സുരക്ഷിത നിക്ഷേപമെന്ന സ്ഥാനമാണ് സ്വര്‍ണത്തിനും വെള്ളിക്കും ലോകം നല്കിയിരിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മഹാമാരികളും ഉണ്ടാകുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നതിന്റെ കാരണവും ഇതുതന്നെ. ഓഹരിവിപണിയും ബാങ്ക് നിക്ഷേപങ്ങളും അനാകര്‍ഷകമാകുമ്പോഴും സ്വര്‍ണവും വെള്ളിയും തിളങ്ങിയിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമാകുകയാണ് ഇത്തവണത്തെ യുദ്ധം.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ സ്വര്‍ണം, വെള്ളി വിലകള്‍ കുതിച്ചുയരുന്നില്ലെന്ന് മാത്രമല്ല, താഴേക്ക് പോകുകയാണ് ചെയ്യുന്നത്. 2025ല്‍ നിന്ന് നേര്‍വിപരീതമായ സ്വഭാവത്തിലാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ യാത്ര.
2025ല്‍ സ്വര്‍ണവും വെള്ളിയും നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ചിരുന്നു. മറ്റെല്ലാ നിക്ഷേപക മാര്‍ഗങ്ങളേക്കാള്‍ മൂല്യം നല്കാന്‍ ഇവയ്ക്ക് സാധിച്ചു. വെള്ളി കഴിഞ്ഞവര്‍ഷം 165 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ സ്വര്‍ണത്തിന്റെ കുതിപ്പ് 75 ശതമാനത്തിനടുത്തായിരുന്നു. കുതിപ്പിന്റെ ഈ ലക്ഷണം 2026ന്റെ തുടക്കത്തിലും ദൃശ്യമായിരുന്നു. എന്നാല്‍ ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതോടെ കഥമാറി.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ 2025 സ്വര്‍ണത്തെ സംബന്ധിച്ച് തിരുത്തല്‍ വര്‍ഷമായിരുന്നു. നിക്ഷേപകരും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ഡിമാന്‍ഡ് കൂടാന്‍ കാരണം. എന്നാല്‍ ഇത്തവണത്തെ സംഘര്‍ഷത്തില്‍ എല്ലാം നേരെ തിരിഞ്ഞു. എണ്ണവില കുത്തനെ ഉയര്‍ന്നതോടെ വിലക്കയറ്റ റിസ്‌ക് കൂടി. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡിലും കുറവുണ്ടാക്കി.
ഫെബ്രുവരി അവസാനം യുദ്ധം തുടങ്ങിയ ശേഷം ഇരു ലോഹങ്ങളും വലിയ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണവില 10 ശതമാനത്തിലധികം താഴ്ന്നപ്പോള്‍ വെള്ളിവില 22 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞു. യുദ്ധം വേഗത്തില്‍ തീരുമെന്ന പ്രതീക്ഷയില്‍ മാര്‍ച്ച് ആദ്യം ഉയര്‍ന്ന സ്വര്‍ണവില പിന്നീട് താഴേക്ക് കൂപ്പുകുത്താനുള്ള കാരണവും ഇതുതന്നെ. നീണ്ടുനില്‍ക്കുന്ന യുദ്ധം ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും രാജ്യങ്ങളില്‍ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമായതും സ്വര്‍ണത്തിന് ക്ഷീണമായി.
ഏതൊരു രാജ്യാന്തര സംഘര്‍ഷത്തിന്റെയും തുടക്കത്തില്‍ സ്വര്‍ണവില കുത്തനെ കയറുകയും പിന്നീട് യുദ്ധം നീണ്ടുനിന്നാല്‍ താഴേക്ക് വീഴുന്നതുമാണ് ചരിത്രം. മുമ്പ് റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയ സമയത്തും സമാനമായിരുന്നു സ്ഥിതി. 2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ച ആഴ്ച്ചയില്‍ സ്വര്‍ണവില 4 ശതമാനത്തോളം ഉയര്‍ന്നു. വെള്ളിവിലയില്‍ അന്ന് 6 ശതമാനമാണ് വര്‍ധിച്ചത്.
എന്നാല്‍ പിന്നീട് യുദ്ധം ഉടന്‍ തീരില്ലെന്ന സ്ഥിതി വന്നതോടെ വില താഴാനും ആരംഭിച്ചു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യ-പാക് സംഘര്‍ഷസമയത്ത് സ്വര്‍ണം, വെള്ളി വിലകള്‍ കാര്യമായി ഉയര്‍ന്നിരുന്നില്ല. ഇന്ധന വിതരണത്തെ ബാധിക്കാത്തതായിരുന്നു കാരണം.
സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളി കൂടുതല്‍ വ്യവസായിക ആവശ്യകതയുള്ള ലോഹമാണ്. യുദ്ധം തുടങ്ങുമ്പോള്‍ ഇന്‍ഡസ്ട്രീയല്‍ ഡിമാന്‍ഡ് കുറയുന്നതാണ് വെള്ളിയെ ബാധിക്കുന്നത്. സപ്ലൈ ചെയിനുകള്‍ തടസപ്പെട്ടതും നിര്‍മാണരംഗത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്നതും വെള്ളിക്ക് തിരിച്ചടിയായി. ആഗോളതലത്തില്‍ വെള്ളിയുടെ 60 ശതമാനവും ഇലക്ട്രോണിക്‌സ്, സോളാര്‍ പാനല്‍, ഓട്ടോമൊബീല്‍ രംഗങ്ങളിലാണ് ഉപയോഗിക്കുന്നത്. യുദ്ധം നീണ്ടുനിന്നാല്‍ വെള്ളിവില ഇനിയും ഇടിഞ്ഞേക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine