ലോക രാജ്യങ്ങള്‍ക്കെല്ലാം തീരുവ ചുമത്തി വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമാനുഷികനാക്കി ഉയര്‍ത്തിക്കാട്ടാന്‍ വൈറ്റ് ഹൗസിന്റെ പരസ്യ പ്രചരണം. പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇപ്പോള്‍ വരുന്നത് ട്രംപിനെ സൂപ്പര്‍മാന്‍ ആക്കിയുള്ള എഐ പോസ്റ്ററുകളാണ്. നേരത്തെ പോപ്പിന്റെ വേഷത്തിലും സ്റ്റാര്‍ വാര്‍സിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ വേഷത്തിലുമെല്ലാം ട്രംപിനെ വൈറ്റ് ഹൗസ് സോഷ്യല്‍മീഡിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്ര നേതാവിന് ഔദ്യോഗിക ഓഫീസ് തന്നെ ഇത്തരത്തില്‍ അമാനുഷിക പരിവേഷം നല്‍കുന്നത് അപൂര്‍വമാണ്. പോസ്റ്ററുകള്‍ക്കെതിരെ അമേരിക്കയില്‍ വിമര്‍ശനങ്ങളും ശക്തമാണ്.
ജനങ്ങള്‍ക്കിടയില്‍ പ്രസിഡന്റിന്റെ ഇമേജ് വര്‍ധിപ്പിക്കുന്നതിനുള്ള വൈറ്റ് ഹൗസ് പിആര്‍ വിഭാഗത്തിന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്ററാണ് സൂപ്പര്‍മാന്റേത്. വിഖ്യാതമായ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ രൂപത്തില്‍ ചുവപ്പും നീലയും വേഷത്തില്‍ നില്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. ട്രൂത്ത്, ജസ്റ്റിസ് ആന്റ് ദ അമേരിക്കന്‍ വേ, സൂപ്പര്‍മാന്‍ ട്രംപ് (truth justice and the American way-superman trump) എന്ന അടിക്കുറിപ്പും പോസ്റ്റിന് നല്‍കിയിട്ടുണ്ട്.
പുതിയ സൂപ്പര്‍മാന്‍ സിനിമ റിലീസ് ആകുന്നതിനോട് അനുബന്ധിച്ചാണ് ട്രംപിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിനും ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. പോസ്റ്ററിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ കടുത്ത വിമര്‍ശനവുമുണ്ട്. സൂപ്പര്‍മാര്‍ ഒരു കുടിയേറ്റക്കാരനാണെന്നും കുടിയേറ്റക്കാരെ തിരിച്ചയക്കാനാണോ പ്രസിഡന്റിന്റെ ഭാവമെന്നും ചിലര്‍ ചോദിക്കുന്നു.
അമേരിക്കന്‍ മാധ്യമങ്ങളോടുള്ള ട്രംപിന്റെ പ്രതികരണങ്ങളില്‍ പലതും വൈറ്റ്ഹൗസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്ററുകളായി വരുന്നുണ്ട്. താന്‍ പോപ്പ് ആകാന്‍ ആഗ്രഹിക്കുന്നുവെന്ന തമാശ രൂപേണയുള്ള പ്രതികരണത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യേക്ഷപ്പെട്ടത് പോപ്പിന്റെ വേഷത്തിലുള്ള ട്രംപിന്റെ പോസ്റ്ററാണ്. സ്റ്റാര്‍ വാര്‍സിലെ സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ വേഷത്തിലും ട്രംപ് പ്രത്യക്ഷപ്പെടുന്നുണ്ട്. പോസ്റ്ററുകള്‍ക്കെല്ലാം രണ്ട് ലക്ഷത്തോളം ലൈക്കുകളുണ്ട്. അര ലക്ഷത്തോളം പേരുടെ വിമര്‍ശനങ്ങളും.
Read DhanamOnline in English
Subscribe to Dhanam Magazine