ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉത്പാദനം ഇരട്ടിയാക്കാനുള്ള ആപ്പിളിന്റെ നീക്കത്തോട് വിയോജിച്ചെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആഗ്രഹം പൂവണിയാന്‍ സാധ്യതയില്ല. ഐഫോണ്‍ ഉത്പാദനം യു.എസിലേക്ക് പറിച്ചുനടണമെന്നാണ് ട്രംപിന്റെ ആഗ്രഹം. ഇക്കാര്യം കഴിഞ്ഞ ദിവസം താന്‍ ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് തുറന്നു പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.
ചൈനയില്‍ നിന്ന് ഐഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കങ്ങള്‍ക്ക് യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന തിരിച്ചടിയായേക്കുമോയെന്ന ഭയം കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പദ്ധതികള്‍ മുന്‍ നിശ്ചയിച്ചപ്രകാരം മുന്നോട്ടു പോകുമെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐഫോണ്‍ ഉത്പാദനം യു.എസിലേക്ക് മാറ്റണമെന്ന ട്രംപിന്റെ ആഗ്രഹം നടക്കാത്തതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് യു.എസില്‍ തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെ എല്ലാ ചെലവുകളും കൂടുതലാണ്. ഈ ചെലവുകള്‍ എല്ലാം തിരിച്ചുകിട്ടണമെങ്കില്‍ നിലവില്‍ 85,000 രൂപയുള്ള ഒരു ഐഫോണ്‍ മോഡലിന്റെ വില 2.5 ലക്ഷമാക്കേണ്ടി വരും. അങ്ങനെ വിലവര്‍ധിച്ചാല്‍ ഐഫോണിന്റെ മാര്‍ക്കറ്റ് തകര്‍ന്നടിയും.
നിലവില്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ 80 ശതമാനം ഉത്പാദനവും ചൈനയിലാണ്. 5 മില്യണ്‍ തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റുന്നതിലൂടെ ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ആപ്പിളിന് സാധിക്കും. ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് ആപ്പിളില്‍ നിന്നുണ്ടാകുന്നത്.
ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണശാലകളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 290 ഡോളറാണ്, ഏകദേശം 24,650 രൂപ. കുറഞ്ഞ വേതനം നല്കിയാല്‍ മതിയെന്നതാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇനി ഇതേ ഐഫോണ്‍ യു.എസിലാണ് നിര്‍മിക്കുന്നതെന്ന് കരുതുക. തൊഴിലാളിയുടെ കൂലി മാത്രം 2,900 ഡോളര്‍ നല്‌കേണ്ടിവരും.
ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 2.5 ലക്ഷം രൂപ അടുത്ത്. ഇന്ത്യയില്‍ 10 തൊഴിലാളികള്‍ക്ക് നല്‌കേണ്ട കൂലി യു.എസില്‍ ഒരാള്‍ക്ക് മാത്രം നല്‌കേണ്ടി വരും. അസംസ്‌കൃത വസ്തുക്കളുടെ വില ഇന്ത്യയിലാണെങ്കില്‍ 30 ഡോളര്‍ (2,500 രൂപ) ആകുമ്പോള്‍ യു.എസില്‍ ഇത് 390 ഡോളറാകും (ഏകദേശം 33,000 രൂപ).
ഇത്തരത്തില്‍ നിര്‍മാണ ചെലവ് ഭീമമായി വര്‍ധിക്കുമ്പോള്‍ ഒരു യൂണിറ്റ് വില്ക്കുമ്പോള്‍ 450 ഡോളര്‍ ലാഭം കിട്ടിയിരുന്നത് വെറും 60 ഡോളറായി ചുരുങ്ങും. ട്രംപിന്റെ മാത്രം താല്പര്യം സംരംക്ഷിക്കാന്‍ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ഇത്തരമൊരു സാഹസത്തിന് ശ്രമിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine