കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ വെറും ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമല്ല, കായിക വ്യവസായത്തിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ്. സൂപ്പര്‍ ലീഗ് കേരള ആരംഭിച്ചതോടെ സംസ്ഥാനത്തെ നിരവധി പ്രമുഖ കമ്പനികള്‍ ഫുട്ബോള്‍ ക്ലബുകളിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇതിനിടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാന്‍ പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ്വെയറും ലുലു ഗ്രൂപ്പും സംയുക്തമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, കേരളത്തിലെ കോര്‍പ്പറേറ്റ് മേഖലയുടെയും ഫുട്ബോളിന്റെയും ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ വാര്‍ത്തയെ വിലയിരുത്തുന്നത്.
അതേസമയം, സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥരായ ഐബിഎസ് ഗ്രൂപ്പ് മലബാറില്‍ ഏകദേശം 100 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് കേരളത്തിലെ വന്‍കിട കമ്പനികള്‍ ഫുട്ബോള്‍ രംഗത്തേക്ക് ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
ഒരു ബ്രാന്‍ഡിനെ ജനങ്ങളിലെത്തിക്കാന്‍ പരമ്പരാഗത പരസ്യങ്ങള്‍ക്ക് വലിയ ചെലവാണ് വേണ്ടത്. എന്നാല്‍ ജനങ്ങള്‍ വൈകാരികമായി ബന്ധപ്പെടുന്ന ഒരു ഫുട്ബോള്‍ ക്ലബുമായി ചേര്‍ന്നുനില്‍ക്കുന്നത് ബ്രാന്‍ഡിന് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്നു.
കേരളത്തില്‍ ഫുട്ബോളിന് ലഭിക്കുന്ന ജനപ്രീതി കണക്കിലെടുക്കുമ്പോള്‍, ലുലു ഗ്രൂപ്പ്, ഐബിഎസ്, ബിസ്മി ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ക്ലബുകളുടെ ഉടമസ്ഥതയിലൂടെ ലക്ഷക്കണക്കിന് ആരാധകരിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ കഴിയുന്നു. മത്സരങ്ങളും സോഷ്യല്‍ മീഡിയയും ആരാധക സമൂഹവും ചേര്‍ന്ന് ഈ ബ്രാന്‍ഡുകള്‍ക്ക് കോടികള്‍ മുടക്കിയാല്‍ പോലും ലഭിക്കാത്തത്ര പബ്ലിസിറ്റി നല്കുന്നു.
ഐബിഎസ് സോഫ്റ്റ്വെയര്‍ ഇതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. ബിസിനസ് മേഖലയ്ക്ക് പുറത്തുള്ള പൊതുജനങ്ങള്‍ക്കിടയില്‍ അധികം പരിചിതമല്ലാതിരുന്ന കമ്പനിയും സ്ഥാപകന്‍ വി.കെ. മാത്യൂസും ഇന്ന് ഫുട്ബോളിലൂടെ കേരളത്തിലെ വലിയൊരു വിഭാഗത്തിന് സുപരിചിതരാണ്.
ഇന്ന് ഫുട്ബോള്‍ ക്ലബുകളുടെ ബിസിനസ് മത്സരം നടക്കുന്ന 90 മിനിറ്റില്‍ ഒതുങ്ങുന്നില്ല. സ്റ്റേഡിയം, പരിശീലന കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് അക്കാദമികള്‍, മര്‍ച്ചന്‍ഡൈസ് വില്‍പ്പന, ഡിജിറ്റല്‍ കണ്ടന്റ്, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റിംഗ് തുടങ്ങി നിരവധി വരുമാന സ്രോതസുകളാണ് ആധുനിക ഫുട്ബോള്‍ ക്ലബുകള്‍ക്കുള്ളത്.
ഐബിഎസ് പ്രഖ്യാപിച്ച 100 കോടി രൂപയുടെ സ്റ്റേഡിയം പദ്ധതിയും ഈ സമീപനത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ രൂപംകൊണ്ടാല്‍ അവയെ ചുറ്റിപ്പറ്റി റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, വിനോദം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും ബിസിനസ് അവസരങ്ങള്‍ വര്‍ധിക്കും.
യൂറോപ്പിലെ പ്രമുഖ ക്ലബുകള്‍ പോലെ സ്വന്തമായി ഫുട്ബോള്‍ അക്കാദമികള്‍ സ്ഥാപിച്ച് പ്രതിഭകളെ വളര്‍ത്തുകയും പിന്നീട് മറ്റ് ക്ലബുകള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നത് ലാഭകരമായ ബിസിനസ് മോഡലാണ്.
കേരളത്തിലും ഇത്തരത്തിലുള്ള മാതൃക പിന്തുടരാനുള്ള ശ്രമങ്ങളാണ് ആരംഭിക്കുന്നത്. യുവതാരങ്ങളെ വാര്‍ത്തെടുക്കുകയും അവരുടെ ട്രാന്‍സ്ഫര്‍ ഫീസിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്ലബുകളുടെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ (CSR) ഭാഗമായും ഫുട്ബോളിലേക്കുള്ള നിക്ഷേപങ്ങളെ കമ്പനികള്‍ കാണുന്നു. കേരളത്തില്‍ ഫുട്ബോള്‍ വെറുമൊരു കായിക ഇനമല്ല, വലിയൊരു സാമൂഹിക വികാരമാണ്. ആ വികാരത്തിനൊപ്പം നില്‍ക്കുന്നത് ബ്രാന്‍ഡുകളുടെ വിശ്വാസ്യതയും പൊതുസ്വീകാര്യതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഐബിഎസ് സോഫ്റ്റ്വെയറും ലുലു ഗ്രൂപ്പും ചേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍, കേരളത്തിലെ കായിക ബിസിനസ് ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഇടപാടുകളിലൊന്നായിരിക്കും അത്.
രാജ്യത്തെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ക്ലബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ കായിക നേട്ടങ്ങളിലും ദീര്‍ഘകാല ബിസിനസ് തന്ത്രങ്ങളിലും കൂടുതല്‍ ശക്തമായ മാനേജ്‌മെന്റിന്റെ ആവശ്യം സംബന്ധിച്ച് ആരാധകരും വിദഗ്ധരും ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പുതിയ നിക്ഷേപവും മാനേജ്‌മെന്റും യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ഫുട്ബോള്‍ വ്യവസായത്തിന് അത് പുതിയ ദിശ നല്‍കാന്‍ സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine