x.com/narendramodi, x.com/realDonaldTrump
News & Views

കുര്‍ദിസ്ഥാന്‍ ക്രൂഡ് 'ഒഴുക്കാന്‍' ഇറാഖ്; ഇന്ത്യയ്ക്ക് അനുഗ്രഹം, ഒപെകിന് ആശങ്ക!

ട്രംപിന്റെ വരവിനുശേഷം വ്യാപാരയുദ്ധം കൊടുമ്പിരി കൊണ്ടിട്ടും എണ്ണവിലയില്‍ ഇടിവ് തുടരുകയാണ്‌

Lijo MG

അധികാരമേറ്റതു മുതല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കലിപ്പിലാണ്. സകല രാജ്യങ്ങളോടും വ്യാപാര യുദ്ധം പ്രഖ്യാപിക്കുന്നു. ഇതുവരെ നിലനിന്നു പോന്നിരുന്ന ലോകസമവാക്യങ്ങള്‍ മൊത്തം മാറ്റിയെഴുതുന്നു. യൂറോപ്പിനോട് അകന്നു ദീര്‍ഘകാല ശത്രുക്കളായിരുന്നു റഷ്യയോട് അടുക്കുന്നു. ഇന്ത്യയെ കൈ അകലത്തു നിര്‍ത്താന്‍ പാടുപെടുന്നു. ചൈനയ്ക്കും കാനഡയ്ക്കും മേല്‍ നികുതിക്കുമേല്‍ നികുതി ചുമത്തി വീര്‍പ്പുമുട്ടിക്കാന്‍ ശ്രമം തുടരുന്നു.

ഇത്രയൊക്കെ സംഭവിക്കുമ്പോള്‍ സാധാരണഗതിയില്‍ ലോകവിപണിയില്‍ ക്രൂഡ്ഓയില്‍ വില കുതിക്കേണ്ടതാണ്. ഇത്തവണ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല താഴേക്കാണ് എണ്ണവിലയുടെ പോക്ക്. എല്ലാത്തിനും കാരണം ഒന്നുമാത്രം, ആഗോള തലത്തില്‍ വളര്‍ച്ച പോരാ, മാന്ദ്യ സമാനമായ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ചൈനീസ് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുമ്പോഴും അവിടെ നിന്നുള്ള എണ്ണ ഉപഭോഗത്തില്‍ വര്‍ധനയില്ല. ചൈനീസ് നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ കൂടിയതിന്റെ ഫലമാകാം ഈ പ്രവണതയെന്ന നിഗമനങ്ങള്‍ വരുന്നുണ്ട്. അങ്ങനെയെങ്കില്‍ എണ്ണ ഡിമാന്‍ഡ് ഭാവിയിലും ഇതേ തലത്തില്‍ തന്നെ നില്‍ക്കും.

ഉപരോധം കടന്ന് റഷ്യന്‍ എണ്ണ

ഒപെക് പ്ലസ് രാജ്യങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി എണ്ണ ഉത്പാദനം നിജപ്പെടുത്തിയിരിക്കുകയാണ്. ഡിമാന്‍ഡ് ഉയരാത്തതാണ് കാരണം. അംഗരാജ്യങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം ഇക്കാര്യത്തിലുണ്ട്. കൂടുതല്‍ എണ്ണ വിപണിയിലെത്തിയാല്‍ വില ഇനിയും താഴുമെന്നതാണ് കാരണം. ഒപെക് നിയന്ത്രണത്തിലും എണ്ണവില ഉയരാത്തിന് ഒരു കാരണമായി പറഞ്ഞിരുന്നത് റഷ്യയുടെ ഇടപെടലായിരുന്നു.

യുക്രെയ്‌ന് യുദ്ധത്തോടെ റഷ്യന്‍ എണ്ണയ്ക്ക് യൂറോപ്പില്‍ വിലക്ക് വന്നു. എങ്കിലും ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അവര്‍ കയറ്റിയയച്ചു. റഷ്യയ്ക്കു മേലുള്ള ഉപരോധം പൂര്‍ണ അര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ എണ്ണവില 100 ഡോളറിന് മുകളിലായേനെ. അതുണ്ടായില്ലെന്ന് മാത്രമല്ല വിപണിയില്‍ എണ്ണ ലഭ്യത കൂടുകയും ചെയ്തു.

റഷ്യന്‍ എണ്ണ കൊണ്ടുപോകുന്ന കപ്പലുകള്‍ക്ക് യു.എസ് ഉപരോധം കടുപ്പിച്ചെങ്കിലും ഇത് എത്രത്തോളം നടപ്പിലായെന്ന് കണ്ടറിയണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഏറ്റവും വലിയ സുഹൃത്താണ് ഡൊണാള്‍ഡ് ട്രംപ് എന്നതു തന്നെ കാരണം. ഒരുവശത്ത് ഉപരോധവും മറുവശത്ത് റഷ്യയ്ക്ക് കൈകൊടുക്കുകയുമാണ് ട്രംപ് ചെയ്യുന്നത്.

കുര്‍ദിഷ് എണ്ണ വരുന്നു

ഇറാഖിലെ സ്വയംഭരണാധികാര മേഖലയായ കുര്‍ദിസ്ഥാനില്‍ നിന്നുള്ള ക്രൂഡ് വരുംദിവസങ്ങളില്‍ വിപണിയിലേക്ക് എത്തിക്കുമെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖ്-തുര്‍ക്കി പൈപ്പ്‌ലൈന്‍ വഴിയാകും എണ്ണ വിതരണം. പ്രതിദിനം 1,85,000 ബാരല്‍ എണ്ണ ഇത്തരത്തില്‍ വിപണിയിലെത്തിക്കുമെന്നാണ് ഇറാഖ് പറയുന്നത്. ഈ എണ്ണകൂടി വരുന്നതോടെ അന്താരാഷ്ട്ര എണ്ണവില ഇനിയും താഴെപോകുമെന്നാണ് വിലയിരുത്തല്‍.

ഇറാഖിന്റെ നീക്കത്തെ ഒപെക് പ്ലസും ഗൗരവമായി വീക്ഷിക്കുന്നുണ്ട്. ഇറാഖിന് ഒരുദിവസം വിതരണം ചെയ്യാവുന്ന എണ്ണയ്ക്ക് പരിധിയുണ്ട്. ഈ നിയന്ത്രണം കഴിഞ്ഞ് കൂടുതല്‍ എണ്ണവിറ്റാല്‍ ക്രൂഡ് വില 60 ഡോളറിലേക്ക് എത്തപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയെ പോലെ എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഗുണകരമാകും. നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 72 ഡോളറിനടുത്താണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT