en.kremlin.ru, canva
News & Views

മൂന്നു ലക്ഷം സൈനികരെ അതിര്‍ത്തിയിലെത്തിക്കാന്‍ വെറും 30 ദിവസം, സൈനികശക്തി വര്‍ധിപ്പിക്കാന്‍ ശതകോടികള്‍ ചെലവഴിക്കുന്നു; റഷ്യയെ പൂട്ടാനോ നാറ്റോയുടെ തീക്കളി?

തങ്ങള്‍ക്കൊപ്പമുള്ള ഏതെങ്കിലുമൊരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ നാറ്റോ അംഗരാജ്യത്തിന് പൂര്‍ണപിന്തുണ നല്കുകയെന്നതാണ് നാറ്റോയുടെ പ്രഖ്യാപിത നിലപാട്

Dhanam News Desk

റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരേ പോരാടുന്ന യുക്രെയ്‌ന് പിന്തുണയുമായി നാറ്റോ സഖ്യകക്ഷികള്‍ (North Atlantic Treaty Organization-NATO) രംഗത്തുണ്ടെങ്കിലും അതൊന്നും കൂസാതെയാണ് വ്‌ളാഡിമിര്‍ പുടിന്റെ പോക്ക്. യുക്രെയ്‌നെ കീഴടക്കിയാല്‍ കൂടുതല്‍ രാജ്യങ്ങളെ റഷ്യ ഉന്നംവയ്ക്കുമെന്ന ഭയം യൂറോപ്പിനുണ്ട്.

അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ സഖ്യകക്ഷികള്‍ ഇക്കാര്യത്തില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികള്‍ സംരംക്ഷിക്കാനായി കൂടുതല്‍ വിഹിതം സൈനിക ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ നാറ്റോ അംഗ രാജ്യങ്ങള്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.

നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മിലിട്ടറി വിനിയോഗിക്കലിനാണ് ഓരോ രാജ്യങ്ങളും തയാറെടുക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഭീഷണി തന്നെയാണ് നാറ്റോ രാജ്യങ്ങളെ ഇത്തരത്തില്‍ സൈന്യത്തെ ആധുനികാവല്‍ക്കരിക്കുന്നതിലേക്ക് നയിക്കുന്നത്.

എയര്‍ ഡിഫന്‍സ് സിസ്റ്റം, ദീര്‍ഘദൂര മിസൈല്‍, കവചിത വാഹനങ്ങള്‍, ഡ്രോണ്‍ അടക്കം തന്ത്രപരമായ ശാക്തീകരണമാണ് രാജ്യങ്ങള്‍ നടത്തുന്നത്. ഓരോ രാജ്യങ്ങളും വ്യത്യസ്തമായിട്ടാണ് പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കല്‍ വര്‍ധിപ്പിക്കുന്നത്.

യു.എസിന്റെ ആവശ്യത്തോട് വിമുഖത

ഓരോ അംഗരാജ്യവും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5 ശതമാനം പ്രതിരോധ ബജറ്റിനായി മാറ്റിവയ്ക്കണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്. 3.5 ശതമാനം യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനും 1.5 ശതമാനം വിഹിതം റോഡ്, പാലങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായിട്ടും. യുദ്ധം ഉണ്ടാകുന്ന പക്ഷം സൈന്യത്തിന് കൂടുതല്‍ വേഗത്തില്‍ നീങ്ങുന്നതിനാണ് ഇത്.

യു.എസിന്റെ ആവശ്യത്തോട് മിക്ക രാജ്യങ്ങളും നോ പറഞ്ഞിട്ടുണ്ട്. ജിഡിപിയുടെ നല്ലൊരു പങ്ക് പ്രതിരോധത്തിനായി നീക്കി വയ്ക്കുന്നത് മിക്ക രാജ്യങ്ങളെയും സാരമായി ബാധിക്കും. പല രാജ്യങ്ങളും രണ്ട് ശതമാനം പോലും പ്രതിരോധ ബജറ്റിനായി മാറ്റിവയ്ക്കാന്‍ കഷ്ടപ്പെടുകയാണ്.

നാറ്റോയില്‍ ചേരാനുള്ള യുക്രെയ്‌ന്റെ താല്പര്യങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള അധിനിവേശത്തിലേക്ക് നയിച്ചതും. തങ്ങള്‍ക്കൊപ്പമുള്ള ഏതെങ്കിലുമൊരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ നാറ്റോ അംഗരാജ്യത്തിന് പൂര്‍ണപിന്തുണ നല്കുകയെന്നതാണ് നാറ്റോയുടെ പ്രഖ്യാപിത നിലപാട്. യുക്രെയ്ന്‍ അംഗമല്ലാതിരുന്നതാണ് നാറ്റോ രാജ്യങ്ങള്‍ക്ക് റഷ്യന്‍ അധിനിവേശത്തിനെതിരേ നേരിട്ട് ഏറ്റുമുട്ടാന്‍ സാധിക്കാതിരുന്നതിന് കാരണം.

നാറ്റോ രാജ്യങ്ങള്‍ക്കെതിരേ റഷ്യ യുദ്ധത്തിന് വന്നാല്‍ 30 ദിവസത്തിനുള്ളില്‍ അതിര്‍ത്തിയിലേക്ക് മൂന്നുലക്ഷം സൈനികരെ എത്തിക്കാന്‍ പറ്റുന്ന പദ്ധതികളാണ് സംഘടന തയാറാക്കുന്നത്. അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ പ്രതിരോധ സംവിധാനം സുസജ്ജമാക്കുകയെന്ന ലക്ഷ്യവും സൈന്യത്തെ നവീകരിക്കുന്നതിലൂടെ നാറ്റോയ്ക്കുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രതിരോധ മേഖലയ്ക്ക് വലിയ വിഹിതം യൂറോപ്യന്‍ രാജ്യങ്ങള്‍ മാറ്റിവച്ചിരുന്നില്ല. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നെതര്‍ലന്‍ഡ്‌സും സ്വീഡനും യു.എസില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT