റീല്‍ ട്രൈബ് എ.ഐ ഉപയോഗിച്ച് നിര്‍മിച്ച പരസ്യ ചിത്രത്തില്‍ നിന്ന്‌  
News & Views

എ.ഐയും 'ഐഡിയയും' ഒന്നിച്ചപ്പോള്‍ പിറന്നത് മലയാളത്തില്‍ ഹിറ്റ് പരസ്യം! 1,500 എ.ഐ ദൃശ്യങ്ങള്‍ കേരളത്തിലെ പരസ്യ മേഖലയെ മാറ്റിയെഴുതുമോ?

Dhanam News Desk

വിഷുവും ഈസ്റ്ററും കൃഷ്ണനും യേശുക്രിസ്തുവും ചേര്‍ന്നൊരു പരസ്യം. ഇതിനായി ഉപയോഗപ്പെടുത്തിയതാകട്ടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും. സോഷ്യല്‍മീഡിയ പേജുകളില്‍ പബ്ലിഷ് ചെയ്തപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ഒരു മില്യണിലധികം കാഴ്ച്ചക്കാരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സിന്റെ (എ.ഐ) സാധ്യതകള്‍ പരസ്യ മേഖലയില്‍ ഏതു രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതിന്റെ നേര്‍ക്കാഴ്ച്ചയായി മാറുകയാണ് സ്‌കീ ഐസ്‌ക്രീമിനു വേണ്ടി റീല്‍ ട്രൈബ് എന്ന നാലുവര്‍ഷം പ്രായമായ അഡ്വര്‍ടൈസിംഗ് കമ്പനിയുടെ ചിന്തകള്‍.

ഇത്തവണത്തെ വിഷുവിന് സോഷ്യല്‍മീഡിയ ഭരിച്ചത് റീല്‍ ട്രൈബ് സ്റ്റോറിടെല്ലേഴ്സ് യൂണിയനുമായി ചേര്‍ന്ന് നിര്‍മിച്ച സ്‌കീ ഐസ്‌ക്രീമിന്റെ പരസ്യമായിരുന്നു. 3-4 ആഴ്ച്ചകളെടുക്കുന്ന ഒരു പ്രക്രിയയെ ടെക്നോളജി കൃത്യമായി ഉപയോഗിച്ചതോടെ വെറും 7 ദിവസം കൊണ്ട് അവതരിപ്പിക്കാന്‍ അണിയറക്കാര്‍ക്കായി. അക്കഥ തുറന്നുപറയുകയാണ് റീല്‍ ട്രൈബിന്റെ ഡയറക്ടര്‍മാരായ ബിനു ബാലന്‍, ഋഷികേശ് അനില്‍കുമാര്‍, നീതു നടുവത്തേറ്റ് എന്നിവര്‍.

ഐഡിയ വന്നവഴി

സ്‌കീ ഐസ്‌ക്രീമിനു വേണ്ടി ചെയ്ത വിഷു, ഈസ്റ്റര്‍ വീഡിയോ പരസ്യമാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. പരസ്യം എ.ഐ ഉപയോഗിച്ചു ചെയ്തു കൂടേയെന്നൊരു ചിന്തയില്‍ നിന്നാണ് ഈ ഐഡിയ ഉടലെടുക്കുന്നത്. റീല്‍ ട്രൈബ് എന്ന ഞങ്ങളുടെ ഏജന്‍സിയും പ്രൊഡക്ഷന്‍ ടീമായ സ്റ്റോറി ടെല്ലേഴ്സ് യൂണിയനും ചേര്‍ന്നാണ് ഈ ആശയം നടപ്പിലാക്കിയത്. ഞങ്ങളുടെ ആശയം ബ്രാന്റിനു അവതരിപ്പിക്കുകയും അവരതിന് ഓക്കെ പറയുകയും ചെയ്തു. വിഷുവും ഈസ്റ്ററുമായതിനാല്‍ കൃഷ്ണനെയും യേശുവിനെയും ഉള്‍പ്പെടുത്തി പോസിറ്റീവായ രീതിയിലാണ് ആശയം വികസിപ്പിച്ചത്.

ഈ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ മുഴുവനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചെയ്തതാണ്. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പരസ്യം ഇത്തരത്തില്‍ എ.ഐയെ പ്രയോജനപ്പെടുത്തി അണിയിച്ചൊരുക്കുന്നത്. ഡബ്ബിംഗും മാത്രമാണ് എ.ഐയ്ക്ക് പുറത്തു ചെയ്തിരിക്കുന്നത്. 1,500 വിഷ്വല്‍സ് ജനറേറ്റ് ചെയ്തിട്ടാണ് ഈയൊരു പരസ്യം ചെയ്തിരിക്കുന്നത്. ഇതിനായി വ്യത്യസ്ത എ.ഐ സോഫ്ട്വെയറുകളും ഉപയോഗിച്ചിട്ടുണ്ട്.

ഈ വീഡിയോ വെറും 24 മണിക്കൂറിനുള്ളില്‍ പത്തു ലക്ഷത്തിലധികം അധികം ആളുകള്‍ കണ്ടു. എല്ലാവരും പോസിറ്റീവ് പ്രതികരണങ്ങളാണ് നടത്തിയത്. എ.ഐ അഡ്വര്‍ടൈസിംഗ് ഇന്‍ഡസ്ട്രിയില്‍ ഏതു രീതിയില്‍ സ്വാധീനം ചെലുത്തുമെന്ന ചര്‍ച്ചകള്‍ക്കു തുടക്കമിടാനും ഞങ്ങള്‍ക്കായി. എ.ഐ ആണെങ്കില്‍ പോലും ഈ പ്രൊജക്ടിന് പിന്നില്‍ നിരവധി പേരുടെ ചിന്തകളും അധ്വാനവും കടന്നുവന്നിട്ടുണ്ട്. ഭാവിയില്‍ അഡ്വര്‍ടൈസിംഗ് മേഖലയില്‍ ടെക്നോളജിയെ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നതാണ് ഞങ്ങളുടെ അനുഭവം- മൂവരും പറഞ്ഞു നിര്‍ത്തുന്നു.

AI-generated visuals help create a viral Malayalam ad blending Vishu, Easter

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT