ലോകമെങ്ങുമുള്ള നാനാജാതി മതസ്ഥരെ ഒരുപോലെ സ്പര്‍ശിച്ച വ്യക്തിത്വമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. സമ്പത്തിനോടും സൗകര്യങ്ങളോടും എന്നും അകലം പാലിച്ചിരുന്ന ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ വിടപറയുമ്പോള്‍ നഷ്ടമാകുന്നത് നല്ലൊരു മനുഷ്യ സ്‌നേഹിയെ കൂടിയാണ്. പണത്തോടും സമ്പത്തിനോടും അത്ര അടുപ്പമില്ലാതിരുന്ന, സാധാരണക്കാര്‍ക്കും അവശര്‍ക്കുമായി ശബ്ദമുയര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു പോപ്പിന്റേത്.
ലോകത്തെ 179 രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളുള്ള പരമാധികാര രാഷ്ട്രം കൂടിയായ വത്തിക്കാന്റെ പരമാധികാരി കൂടിയാണ്. ഒട്ടുമിക്ക ലോകരാജ്യങ്ങളിലും സ്വത്തുള്ള കത്തോലിക്കാ സഭയുടെ തലവനെന്ന നിലയില്‍ ശതകോടികളുടെ ആസ്തി കൈകാര്യം ചെയ്തിരുന്നതും പോപ്പിന്റെ കീഴിലായിരുന്നു. സഭയെ ആത്മീയമായി മുന്നോട്ടു നയിക്കാന്‍ ശ്രദ്ധിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പ സാമ്പത്തിക കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം വ്യക്തിജീവിതത്തില്‍ കല്പിച്ചിരുന്നില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രതിമാസം 32,000 ഡോളറാണ് സ്‌റ്റൈപന്റായി ലഭിച്ചിരുന്നത്. ഏകദേശം 27 ലക്ഷം രൂപയോളം വരുമിത്. 2013ല്‍ സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ പരമ്പരാഗതമായി ലഭിക്കുന്ന ഈ തുക വേണ്ടെന്ന് അദ്ദേഹം നിലപാടെടുത്തു. തനിക്ക് ലഭിക്കുമായിരുന്ന ഈ തുക പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് കൈമാറുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്തത്. മാര്‍പാപ്പയാകുന്നതിനു മുമ്പും പള്ളിയില്‍ നിന്നോ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നോ അദ്ദേഹം യാതൊരു പ്രതിഫലവും കൈപ്പറ്റിയിരുന്നില്ല.
2017ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ ലംബോര്‍ഗിനി ഹരിക്കെയ്ന്‍ കമ്പനി സമ്മാനമായി നല്കി. രണ്ടുലക്ഷം ഡോളര്‍ (ഏകദേശം 1.7 കോടി രൂപ) ആയിരുന്നു ഇതിന്റെ വില. തനിക്ക് കിട്ടിയ ഈ കാറില്‍ കാര്യമായി യാത്ര ചെയ്യാന്‍ പോലും അദ്ദേഹം താല്പര്യം കാട്ടിയില്ല. ഈ കാര്‍ ലേലത്തില്‍ വച്ച് അതില്‍ നിന്ന് ലഭിച്ച തുക ദാരിദ്രനിര്‍മാര്‍ജനത്തിനായി അദ്ദേഹം നല്‍കി.
വത്തിക്കാനെ കൂടുതല്‍ ജനകീയമാക്കാനും ആഗോള തലത്തില്‍ സഭയില്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍കൈ എടുത്തിരുന്നു. പല ഘട്ടങ്ങളില്‍ വിവിധ രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കാനും ഉപദേശിക്കാനും ഫ്രാന്‍സിസ് പാപ്പ മറന്നില്ല. മാര്‍പാപ്പ എന്ന സ്ഥാനത്തിന് സാര്‍വത്രിക ആദരവ് ഏറ്റുവാങ്ങിയാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine