Saudi visa restrictions Image Courtesy: Canva
News & Views

വിസ വിലക്കുമായി സൗദി അറേബ്യ; ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങള്‍ക്ക് ബാധകം; വിലക്ക് ആര്‍ക്കെല്ലാം?

അനധികൃത തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി സൗദി സര്‍ക്കാര്‍

Dhanam News Desk

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വിസ വിലക്കുകള്‍ പ്രാബല്യത്തില്‍. ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചില വിഭാഗങ്ങളിലാണ് താല്‍കാലിക വിലക്കുള്ളത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപിയ, ടുണീഷ്യ, യെമന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് ബാധകം. വിലക്ക് ജൂണ്‍ പകുതി വരെ തുടരും. ഇത്തവണ അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ കര്‍ശനമായി നിരോധിക്കാനാണ് സൗദി സര്‍ക്കാരിന്റെ തീരുമാനം.

ഈ വിഭാഗക്കാര്‍ക്ക് വിസ കിട്ടില്ല

പ്രധാനമായും മൂന്നു വിഭാഗങ്ങളിലാണ് സൗദി അറേബ്യ വിസ താല്‍കാലികമായി നിര്‍ത്തുന്നത്. ഉംറ, ബിസിനസ്, ഫാമിലി വിസകള്‍ എന്നിവ അടുത്ത മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കും. അതേസമയം, ജോലിക്കാരുടെ റെസിഡന്‍സ് വിസ, ഡിപ്ലോമാറ്റിക് വിസ, ഹജ്ജ് വിസ എന്നിവയെ ഈ വിലക്ക് ബാധിക്കില്ല.

തീരുമാനത്തിന് പിന്നില്‍

അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാനത്തുന്നവരെ തടയുകയെന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം. ഹജ്ജിന് സൗദി സര്‍ക്കാര്‍ ക്വാട്ട സംവിധാനമാണ് നടപ്പാക്കി വരുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ക്വാട്ട പ്രകാരം എത്തുന്നവര്‍ക്കാണ് തീര്‍ത്ഥാടനത്തിന് അനുമതി.

എന്നാല്‍ ഹജ്ജ് വിസയില്‍ അല്ലാതെ സൗദിയില്‍ എത്തുന്നവര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ എത്തുന്നത് മക്കയിലും മദീനയിലും വലിയ തിരക്കാണ് സൃഷ്ടിക്കുന്നത്. 2024 ല്‍ തിക്കിലും തിരക്കിലും പെട്ട് 1,200 തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു

ഉംറ വിസയിലും ഫാമിലി വിസയിലും എത്തുന്നവര്‍ അനധികൃതമായി ഹജ്ജ് നിര്‍വ്വഹിക്കുന്നത് സര്‍ക്കാരിന്റെ കണക്കുകളെ അട്ടിമറിക്കുന്നു. ഇത് സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ഹജ്ജിന് രണ്ട് മാസം മുമ്പ് സാധാരണയായി ഉംറ വിസ അനുവദിക്കുന്നത് സൗദി സര്‍ക്കാര്‍ നിര്‍ത്തിവെക്കാറുണ്ട്. ഈ വര്‍ഷം ജൂണ്‍ ആറിനാണ് ഹജ്ജ് തീര്‍ത്ഥാടനം. തീര്‍ത്ഥാടകരുടെ തിരിച്ചു പോക്ക് അവസാനിക്കുന്നതോടെ ഉംറ, ഫാമിലി,ബിസിനസ് വിസകള്‍ പുനരാരംഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT