PAN 2.0 project Canva
News & Views

പാന്‍ കാര്‍ഡില്‍ അടുത്ത വര്‍ഷം മുതല്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്? നിലവിലുള്ള കാര്‍ഡുകള്‍ക്ക് എന്ത് സംഭവിക്കും? പാന്‍ 2.0 പദ്ധതി ഇങ്ങനെ

നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയ പദ്ധതിയില്‍ അപേക്ഷ നല്‍കേണ്ടതില്ല

Dhanam News Desk

ആദായ നികുതി വകുപ്പ് അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുന്ന പാന്‍ കാര്‍ഡ് പരിഷ്‌കരണ പദ്ധതി (പാന്‍ 2.0) ഈ രംഗത്ത് അടിസ്ഥാനപരമായ പല മാറ്റങ്ങളും കൊണ്ടു വരുന്നതാകും. 1.435 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ സര്‍വീസ് പ്രൊവൈഡറായി എല്‍ടിഐ മൈന്‍ഡ്ട്രീയെ (LTIMindtree) ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ നികുതി പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സമഗ്രമായ സംവിധാനമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാന്‍കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതാകും പാന്‍ 2.0 എന്നാണ് കരുതുന്നത്.

എല്ലാം ഒരു കുടക്കീഴില്‍

ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം നവംബര്‍ 25 നാണ് കേന്ദ്ര സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയത്. നിലവില്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ മൂന്ന് പോര്‍ട്ടലുകളിലായാണ് കൈകാര്യം ചെയ്യുന്നത്. ഇ-ഫയലിംഗ് പോര്‍ട്ടല്‍, യുടിഐഐടിഎല്‍സ് പോര്‍ട്ടല്‍, പ്രോട്ടീന്‍ ഇ-ഗവ പോര്‍ട്ടല്‍ എന്നിവയാണിത്. എന്നാല്‍ പുതിയ പദ്ധതിയില്‍ എല്ലാം ഒരൊറ്റ പോര്‍ട്ടലിന് കീഴിലെത്തും. പേപ്പര്‍ രഹിത ഇടപാടുകളാണ് പ്രധാന ലക്ഷ്യം. പാന്‍ കാര്‍ഡ് അനുവദിക്കല്‍, അപ്‌ഡേഷന്‍, തെറ്റുതിരുത്തല്‍ എന്നിവ സൗജന്യമായി നല്‍കുന്നതിനും ഇ-പാന്‍കാര്‍ഡ് നല്‍കാനുമാണ് പുതിയ പദ്ധതിയില്‍ സൗകര്യമുള്ളത്.

നിലവിലുള്ള കാര്‍ഡുകള്‍ക്ക് സംഭവിക്കുന്നത്

നിലവില്‍ പാന്‍,ടാന്‍ കാര്‍ഡുകളാണ് നികുതി വകുപ്പ് നല്‍കുന്നത്. രാജ്യത്ത് ഇപ്പോള്‍ 81.24 പേര്‍ക്ക് പാന്‍ നമ്പര്‍ ഉണ്ട്. 73 ലക്ഷം പേര്‍ക്കാണ് ടാന്‍ നമ്പര്‍ ഉള്ളത്. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയ പദ്ധതിയില്‍ അപേക്ഷ നല്‍കേണ്ടതില്ല.

മാറ്റം എന്തിന്?

സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് പുതിയ പാന്‍ 2.0 പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ സംവിധാനത്തിന് യോജിക്കുന്ന വിധത്തില്‍ പാന്‍ നമ്പറുകളെ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. പാന്‍കാര്‍ഡിലുള്ള ക്യൂആര്‍ കോര്‍ഡ് നവീകരിക്കും. ക്യൂആര്‍ കോഡ് ഇല്ലാത്ത പാന്‍കാര്‍ഡ് കയ്യിലുള്ളവര്‍ പുതിയ പദ്ധതി പ്രകാരം അപേക്ഷിച്ചാല്‍ പുതുക്കി ലഭിക്കും.

ആദായ നികുതി വകുപ്പിന്റെ വിശദീകരണമനുസരിച്ച്, വ്യക്തികളുടെ വിവരങ്ങളുടെ സുരക്ഷ, ഉപയോഗിക്കാനുള്ള എളുപ്പം, വേഗത്തിലുള്ള സേവനം, ഡാറ്റകളുടെ സ്ഥിരത, ചെലവ് കുറവ് തുടങ്ങിയ ഗുണങ്ങള്‍ പുതിയ പദ്ധതിക്കുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT