ചൈനയിലെ ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നവര്‍ ഇപ്പോള്‍ ഇന്ത്യയുടെ കാര്യം കണ്ട് മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ്. ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ രാജ്യത്ത് വൈദ്യുത സ്തംഭനം ഉറപ്പാണെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍.
രാജ്യത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍ നിന്നാണ്. കല്‍ക്കരി നിലയങ്ങളില്‍ ഏതാനും ദിവസങ്ങള്‍ മാത്രം ഉപയോഗിക്കാനുള്ള സ്‌റ്റോക്ക് മാത്രമേ ശേഷിക്കുന്നുള്ളൂ. പകുതിയിലേറെ പ്ലാന്റുകള്‍ പ്രവര്‍ത്തനം നിലച്ചേക്കുമെന്ന അലര്‍ട്ടും നല്‍കി കഴിഞ്ഞു.
ദസറയും നവരാത്രിയുമെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം ആഘോഷിക്കാനിരിക്കെ വരും ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം കൂടും. പക്ഷേ ഉല്‍പ്പാദനം കുത്തനെ ഇടിയും. രാജ്യത്തെ ഉറ്റുനോക്കുന്ന കടുത്ത ഊര്‍ജ്ജപ്രതിസന്ധിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
മൂന്ന് മാസത്തെ സ്റ്റോക്ക് കോള്‍ ഇന്ത്യ സൂക്ഷിക്കണമെന്ന ചട്ടം ലഘൂകരിച്ച കേന്ദ്രചട്ടം ഇപ്പോള്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. കോവിഡ് രാജ്യത്ത് ആഞ്ഞുവീശിയപ്പോള്‍ ഡിമാന്റ് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കല്‍ക്കരി കരുതല്‍ സ്‌റ്റോക്ക് കാലാവധി വീണ്ടും കുറച്ചു.
സ്വകാര്യ വൈദ്യുത മേഖലയ്ക്കായി കൈമാറിയ കല്‍ക്കരി ഖനികളില്‍ നിന്നുള്ള കല്‍ക്കരി ഉപയോഗിച്ച് പലരും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നും അത് ചൈനയ്ക്ക് അതേ പടി വില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വൈദ്യുതി ഉല്‍പ്പാദനം കൂട്ടാന്‍ കല്‍ക്കരി ഖനികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയതു കൊണ്ടുള്ള മെച്ചം അതുകൊണ്ട് തന്നെ കാര്യമായുണ്ടായില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ ഗ്രാമങ്ങള്‍ പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയത് ഊര്‍ജ്ജ ഉപഭോഗം കൂട്ടിയെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും ഇതിനിടെ വിമര്‍ശന വിധേയമാകുന്നുണ്ട്. ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് രാജ്യം കടന്നതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും കേന്ദ്രം മനസ്സിലാക്കുന്നില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒക്ടോബര്‍ മധ്യത്തോടെ കോള്‍ ഇന്ത്യ ഉല്‍പ്പാദനം പ്രതിദിനം 1.9 ദശലക്ഷം ടണ്ണാക്കി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. നിലവില്‍ ഇത് 1.7 ദശലക്ഷം ടണ്ണാണ്.
മണ്‍സൂണ്‍ കാലത്ത് ഈസ്റ്റേണ്‍, സെന്‍ട്രല്‍ ഇന്ത്യയിലെ കല്‍ക്കരി ഖനികളില്‍ ഖനനം തടസ്സപ്പെടാറുണ്ട്. ഇത്തവണയും അതുണ്ടായി. കല്‍ക്കരിയുടെ ചരക്ക് നീക്കവും കനത്ത മഴ കാരണം തടസ്സപ്പെട്ടിട്ടുണ്ട്. മഴ കുറഞ്ഞാല്‍ മാത്രമേ ഖനനം സാധാരണ നിലയിലായി ചരക്ക് നീക്കം സുഗമമാകുകയുള്ളൂ.
ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍ക്കരി സ്റ്റോക്ക് കാലാവധി കൂട്ടിയിരുന്നത്. അത് കുറച്ചപ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമായി.
കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ സ്‌പോട്ട് പ്രൈസ് കുതിച്ചുയര്‍ന്നു. ഈ ഉയര്‍ന്ന വില രാജ്യത്തെ പല കല്‍ക്കരി ഖനികളെയും പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീരുമാനത്തിലെത്തിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine