image credit : canva 
News & Views

2025ല്‍ മികച്ച നേട്ടം നല്‍കുന്ന നിക്ഷേപം ഏതാണ്? ധനം വായനക്കാര്‍ തിരഞ്ഞെടുത്തത് ഇങ്ങനെ

വായനക്കാര്‍ തിരഞ്ഞെടുത്ത നിക്ഷേപ മാര്‍ഗങ്ങള്‍ 2024ല്‍ നല്‍കിയ നേട്ടമെന്ത്? എങ്ങനെ വളരും

Dhanam News Desk

2025ല്‍ ഏറ്റവും കൂടുതല്‍ നേട്ടം നല്‍കുന്ന നിക്ഷേപം ഓഹരി വിപണിയിലേതാണെന്ന് ധനം ഓണ്‍ലൈന്‍ പോള്‍ ഫലം. പോളില്‍ പങ്കെടുത്ത 56 ശതമാനം പേരും തിരഞ്ഞെടുത്തത് ഓഹരി വിപണിയിലെ നിക്ഷേപത്തെയാണ്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്ന് 30 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടവര്‍ വെറും ഏഴ് ശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തോടുള്ള പ്രിയം കുറഞ്ഞുവരുന്നതായാണ് ഇത് നല്‍കുന്ന സൂചന. 7 ശതമാനം പേര്‍ മറ്റ് നിക്ഷേപങ്ങളാണ് കൂടുതല്‍ നേട്ടം നല്‍കുകയെന്നും അഭിപ്രായപ്പെട്ടു.

പോളില്‍ നല്‍കിയിരിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ കഴിഞ്ഞ കൊല്ലം നല്‍കിയ നേട്ടമെത്രയെന്നും ഭാവി എങ്ങനെയെന്നും പരിശോധിക്കാം.

സ്വര്‍ണം

2024ന്റെ ആരംഭത്തില്‍ സ്വര്‍ണത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മൂല്യം ഏകദേശം 1,21,430 രൂപയായേനെ. 2024ല്‍ സ്വര്‍ണവില ഉയര്‍ന്നത് 21.43 ശതമാനമാണ്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇല്ലെങ്കില്‍ നേട്ടം ഇതിലും ഉയര്‍ന്നേനെ. ഇക്കൊല്ലവും സ്വര്‍ണ വില ഉയരുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ സ്വര്‍ണം ഇക്കൊല്ലവും മികച്ച നിക്ഷേപമായിരിക്കും.

ഓഹരി

കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ വരെ കുതിപ്പ് നടത്തിയിരുന്ന വിപണി പിന്നീട് തിരുത്തലിലേക്ക് മാറിയിരുന്നു. നിഫ്റ്റി50 സെപ്റ്റംബറില്‍ 21 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. ഡിസംബര്‍ എത്തിയപ്പോള്‍ 8.6 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. 2024 ജനുവരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ അതിന്റെ മൂല്യം വര്‍ഷാവസാനം 1,08,580 രൂപയായേനെ. മിഡ്ക്യാപ് ഓഹരികളിലായിരുന്നു നിക്ഷേപമെങ്കില്‍ 1,23,500 രൂപയായി ഇത് ഉയര്‍ന്നേനെ. ഒരുഘട്ടത്തില്‍ 32 ശതമാനം കുതിപ്പ് നടത്തിയ ശേഷമുണ്ടായ തിരുത്തലിനൊടുവില്‍ 23.5 ശതമാനം നേട്ടത്തിലാണ് മിഡ്ക്യാപ് ഓഹരികള്‍ 2024 ഡിസംബര്‍ പൂര്‍ത്തിയാക്കിയത്.

റിയല്‍ എസ്റ്റേറ്റ്

ഹൗസിംഗ് പ്രൈസ് ഇന്‍ഡക്സ് പ്രകാരം പോയ വര്‍ഷം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല നിക്ഷേപത്തിന് അത്ര സുഖകരമായ വര്‍ഷമായിരുന്നില്ല. കൊച്ചിയില്‍ പ്രോപ്പര്‍ട്ടി വില 5.98 ശതമാനം മാത്രമാണ് വളര്‍ച്ച നേടിയത്. ഒരു ലക്ഷം രൂപ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചാല്‍ മൂല്യം 1,05,980 രൂപയില്‍ ഒതുങ്ങും. തിരുവനന്തപുരത്തായിരുന്നെങ്കില്‍ മൂല്യത്തില്‍ 2.16 ശതമാനം കുറവായിരുന്നു 2024 നല്‍കിയത്. അതായത് 1 ലക്ഷം നിക്ഷേപിച്ചാല്‍ അതിന്റെ മൂല്യം 97,840 രൂപയിലൊതുങ്ങിയേനെ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT