ഐഐടി ഹൈദരാബാദിന്റെ പ്ലേസ്മെന്റ് ചരിത്രത്തില്‍ ഇതുവരെ കാണാത്തൊരു നേട്ടമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയായ എഡ്വേര്‍ഡ് നാഥന്‍ വര്‍ഗീസ് ആഗോള ട്രേഡിംഗ് കമ്പനിയായ ഓപ്റ്റിവര്‍-ല്‍ നിന്ന് 2.5 കോടി വാര്‍ഷിക പാക്കേജ് സ്വന്തമാക്കി. 2008-ല്‍ സ്ഥാപിതമായ ഐഐടി ഹൈദരാബാദില്‍ ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്ലേസ്മെന്റ് ഓഫറാണിത്.
നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ ഓപ്റ്റിവറിലെ സമ്മര്‍ ഇന്റേണ്‍ഷിപ്പിനിടയില്‍ കാഴ്ചവെച്ച പ്രകടനമാണ് എഡ്വേര്‍ഡിന് ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് വഴി തുറന്നത്. ഇന്റേണ്‍ഷിപ്പിന് പിന്നാലെ തന്നെ കമ്പനി പ്രീ-പ്ലേസ്മെന്റ് ഓഫര്‍ (PPO) നല്‍കി. 2026 ജൂലൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുമെന്നാണ് വിവരം.
ഈ പ്ലേസ്മെന്റിന്റെ മറ്റൊരു കൗതുകം, സീസണിലെ അദ്ദേഹത്തിന്റെ ആദ്യ ഇന്റര്‍വ്യൂ വഴിയാണ് ഇത്ര വലിയ ഓഫര്‍ ലഭിച്ചത് എന്നതാണ്. മുമ്പ് ഐഐടി ഹൈദരാബാദില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന പാക്കേജ് ഏകദേശം 1.1 കോടി മാത്രമായിരുന്നു. പുതിയ ഓഫര്‍ ഇരട്ടിയിലേറെ.
ഹൈദരാബാദ് സ്വദേശിയായ എഡ്വേര്‍ഡ്, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ബംഗളൂരുവിലാണ്. ജെഇഇ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകളില്‍ മികച്ച റാങ്കുകള്‍ നേടിയ ശേഷമാണ് ഐഐടി ഹൈദരാബാദിലേക്ക് എത്തുന്നത്. അക്കാദമിക് മികവിനൊപ്പം, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓഫീസ് ഓഫ് കരിയര്‍ സര്‍വീസസിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റേണ്‍ഷിപ്പുകളും പ്ലേസ്മെന്റുകളും കൈകാര്യം ചെയ്യുന്ന ടീമുകള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവം ഈ ചെറുപ്പക്കാരനുണ്ട്.
കടുത്ത മത്സരവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്ന സമയത്താണ് ഈ റെക്കോര്‍ഡ് ഓഫര്‍. ഐഐടി ഹൈദരാബാദിന് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ടെക് ക്യാമ്പസുകള്‍ക്കും പ്രചോദനമാകുന്നൊരു നേട്ടമായി എഡ്വേര്‍ഡ് നാഥന്‍ വര്‍ഗീസിന്റെ വിജയം മാറുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine