Image : Canva 
News & Views

ഇറാന്റെ 'സമ്മര്‍ദതന്ത്രം' പാളുന്നു, എണ്ണയില്‍ പൊള്ളിയപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ടെഹ്‌റാനെതിരേ; ഈ മൂന്ന് കാര്യങ്ങള്‍ നിര്‍ണായകം

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം ഉടനൊന്നും അവസാനിക്കില്ലെന്ന് ഉറപ്പായതോടെ ക്രൂഡ്ഓയില്‍ വില വീണ്ടും മൂന്നക്കം കടന്നു. ബ്രെന്റ് ക്രൂഡിന് മാര്‍ച്ച് 12 വ്യാഴാഴ്ച രാവിലത്തെ വില 101 ബാരലിന് 101 ഡോളറാണ്. ഇന്നലെ 87 ഡോളര്‍ വരെ താഴ്ന്ന ശേഷമാണ് വില കുതിച്ചുയര്‍ന്നത്. വരും മണിക്കൂറുകളില്‍ വില വീണ്ടും 120 ഡോളറിലേക്ക് എത്തുമെന്നാണ് സൂചന.

യുഎന്‍ പൊതുസഭയില്‍ ഇറാന്റെ നീക്കങ്ങള്‍ക്കെതിരേ അംഗരാജ്യങ്ങള്‍ രംഗത്തുവന്നത് യുഎസിനും ഇസ്രയേലിനും നേട്ടമായി. ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകളെ ആക്രമിച്ചും ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണസംഭര ശാലകളില്‍ മിസൈല്‍ ആക്രമണം നടത്തിയും ക്രൂഡ് വില ഉയര്‍ത്തി സമ്മര്‍ദം ശക്തമാക്കുകയാണ് ഇറാന്റെ തന്ത്രം.

ഇറാന്റെ പാളുന്ന തന്ത്രം

യുദ്ധത്തിന്റെ തുടക്കത്തില്‍ അനുഭാവം പുലര്‍ത്തിയിരുന്ന രാജ്യങ്ങളെ പോലും ശത്രുക്കളാക്കി മാറ്റുന്ന സമീപനമാണ് ഇറാന്‍ പുറത്തെടുക്കുന്നത്. നിഷ്പക്ഷമായി നിന്ന ഒമാനിലെ എണ്ണശുദ്ധീകരണ ശാലകള്‍ക്കു നേരെ പോലും ഇറാന്‍ മിസൈല്‍ തൊടുത്തു. ഇറാനോട് മാനസികമായി അടുപ്പമുണ്ടായിരുന്ന ഖത്തറിനു നേരെയും നിരന്തരം ആക്രമണം നടക്കുന്നു. ഇസ്രയേലിനെ ലക്ഷ്യം വച്ചിരുന്ന ഇറാന്‍ മിസൈലുകള്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പായുന്നത്.

ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇറാന്‍ മേഖലയില്‍ ഒറ്റപ്പെടാനുള്ള സാധ്യതകളാണ് സൈനികനേതൃത്വം തുറന്നു വയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞതിന് തൊട്ടടുത്ത മണിക്കൂറില്‍ തന്നെ ഉറപ്പ് ലംഘിക്കപ്പെട്ടു. ഇറാന്റെ നേതൃത്വത്തില്‍ സൈന്യത്തിന് കൂടുതല്‍ സ്വാധീനം വന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയെന്ത്?

റഷ്യയില്‍ നിന്ന് കൂടുതല്‍ ക്രൂഡ്ഓയിലും പ്രകൃതിവാതകവും ഇന്ത്യയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങും മുമ്പ് റഷ്യന്‍ തീരത്തു നിന്ന് പുറപ്പെട്ട കപ്പലുകളിലെ എണ്ണയാണ് ഇന്ത്യന്‍ തീരത്തേക്ക് അടുത്തത്. ഇന്ത്യയ്ക്ക് താല്ക്കാലിക ആശ്വാസം ലഭിക്കാന്‍ ഇതുവഴി സാധിക്കും. അതേസമയം, ആഗോള ക്രൂഡ് വില ഉയര്‍ന്നതോടെ റഷ്യ വിലകൂട്ടിയാകും ഇന്ത്യയ്ക്ക് എണ്ണ നല്കുക.

രാജ്യത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്ത മാസം നടക്കാനിരിക്കേ പെട്രോള്‍, ഡീസല്‍വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ല. അതേസമയം, മുന്‍കാലങ്ങളില്‍ ലാഭത്തില്‍ വിറ്റ എണ്ണയില്‍ നിന്നുള്ള വരുമാനത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. യുദ്ധം അവസാനിച്ചാല്‍ എണ്ണവില കുത്തനെ ഇടിയുമെന്നാണ് കണക്കുകൂട്ടല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT