വണ്‍ വിസക്കായുള്ള അപേക്ഷകളും വര്‍ധിച്ചു. 10,000 മുതല്‍ 30,000 അമേരിക്കന്‍ ഡോളര്‍ വരെയാണ് ഇതിന് ചെലവാകുന്നത്. എച്ച് വണ്‍ ബി വിസയേക്കാള്‍ 10 മടങ്ങോളം ചെലവാകുമെങ്കിലും പല കമ്പനികളും ഒ വണ്‍ വിസയെ പ്രോത്സാഹിപ്പിക്കുകയാണ്. മികച്ച ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുമെന്നതാണ് കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT