Image courtesy: Canva 
News & Views

ഇത്തവണത്തെ കേന്ദ്ര ബജറ്റ് മിഡിൽ ക്ലാസിനെ നിരാശപ്പെടുത്തിയേക്കാം; എന്തുകൊണ്ട്?

ശമ്പളക്കാരും ഇടത്തരക്കാരുമായ നികുതിദായകരും 2026-ലെ പൊതുബജറ്റിൽ കൂടുതൽ ഇളവുകൾക്ക് കാതോർത്തിരിപ്പുണ്ട്. എന്നാൽ കാര്യമായ നികുതി ഇളവൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്.

Dhanam News Desk

രാജ്യത്തിന്റെ നട്ടെല്ലെന്നാണ് ഇന്ത്യയിലെ മിഡിൽ ക്ലാസ് വിഭാ​ഗത്തെ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ രം​ഗങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ളവരായതിനാൽ സർക്കാ‌രിന്റെ ഭരണനയങ്ങളെ പരുവപ്പെടുത്തുന്നതിൽ നിർണായക സമ്മർദം ചെലുത്തുന്ന ഒരു പ്രഷർ ​ഗ്രൂപ്പ് എന്ന നിലയിലും രാജ്യത്തെ മിഡിൽ ക്ലാസ് വിഭാ​ഗത്തിന് പ്രാധാന്യമുണ്ട്.

ഈയൊരു സാഹചര്യത്തിലാണ് രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന 2026-ലെ പൊതുബജറ്റിൽ, ശമ്പളക്കാരും ഇടത്തരക്കാരുമായ നികുതിദായകരും കൂടുതൽ ഇളവുകൾക്ക് കാതോർത്തിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ സമ്മർദവും നിത്യേന വർധിക്കുന്ന ജീവിതച്ചെലവും ഉയർന്നു നിൽക്കുന്ന പലിശ നിരക്കും കാരണം വമ്പൻ നികുതി ആനുകൂല്യങ്ങൾ‌ സർക്കാർ അനുവദിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2026-27ലേക്കുള്ള പൊതുബജറ്റിൽ കാര്യമായ നികുതി ഇളവുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഒരുവിഭാ​ഗം സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്.

എന്തുകൊണ്ട് വൻ നികുതി ഇളവ് ഉണ്ടായേക്കില്ല?

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പൊതു ബജറ്റുകളിലൂടെ രാജ്യത്തെ നികുതി നിയമങ്ങളെ പൊളിച്ചെഴുന്ന വമ്പൻ പരിഷ്കാരങ്ങൾ പ്രാബല്യത്തിലായിട്ടുണ്ട്. കോർപറേറ്റ് ടാക്സ് 25 ശതമാനമാക്കിയും കുറഞ്ഞ നികുതി നിരക്കുകളോടെയുള്ള പുതിയ ആദായ നികുതി സമ്പ്രദായം അവതരിപ്പിച്ചും ഉയർന്ന റിബേറ്റ് ആനുകൂല്യങ്ങൾ നൽകിയും ആദായ നികുതി നിയമങ്ങൾ ലളിതമാക്കിയും വലിയ തോതിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് ഇതിനകം നടപ്പിലാക്കിയിട്ടുള്ളത്.

ഇവയെല്ലാം താത്കാലിക ആശ്വാസ നടപടികൾ എന്നതിനേക്കാൾ, മിഡിൽ ക്ലാസ് വിഭാ​ഗത്തിന്റെ ആവശ്യങ്ങളെ പരി​ഗണിച്ചുകൊണ്ട് ദീർഘകാല ​ഗുണഫലം നൽകുന്ന പരിഷ്കാര നടപടികളെന്ന നിലയിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. അതിനാൽ ഇത്തവണ വമ്പൻ നികുതി ഇളവുകൾ നൽകുന്നതിനേക്കാൾ ഉപരിയായി കൂടുതൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും ആ​ഗോള തലത്തിൽ വ്യാപാര യുദ്ധവും ജിയോപൊളിറ്റിക്കൽ അനിശ്ചിതത്തങ്ങളും നിലനിൽക്കുന്നതിനാൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് സ്ഥിരതയേകുന്ന നടപടികൾക്കാകും കേന്ദ്ര സർക്കാർ മുൻതൂക്കം നൽകുകയെന്നാണ് നികുതി വിദ​ഗ്ധർ സൂചിപ്പിക്കുന്നത്.

അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി നികുതി ഏകീകരണത്തിലൂടെ 48,000 കോടി രൂപയുടെ വരുമാന നഷ്ടം പ്രതീക്ഷിക്കുന്നതും ഇൻഫ്രാസ്ട്രക്ചർ, ഡിഫൻസ്, വെൽഫെയർ സ്കീമുകളിലും സർക്കാരിന്റെ മൂലധന ചെലവിടൽ ഉയർന്ന തോതിൽ തുടരുന്നതിനാലും മുൻകാല കടങ്ങളുടെ തിരിച്ചടവും ഒക്കെയായി കൈവശമുള്ള ധനവിഭവങ്ങളുടെ ഏറിയപങ്കും ഇതിലേക്ക് വകയിരുത്തേണ്ടതുമാണ് ഇതിനുള്ള കാരണങ്ങളെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പകരമെന്ത് പ്രതീക്ഷിക്കാം?

സമീപകാലത്തെ ബജറ്റുകളിൽ ഉണ്ടായതുപോലെയുള്ള വമ്പൻ നികുതി ഇളവുകൾ 2026-ലെ ബജറ്റിൽ ഉണ്ടാകാൻ സാധ്യതയില്ല. എന്നിരുന്നാലും തെരഞ്ഞെടുത്ത മേഖലകളിൽ ബാധകമായിട്ടുള്ള ഏതാനും സർചാർജുകളിൽ അുവദിക്കാവുന്ന ആനുകൂല്യങ്ങളും നികുതി പരിധിയിൽ പണപ്പെരുപ്പത്തിന് ആനുപാതികമായി വരുത്താവുന്ന ചില മാറ്റങ്ങളും ശമ്പളക്കാരുടെ ആദായ നികുതി ഫയലിങ് ലളിതവത്കരിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ചുരുക്കത്തിൽ ആ​ഗോള തലത്തിൽ അനിശ്ചിതത്വ നിഴലിക്കുന്ന വേളയിൽ സർക്കാരിന് വൻ സാമ്പത്തികഭാരം ഏൽപ്പിക്കാത്ത ആശ്വാസ നടപടികൾ പ്രതീക്ഷിച്ചാൽ മതിയെന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ സൂചിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT