Image Courtesy: Canva 
News & Views

28 ദിവസമല്ല ഒരു മാസം 30 ദിവസം! മൊബൈല്‍ കമ്പനികളുടെ റീചാര്‍ജ് പ്ലാനില്‍ പിടിമുറുക്കാന്‍ ട്രായ്

മൊബൈല്‍ കമ്പനികളുടെ നടപടിക്കെതിരേ പ്രതിഷേധം കനത്തതോടെ കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Dhanam News Desk

ബിഎസ്എന്‍എല്‍ ഒഴികെയുള്ള മൊബൈല്‍ സേവനദാതാക്കള്‍ റീചാര്‍ജ് പ്ലാനുകളില്‍ വിവേചനം കാണിക്കുന്നുവെന്ന പരാതിയില്‍ നടപടി കടുപ്പിച്ച് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. ഒരു മാസ പ്ലാന്‍ വെറും 28 ദിവസം മാത്രമാക്കി നല്കുന്നതിനെതിരേ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തെ കാലാവധിയില്‍ നോക്കുമ്പോള്‍ ഉപയോക്താക്കള്‍ 13 മാസം റീചാര്‍ജ് ചെയ്യേണ്ട അവസ്ഥയാണുള്ളത്.

മൊബൈല്‍ കമ്പനികളുടെ നടപടിക്കെതിരേ പ്രതിഷേധം കനത്തതോടെ കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മൊബൈല്‍ സേവനദാതാക്കളോട് ട്രായ് വിഷയത്തില്‍ വിശദീകരണം തേടിയെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ കമ്പനികള്‍ 30 ദിവസത്തെ പ്ലാനുകള്‍ നല്‍കുന്നുണ്ടെങ്കിലും, 28 ദിവസത്തെ പ്ലാനുകളാണ് വിപണിയില്‍ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നത്. ജിയോ, എയര്‍ടെല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ 319 രൂപയ്ക്ക് ഒരു കലണ്ടര്‍ മാസം വാലിഡിറ്റിയുള്ള പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം ഉപയോക്താക്കളും ഇപ്പോഴും 299 രൂപയുടെ 28 ദിവസത്തെ പ്ലാനുകളെയാണ് ആശ്രയിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് നേട്ടമാകുമോ?

ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകള്‍ ലഭ്യമാക്കണമെന്ന് ട്രായ് നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു. റീചാര്‍ജ് കാലാവധി കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ഇന്‍കമിംഗ് കോളുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എന്നാല്‍ ഒരു നമ്പര്‍ സജീവമായി നിലനിര്‍ത്താന്‍ കമ്പനികള്‍ക്ക് അധികച്ചെലവ് വരുന്നുണ്ടെന്നും നമ്പറുകളുടെ ലഭ്യതക്കുറവുണ്ടെന്നും വിവിധ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രായ് നിലപാട് കടുപ്പിച്ചാല്‍ മൊബൈല്‍ കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ അവതരിപ്പിക്കേണ്ടി വരും. 28 ദിവസം മാത്രമുള്ള പ്ലാനുകള്‍ ഒഴിവാക്കി ഒരു മാസം പൂര്‍ണമായി പ്ലാന്‍ നല്‌കേണ്ടതായും വരും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നത് സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT